ശബരിമല: തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡിന് മണ്ഡലകാലത്തെ ആദ്യദിനങ്ങളില്‍ വരുമാനം പേരിനു മാത്രം. കഴിഞ്ഞമണ്ഡലകാലത്ത് ആദ്യ ദിവസത്തെ നടവരുമാനം 3. 32 കോടിയും രണ്ടാം ദിവസം 3.63 കോടിയുമായിരുന്നു. ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു. ഉദയാസ്തമന പൂജയും പടി പൂജയും പുനരാരംഭിച്ചതോടെയാണ് ഇത്രയെങ്കിലും പിടിച്ചുനില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിന് ആയത്.
പടിപൂജയും ഉദയാസ്തമന പൂജയും സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്നതാണ്. പടിപൂജയും ഉദയാസ്തമന പൂജയും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും നടക്കും. മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ ( മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപ്പോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.
പടിപൂജയ്‌ക്ക് 75,000 വും ഉദയാസ്തമന പൂജയ്‌ക്ക് 40,000 രൂപയുമാണ് വഴിപാട് തുക. അതേസമയം,തീര്‍ത്ഥാടകരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 5000 ആയെങ്കിലും ഉയര്‍ത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം 20,000ത്തില്‍ നിന്ന് 40,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: