തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി ജമ്മു കശ്മീര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. 370ാം വകുപ്പ് ഉണ്ടായിരുന്നപ്പോള്‍ വികേന്ദ്രീകൃത ജനാധിപത്യം എന്ന ഭണഘടനയുടെ അന്തസ്സത്ത നടപ്പിലാക്കാതെയാണ് ജമ്മു കശ്മീരില്‍ ഇത്രയും നാള്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയിരുന്നത്. അതാണ് ഇപ്പോള്‍ മാറിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രദേശത്തെ സിപിഎമ്മും കോണ്‍ഗ്രസ്സും അപഹാസ്യമായിട്ടുള്ള സമീപനമാണ് നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് അവിടുത്തെ വിഘടനവാദികളോടും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരോടും സന്ധി ചെയ്യുന്ന ഒരു സമീപനമാണ് എടുത്തിരിക്കുന്നത്.
ജമ്മുകശ്മീരില്‍ 370 വകുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ചില കോണ്‍ഗ്രസ് നേതാക്കളുണ്ട്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫറൂഖ് അബ്ദുള്ളയുടേയും മെഹ്ബൂബ മുഫ്തിയുടേയും നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോള്‍ സിപിഎം. രാജ്യത്തിന്റെ ദേശീയതയ്‌ക്കുമായി ദീപവും മെഴുക് തിരിയും തെളിയിക്കുന്നവര്‍ കശ്മീരില്‍ എടുക്കുന്ന സമീപനം നാടിന്റെ അഖണ്ഡതയ്‌ക്ക് എതിരാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കണം.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനായി ജമാ അത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള സംഘടനകളുമായി കോണ്‍ഗ്രസ് ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുള്ള ചര്‍ച്ചകളും സഖ്യത്തിനുവേണ്ടി ശ്രമങ്ങളും നടത്തിയിട്ടുണ്ട്. രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു സമീപനമാണ് ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഇത് പ്രാദേശിക തലത്തിലുള്ള നീക്കുപോക്കാണെന്നാണ് കേരളത്തിലെ സഖ്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആവില്ല. വിഷയത്തിലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: