ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി നഗരസഭയില്‍ ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയിരിക്കയാണ് ആസാമിന്റെ മകളായ മുന്മി. നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് ആസാം സ്വദേശിയായ മുന്മി മത്സരിക്കുന്നത്.
ചെങ്കല്‍പ്പണ തൊഴിലാളിയായ സജേഷ് എന്ന കെ.എന്‍. ഷാജിയെ ഏഴ് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് ആസാമിലെ ലോഹാന്‍പൂര്‍ ജില്ലയിലുള്ള ബോഗിനടി ഗ്രാമത്തില്‍ നിന്നും മുന്മി ഇരിട്ടിയിലെത്തുന്നത്. ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു വാടക വീട്ടിലാണ് സജേഷും മുന്‍മിയും മക്കളായ സാധികയും ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. നമ്പര്‍ തെറ്റിയെത്തിയ ഒരു ഫോണ്‍ വിളിയാണ് ഇവരുടെ വിവാഹത്തില്‍ കലാശിച്ചതെന്ന് മുന്മി പറഞ്ഞു. ചെങ്കല്‍പ്പണയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെ സജേഷ് വിളിച്ചത് നമ്പര്‍ തെറ്റി മുന്‍മിയുടെ ഫോണിലെത്തുകയായിരുന്നു. നന്നായി ഹിന്ദി സംസാരിക്കാന്‍ അറിയുന്ന ആളായിരുന്നു സജേഷ്. അതുകൊണ്ടുതന്നെ ഈ വിളി ഒരു പ്രണയത്തിന്റെ തുടക്കമായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരിട്ടി കീഴൂരിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടന്നു.
പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമായിരുന്നു തന്റേതെന്ന് മുന്മി പറഞ്ഞു. അച്ഛന് ലീലാ ഗൊഗോയിയും അമ്മ ഭവാനി ഗൊഗോയിയും കോണ്ഗ്രസ്സുകാര് ആയിരുന്നു. എന്നാല്‍, ഇന്ന് ആസാം അടിമുടി മാറിയെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ആസാമിലെങ്ങും വന്‍ വികസനം വന്നതോടെ തന്റെ കുടുംബവും മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നും വ്യക്തമായ മലയാളത്തില്‍ മുന്മി പറഞ്ഞു. മലയാളം എഴുതാനും വായിക്കാനും കഴിയാത്തതാണ് പ്രയാസമെന്നും അതുകൂടി സായത്തമാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് താനെന്നും മുന്മി പറഞ്ഞു.
താന്‍ ജയിക്കാന്‍വേണ്ടി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. അതിനായി ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ തനിക്കാവും. ജയിച്ചു വന്നാല്‍ മോദി സര്‍ക്കാരിന്റെ എല്ലാ വികസന നയങ്ങളും വിവിധ പദ്ധതികളും നാട്ടിലെത്തിക്കാന്‍ ശ്രമിക്കും. കേരളത്തില്‍ എത്തിയപ്പോള്‍ ആദ്യം ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. പരസ്പരം മത്സരിച്ചു കടിച്ചു കീറുന്ന ഇവിടുത്തെ രാഷ്ട്രീയവും അതിനൊപ്പം കൊലപാതകങ്ങളും മനസ്സിനെ അസ്വസ്ഥ പെടുത്തിയിരുന്നു. പരസ്പര ബഹുമാനത്തിലും സഹോദര്യത്തിലും ആസാം ജനത ഇതിലും എത്രയോ ഭേദമാണെന്ന് അന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ താമസിക്കുന്ന പ്രദേശത്തുള്ളവരുടെ സ്നേഹവും ബഹുമാനവും എനിക്ക് ധാരാളം ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഈ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് ഇവിടെ മത്സരിക്കാന്‍ തയാറായതെന്നും മുന്മി ഷാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: