പീരുമേട്: ഉത്പാദനം കൂടിയതോടെ വെണ്ടക്കയുടെ വില കുത്തനെ ഇടിഞ്ഞു, ദുരിതത്തിലായ കര്‍ഷകര്‍. കിലോയ്ക്ക് ഒരു രൂപയാണ് കഴിഞ്ഞ രണ്ട് ദിവസമായി വെണ്ടക്കയ്ക്ക് വിലയായി ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് കൂലി നല്കാന് പോലും സാധിക്കാത്തതിനാല്‍ ലോഡ് കണക്കിന് വെണ്ടക്ക കര്‍ഷകര്‍ ചുവടോടെ പറിച്ച് കനാലില്‍ തള്ളി.
തേനി ജില്ലയിലെ ഉപ്പുകോട്ടൈ, കഴയന്നൂര്, പാലാര്പെട്ടി, കുണ്ടര്നായക്കര്പെട്ടി, ദുരൈസ്വാമിപുരം എന്നിവിടങ്ങളിലാണ് പച്ചക്കറി കൃഷി അധികമായുള്ളത്. ക്യാബേജ്, ബീറ്റ്റൂട്ട്, കത്രിക, ഉള്ളി, വെണ്ടക്ക എന്നിവയാണ് ഇവിടങ്ങളില്‍ പ്രധാനമായും കൃഷിയിറക്കുന്നത്. ഉപ്പുകോട്ടൈ ഭാഗത്താണ് അധികമായും വെണ്ടയ്ക്ക കൃഷിയുള്ളത്.
കാലാവസ്ഥ അനിയോജ്യമായതിനാല് ഇത്തവണ ഉത്പാദനം കൂടുകയായിരുന്നു. കൊറോണ പ്രതിസന്ധി തുടരുന്നതിനാല്‍ വെണ്ടയ്ക്കയുടെ വിപണിയും കുറവാണ്. ഇതോടെ കഴിഞ്ഞ ആഴ്ച വരെ 5-10 രൂപ വരെയുണ്ടായിരുന്ന വെണ്ടയ്ക്കയുടെ വില 1 രൂപയായി. ഈ വിലയ്ക്ക് സ്ഥലത്തെത്തുന്ന വ്യാപാരികള്‍ക്ക് വെണ്ടക്ക പറിച്ച് നല്കിയാല് തൊഴിലാളികള്‍ക്കുള്ള കൂലി നല്കാന് പോലും ആകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ ഇവയെല്ലാം ട്രാക്ടര്‍ ഉപയോഗിച്ച് പറിച്ചെടുത്ത ടിപ്പര്‍ ലോറികളിലാക്കി മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന കനാലിനോട് ചേര്‍ന്ന് തള്ളുകയാണിപ്പോള്‍. 2-3 മാസത്തേക്കാണ് സാധാരണ ഇവിടെ കൃഷികളിറക്കുക. വെണ്ടക്ക പറിയ്ക്കാതെ നിന്നാല്‍ പുതിയ വിള ഇറക്കാനുമാകില്ല.
ഇതാണ് നഷ്ടം സഹിച്ചും ഇവ പറിച്ച് കളയാന്‍ കര്‍ഷകര്‍ തീരുമാനിക്കാന്‍ കാരണം. അതേ സമയം കിലോ മീറ്ററുകള്‍ മാത്രം ദൂരത്തുള്ള വണ്ടിപ്പെരിയാറില്‍ വെണ്ടയ്ക്കയുടെ വില 24-26 രൂപയും തൊടുപുഴയില്‍ 20-30 രൂപ വരെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: