ന്യൂദല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തില്‍ പാക്കിസ്ഥാന് നടത്തുന്നത് അപ്രഖ്യാപിത യുദ്ധമെന്ന് രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ.രാജ്യത്തേയ്ക്ക് ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ എല്ലാ വിധ സഹായങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണ്. ജമ്മുകശ്മീരില്‍ മനപ്പൂര്‍വ്വം പാക്കിസ്ഥാന് അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ കുറ്റപ്പെടുത്തി.
ജമ്മു കശ്മിര് നഗറോട്ടയില്‍ കഴിഞ്ഞ ദിവസം നാല് ഭീകരര്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കവേയാണ് അനുരാഗ് ശ്രീവാസ്തവ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
കാലങ്ങളായി ജമ്മു കശ്മീരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് പാക് ഭരണകൂടമാണ്. ഭീകരര്‍ക്ക് ഇവര്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇത് അടിക്കടി തെളിയുന്നുണ്ട്. 2003ലെ വെടിനിര്‍ത്തല്‍ കരാറുകളെല്ലാം ലംഘിക്കുന്നതാണ് ഈ നടപടികളെന്നും ഇന്ത്യ ആരോപിച്ചു.
ജമ്മുകശ്മീര്‍ മേഖലയിലേക്ക് ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരസേനയുടെ 160 ബറ്റാലിയന്, 137 ബറ്റാലിയന്, സിആര്‍പിഎഫ് എന്നിവര്‍ക്കൊപ്പം ജമ്മു പോലീസ് വിഭാഗവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഭീകരരെ കണ്ടെത്തി ടോള്‍ ബൂത്തില്‍ ട്രക്ക് തടഞ്ഞതിനെ തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ സൈന്യം ഭീകരരെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: