തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ സിപിഎമ്മിന്റെ നാടകമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥ പ്രകാരമാണോ ഈ നീക്കം നടത്തുന്നത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബ്ദ രേഖ പുറത്തുവിട്ടതിന് പിന്നില്‍ മുഖ്യമന്ത്രിയാണോയെന്ന് സംശയം പ്രകടിപ്പിച്ച കേന്ദ്രമന്ത്രി തെളിവുകളാണ് കേസ് അന്വേഷണത്തെ നയിക്കുന്നതെന്നും പറഞ്ഞു. അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. ലഭിച്ച തെളിവുകളാണ് അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിക്കുക. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്കും എത്തും. കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലും ഏജന്‍സികളുടെ അന്വേഷണത്തില്‍ ഇടപെടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരാള്‍ നിലവില്‍ അറസ്റ്റിലാണ്. മറ്റൊരാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കുന്നതിനായാണ് ശബ്ദരേഖ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കീഴിലാണ്. രണ്ട് മാസം മുമ്പുള്ളതാണ് ഇതെങ്കില്‍ നേരത്തെ എന്താണ് ശബ്ദരേഖ പുറത്തുവിടാതിരുന്നത്. ഇപ്പോള്‍ എന്തിനാണ് പുറത്തുവിട്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിയും അദ്ദേഹവുമായി ബന്ധമുള്ള ആളുകളും ചേര്‍ന്നാണ് മുഴുവന്‍ തട്ടിപ്പിന്റേയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ഇവര്‍ക്കെല്ലാവര്‍ക്കും തുല്യപങ്കാളിത്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടാക്കിയിട്ടുള്ള തിരക്കഥയുടെ ഭാഗമാണ് ഇത്. മുമ്പും ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം ഒന്നുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തി വരുന്ന അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ആസൂത്രിത നീക്കമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: