സിപിഎമ്മിലെ അയ്യപ്പനും കോശിയുമാണ് പിണറായി വിജയനും തോമസ് ഐസക്കും. സച്ചി എന്ന സംവിധായകന്റെ തകര്‍ത്തോടിയ ഈ സിനിമയിലേതുപോലെ കൊണ്ടും കൊടുത്തും മുന്നേറിയ ഇരുവര്‍ക്കും ഒരുമിക്കേണ്ടിവന്നിരിക്കുന്നു. കിഫ്ബിയുടെ നിയമലംഘനങ്ങളിലേക്കും അഴിമതികളിലേക്കും വിരല്‍ചൂണ്ടുന്ന സിഎജി റിപ്പോര്‍ട്ടാണ് സിനിമയില്‍നിന്ന് വ്യത്യസ്തമായി ക്ലൈമാക്സിന് മുന്‍പുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി തോമസ് ഐസക്കിനെയും ഒന്നിപ്പിച്ചിരിക്കുന്നത്.
സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കു പുറത്തുള്ള ഐസക്കുമായി പിണറായി ഒത്തുപോയ ചരിത്രമില്ല. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ‘നാലാംലോക’ വിവാദത്തിന്റെ കാലത്ത് സാമ്രാജ്യത്വ ചാരനായി വിശേഷിപ്പിക്കപ്പെട്ട റിച്ചാര്‍ഡ് ഫ്രാങ്കിയുടെ ഉറ്റതോഴനായിരുന്ന ഐസക്കിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും ഉയര്‍ന്നതാണ്. കേരളത്തിന്റെ വിഭവ ഭൂപടം ഐസക് സാമ്രാജ്യത്വ ഏജന്‍സികള്‍ക്ക് വിറ്റു എന്നതിന്റെ വിവരങ്ങള്‍ പോലും പ്രൊഫ. എം.എന്‍. വിജയന്റെ ‘പാഠം’ മാസിക പുറത്തുവിടുകയുണ്ടായല്ലോ.
ആരൊക്കെ മന്ത്രിമാരാവണമെന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെങ്കിലും ഐസക് ധനമന്ത്രിയായെത്തിയത് പിണറായിയുടെ താല്‍പ്പര്യ പ്രകാരമല്ലെന്ന് ഏവര്‍ക്കുമറിയാവുന്നതാണ്. ഐസക്കിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പിണറായി നിര്‍ബന്ധിതനായി എന്നാണ് കേള്‍ക്കുന്നത്. ധനമന്ത്രിയെന്ന നിലയ്ക്ക് ഐസക്കില്‍ വിശ്വാസമില്ലാത്തതുകൊണ്ടായിരുന്നു ഇന്തോ-അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥിനെ പിണറായി ഉപദേഷ്ടാവാക്കിയത്. ഐഎംഎഫിന്റെ പശ്ചാത്തലമുള്ള ഗീതയെ എന്തിനുകൊണ്ടുവന്നുവെന്ന് ഐസക്കിനും നന്നായി അറിയാമായിരുന്നു. ഗീതാഗോപിനാഥിനെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴൊക്കെ പരിഹാസച്ചിരിയായിരുന്നു ഐസക്കിന്റെ പ്രതികരണം.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരില്‍ രൂപംകൊടുത്ത കിഫ്ബിയെ സാമ്രാജ്യത്വ ഏജന്‍സിയെപ്പോലെ മാറ്റിയെടുത്തത് ഐസക്കിന്റെ മിടുക്കാണ്. കിഫ്ബിയുടെ ബലത്തില്‍ ബജറ്റിനെ മറികടന്നും, ഭരണസംവിധാനത്തെ നോക്കുകുത്തിയാക്കിയും പദ്ധതികള്‍ കൊണ്ടുവരികയാണ് ഐസക് ചെയ്യുന്നത്. ഇതിന്റെ ഉള്ളറകളെക്കുറിച്ച് ഇനിയും ശരിയായി ചര്‍ച്ചകള്‍ നടന്നിട്ടില്ല. ചതിക്കുഴികള്‍ തിരിച്ചറിഞ്ഞിട്ടില്ല. തന്ത്രപരമായി സാമ്രാജ്യത്വ മൂലധനം കൈപ്പറ്റാനാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബി മസാലബോണ്ട് ഇറക്കിയത്. ഐസക് പലപ്പോഴും പറയുന്നതുപോലെ ഇത് ചെറിയ കളിയല്ല.
സര്‍ക്കാര്‍ ഗ്യാരണ്ടി നല്കിയിട്ടുള്ളതിനാലും, നികുതിപ്പണം തിരിച്ചടവിന് ഉപയോഗിക്കുന്നതുകൊണ്ടും കിഫ്ബി ഒരു സര്‍ക്കാര്‍ സംവിധാനം തന്നെയാണ്. ബോഡി കോര്‍പ്പറേറ്റാണെന്ന് ഐസക് ആവര്‍ത്തിക്കുന്നതുകൊണ്ടു മാത്രം അങ്ങനെയാവില്ല. ഇവിടെയാണ് സംസ്ഥാനം വിദേശ വായ്പയെടുക്കുന്നതിലെ ഭരണഘടനാ ലംഘനം വരുന്നത്. റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് പറയുന്നത് അര്‍ദ്ധസത്യം മാത്രമാണ്. നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. തുടര്‍നടപടികള്‍ക്ക് പ്രത്യേകം അനുമതി വേണമെന്ന് പറഞ്ഞിട്ടുള്ളതിനെക്കുറിച്ച് ഐസക് മിണ്ടുന്നില്ല.
സാമ്പത്തിക കാര്യങ്ങള്‍ അധികമൊന്നും മനസ്സിലാക്കാത്ത പിണറായിയെ ഐസക് കിഫ്ബിയുടെ വിദേശ വായ്പയില്‍ കൊണ്ടുപോയി ചാടിച്ചതാണ്. പിണറായിക്ക് ഇക്കാര്യത്തിലുള്ള താല്‍പ്പര്യം കമ്മീഷന് മാത്രമായിരിക്കും. ആഭ്യന്തരമായ സാധ്യതകള്‍ പരിശോധിക്കാതെ വിദേശ വായ്പയെടുക്കുന്നത് കിഫ്ബിയുടെ ആഗോള സ്വീകാര്യതയ്ക്കുവേണ്ടിയാണെന്ന ഐസക്കിന്റെ വാദം ഒരു പുകമറയാണ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബി രജിസ്റ്റര്‍ ചെയ്തതിലും ലിസ്റ്റു ചെയ്തതിലും വായ്പ അനുവദിച്ചതിലും മറ്റും ചൂണ്ടിക്കാണിക്കപ്പെടുന്ന ക്രമക്കേടുകള്‍ ഐസക് നിസ്സാരവല്‍ക്കരിക്കുന്നത് അപകടം ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ്.
കിഫ്ബിയുടെ വരവു ചെലവു കണക്കുകള്‍ നിയമാനുസൃതം ഓഡിറ്റിങ്ങിനു വിധേയമാണെന്നിരിക്കെ സിഎജി റിപ്പോര്‍ട്ടിനെതിരെ ഐസക് ഉറഞ്ഞുതുള്ളുന്നതില്‍ പല രഹസ്യങ്ങളുമുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതിനെക്കുറിച്ച് താന്‍ പറയുന്നത് പച്ചക്കള്ളങ്ങളാണെന്ന് ഐസക്കിന് നല്ലതുപോലെ അറിയാം. സിഎജിയുടെ കണ്ടെത്തലുകള്‍ നിയമസഭയിലാണ് വെളിപ്പെടുന്നതെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് രഹസ്യസ്വഭാവമുള്ള അന്തിമ റിപ്പോര്‍ട്ടാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പരസ്യപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സിഎജി അല്ല, ധനമന്ത്രിയാണ് ഏകപക്ഷീയമായി പെരുമാറിയിട്ടുള്ളത്. സിഎജി മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയെന്നാണ് ഐസക് ആക്ഷേപിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് വാര്‍ത്ത വന്നതിലും ഐസക്കിന്റെ കയ്യുണ്ടാവും.
സ്വര്‍ണക്കടത്തിനെക്കുറിച്ചും ലൈഫ് മിഷനെക്കുറിച്ചും മയക്കുമരുന്നു ഇടപാടിനെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനാണെന്ന് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയന് പറയുന്നതിന്റെ ചുവടുപിടിച്ചാണ് കിഫ്ബിയെ ഇല്ലാതാക്കി വികസനത്തെ അട്ടിമറിക്കാനാണ് സിഎജി ശ്രമിക്കുന്നതെന്ന് ഐസക് വാദിക്കുന്നത്. കിഫ്ബിയുടെ നിയമലംഘനത്തെക്കുറിച്ച് സ്വദേശി ജാഗരണ്‍ മഞ്ച് അധ്യക്ഷന്‍ രഞ്ജിത്ത് കാര്ത്തികേയന് ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ ദല്‍ഹി ആസ്ഥാനമായുള്ള നിയമ കേന്ദ്രത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്നാടന് ഹാജരാകുന്നതിനെ ഐസക് വിമര്‍ശിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. രഞ്ജിത് കാര്ത്തികേയന് തൃശൂര്‍ രാമനിലയത്തില്‍ ബിജെപി നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ ഐസക് ആരോപിക്കുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ട്. രണ്ട് ഘട്ടങ്ങളിലായി 35 വര്‍ഷം നിലനിന്ന ത്രിപുരയിലെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റിയവരില്‍ ഒരാളാണ് രാം മാധവ്. കേരളത്തിലും ത്രിപുര ആവര്‍ത്തിക്കാന്‍ പോവുകയാണെന്ന് വരുത്തി സിപിഎമ്മില്‍ സ്വീകാര്യനാവുകയെന്നതാണ് ഐസക്കിന്റെ തന്ത്രം.
സിഎജിക്കെതിരായ വാര്‍ത്താ സമ്മേളനത്തില്‍ ഐസക് ലാവ്ലിന് അഴിമതിക്കേസും പരാമര്‍ശിച്ചിരുന്നു. ഇതുപോലൊരു സിഎജി റിപ്പോര്‍ട്ടാണ് ലാവ്ലിന് കേസിന്റെയും തുടക്കമെന്നാണ് പറഞ്ഞത്. പിണറായി വിജയനുള്ള മുന്നറിയിപ്പായിരുന്നു ഇതെന്ന് പിറ്റേദിവസം തന്നെ തെളിഞ്ഞു. ഐസക്കിന്റെ വാദഗതികള്‍ തന്നെ മുഖ്യമന്ത്രിയില്‍നിന്ന് ആക്രോശങ്ങളായി പുറത്തുവന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ലാവ്ലിന് കേസില്‍ അറിയപ്പെടാത്ത രഹസ്യങ്ങള്‍ ഇനിയുമുണ്ട്. അതില്‍ പലതും ഐസക്കിനറിയാം. ഇവിടെ വന്ന് കള്ളത്തരം കാണിച്ചെങ്കിലും ലാവ്ലിന് നല്ല കമ്പനിയാണെന്ന് ഐസക് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് പിണറായി ശ്രദ്ധിച്ചിട്ടുണ്ടാവും. കിഫ്ബിക്കുവേണ്ടി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മസാല ബോണ്ടില്‍ പണം നിക്ഷേപിച്ചിട്ടുള്ളത് ലാവ്ലിന്റെ ഉപകമ്പനിയായ സിഡിപിക്യൂ ആയത് ഒട്ടും സ്വാഭാവികമല്ല. വി.എസ്. അച്യുതാനന്ദന് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയാണിത്. ഒരര്‍ത്ഥത്തില്‍ ഐസക്കിന്റെ ലാവ്ലിനാണ് കിഫ്ബിയുടെ മസാല ബോണ്ട്. ഇതിന് ഒത്താശ ചെയ്യാതെ തല്ക്കാലം പിണറായിക്ക് മറ്റ് മാര്‍ഗങ്ങളില്ല. കുടുങ്ങിപ്പോയിരിക്കുന്നു.
സിപിഎമ്മിലെയും സര്‍ക്കാരിലെയും കറുത്ത ആടാണ് തോമസ് ഐസക്. കൗശലക്കാരനായ ഈ രാഷ്ട്രീയക്കാരന്റെ അജണ്ട സംസ്ഥാനത്തിന്റെ ഉത്തമ താല്‍പ്പര്യം സംരക്ഷിക്കാനുള്ളതല്ല. സിഐഎ ചാരന് റിച്ചാര്‍ഡ് ഫ്രാങ്കിയുമായുള്ള ചങ്ങാത്തം വിവാദമായപ്പോള്‍ വിമോചന സമരത്തെക്കുറിച്ച് സിഐഎക്കെതിരെ പുസ്തകമെഴുതി നല്ലപിള്ള ചമഞ്ഞതുപോലുള്ള തന്ത്രമാണ് കിഫ്ബിയുടെ കാര്യത്തിലും ഐസക് പ്രയോഗിക്കുന്നത്. ഒരു ചട്ടലംഘനത്തിന്റെ പ്രശ്നം മാത്രമല്ല ഇതിലുള്ളത്. രാഷ്ട്രീയ നേതാവിനും മന്ത്രിക്കുമപ്പുറം ഐസക് ആരെന്നറിയണം. അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കപ്പെടണം. എങ്കില്‍ മാത്രമേ ചങ്ങാത്ത മുതലാളിത്തത്തിന്റെ ദല്ലാളായ ഈ കപട കമ്യൂണിസ്റ്റിന്റെ തനിനിറം പുറത്തു വരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: