പത്തനംതിട്ട: ശബരിമല ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ക്കും ആരോഗ്യസംരക്ഷണത്തിനുമായി ശബ്ദമുയര്‍ത്തുകയും പ്രക്ഷോഭരംഗത്തിറങ്ങുകയും ചെയ്ത ഹൈന്ദവ സംഘടനാനേതാക്കളേയും സംഘടനകളേയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അവഹേളിക്കുന്നു. ശബരിമലയെ തകര്‍ക്കാന്‍ എന്ന ലക്ഷ്യത്തോടെ വര്‍ഗീയ ശക്തികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും, പ്രാദേശിക മാധ്യമങ്ങള്‍ വഴിയും ശബരിമലക്കെതിരേ വാര്‍ത്ത പടച്ചുവിടുന്നു എന്നാണ് മന്ത്രിയുടെ ആക്ഷേപം.
ശബരിമല സന്നിധിയില്‍ നിന്നാണ് മന്ത്രി ഈ അവഹേളനം നടത്തുന്നത് എന്നതും ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ശബരിമലയ്ക്കും ഹൈന്ദവ സമൂഹത്തിനൊട്ടാകെയും എതിരെ ഉയരുന്ന എല്ലാ വെല്ലുവിളികളെയും അതിശക്തമായ പ്രക്ഷോഭം കൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച വ്യക്തികളെപ്പോലും പേരെടുത്തു പറഞ്ഞ് അവഹേളിക്കാനുള്ള മന്ത്രിയുടെ നീക്കത്തിനെതിരെ വന്‍പ്രതിഷേധം ഭക്തര്‍ക്കിടയിലുണ്ട്.
കൊവിഡ് മഹാമാരിക്കിടെ ശബരിമലയില്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് എത്തിക്കുന്നതിലെ ആശങ്ക പങ്കുവയ്ക്കുകയും, കൂട്ടമായി ദര്‍ശനത്തിന് ഭക്തര്‍ എത്തിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടാക്കാണിക്കുകയുമാണ് ഹൈന്ദവസംഘടനകള്‍ ചെയ്തത്. കാലാകാലങ്ങളായി ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ മിക്കതും ഇക്കുറി പാടില്ലെന്ന് വിലക്കിയത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ്. പമ്പയില്‍ സ്നാനം പാടില്ല. നെയ്യഭിഷേകം നടത്താനാവില്ല, പമ്പയിലോ സന്നിധാനത്തോ ഭക്തര്‍ക്ക് വിരിവച്ച് വിശ്രമിക്കാനാവില്ല തുടങ്ങിയ നിഷേധങ്ങള്‍ ഭക്തരില്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാരാണ്. ഭക്തര്‍ അയ്യപ്പസന്നിധിയില്‍ എത്തുന്നതിനായി അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ വിലക്കിയ സര്‍ക്കാര്‍, തീര്‍ത്ഥാടനം നടത്തുന്ന തീര്‍ത്ഥാടകരെ വിനോദസഞ്ചാരികളായും തീര്‍ത്ഥാടനത്തെ വിനോദയാത്രയായും കാണുകയാണ് എന്ന വിമര്‍ശനമാണ് ഹിന്ദുസംഘടനാനേതാക്കള്‍ ഉയര്‍ത്തിയത്. ഇത് ശബരിമലയെ തകര്‍ക്കാനല്ല, മറിച്ച് തീര്‍ത്ഥാടനത്തിന്റെ പവിത്രതയെ ഉയര്‍ത്തിപ്പിടിക്കാനാണ് എന്ന് ഭക്തര്‍ പറയുന്നു.
കൊവിഡ് വ്യാധിക്കിടെ കൂട്ടമായി എത്താതെ അവരവരുടെ വീടുകളെ സന്നിധാനം ആക്കിമാറ്റി ഈ മണ്ഡല-മകരവിളക്ക് ഉത്സവക്കാലം വൃതനിഷ്ഠരായി കഴിയാനാണ് ഹൈന്ദവ സംഘടനകളും നേതാക്കളും ആവശ്യപ്പെട്ടത്. കൂട്ടമായി ദീര്‍ഘയാത്ര ചെയ്യാതെ അവരവരുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനാണ് ഉപദേശിച്ചത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണം നടത്തുകയാണ് എന്ന് മന്ത്രി ആക്ഷേപിക്കുന്നത് കേവലം രാഷ്ട്രീയലക്ഷ്യം വച്ചാണ് എന്ന് വ്യക്തം.
2018ലെ തുലാമാസ പൂജാവേളയിലും മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്തും ഈ മന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് എന്തായിരുന്നു എന്ന ചോദ്യവും ഭക്തര്‍ ഉയര്‍ത്തുന്നു. നൂറ്റാണ്ടുകളായി ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ തകര്‍ക്കും എന്ന ശപഥവുമായി യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് നടത്തിയ കുത്സിതശ്രമങ്ങള്‍ മറന്നിട്ടില്ലെന്നും ഭക്തര്‍ പറയുന്നു. ഇടതു സര്‍ക്കാരിന്റെ ഈ ദുര്വാശിക്കറുതി വരുത്താന്‍ തീര്‍ത്ഥാടനക്കാലം മുഴുവന്‍ കണ്ണീരും പ്രാര്‍ത്ഥനയുമായി കേരളമൊട്ടുക്കുള്ള പാതകളില്‍ ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള ഭക്തര്‍ ഉണ്ണാവൃതമിരുന്നത് മറക്കാനാവില്ല. ഇന്നും പതിനായിരക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍ ചമച്ച കള്ളക്കേസുകളില്‍ കുടുങ്ങിക്കിടപ്പുണ്ട്. കണ്ടാലറിയാവുന്നവര്‍ എന്ന ലേബലില്‍ ആയിരങ്ങള്‍ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന ആശങ്കയിലാണ്. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് വിധേയരായവരില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുണ്ട്. ആചാരസംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ജീവന് നഷ്ടപ്പെട്ടവര്‍ വേറെ. ഇതെല്ലാം ചെയ്ത് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ആരെന്ന് അറിയാമെന്നും ഭക്തരും പ്രതികരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: