കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സീറ്റ് വിഭജനത്തില്‍ സിപിഎമ്മിനെ വിഴുങ്ങി കേരള കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ വീതംവയ്പ്പിലും സിപിഎമ്മിന്റെ തുല്യ പ്രാധാന്യം ജോസിന് ലഭിച്ചു.
ജില്ലാ പഞ്ചായത്തില്‍ ഒന്‍പത് ഡിവിഷനുകളില്‍ വീതം സിപിഎമ്മും, കേരള കോണ്‍ഗ്രസും മത്സരിക്കും. നാലു സീറ്റുകളില്‍ മാത്രമാണ് സിപിഐ മത്സരിക്കുന്നത്. പാല നഗരസഭയിലാണ് സിപിഎം നേതൃത്വം പൂര്‍ണ്ണമായും ജോസിന് കീഴടങ്ങിയത്. നഗരസഭയില്‍ ആകെയുള്ള 26 സീറ്റുകളില്‍ 16ല്‍ ജോസും, ആറു സീറ്റുകളില്‍ സിപിഎമ്മും, മൂന്നിടത്ത് സിപിഐയും, എന്‍സിപി ഒന്നിലുമാണ് മത്സരിക്കുന്നത്. ജോസിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ വിട്ടുവീഴ്ചയ്ക്കെതിരെ സിപിഎം ജില്ലാ ഘടകത്തില്‍ വലിയ പ്രതിഷേധമാണുയരുന്നത്.
എല്‍ഡിഎഫിനുള്ളിലും പോര് രൂക്ഷം. ജോസിന് കൂടുതല്‍ സീറ്റ് വിട്ടുകൊടുത്ത നടപടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത് സിപിഐ ആണ്. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് പല അജണ്ടകളുമുണ്ടാകും. അത് മുന്നണിക്കുള്ളില്‍ നടപ്പാക്കാന്‍ ശ്രമിക്കേണ്ടന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. സിപിഎം അണികളിലും വലിയ അമര്‍ഷമുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നുവെന്നാണ് സിപിഎമ്മിലെ വിമത വിഭാഗത്തിന്റെ ആക്ഷേപം. ഗ്രാമപഞ്ചായത്തുകളുടെ സീറ്റ് വിഭജനത്തിലും മുന്നണിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നത് ജോസ് വിഭാഗത്തിനാണ്. സിപിഐയെ മൂന്നാം പാര്‍ട്ടിയായാണ് സിപിഎം ഭൂരിപക്ഷം പഞ്ചായത്തുകളിലും പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: