ചടയമംഗലം: ഇടതു-വലതു മുന്നണികളെ വെല്ലുവിളിച്ച് കൊല്ലം ജില്ലയില്‍ ആദ്യജനപ്രതിനിധിയായി താമരചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചതിന്റെ മധുരസ്മരണകളിലാണ് ചടയമംഗലം അക്കോണം മഠത്തില്‍ വീട്ടില്‍ കെ. ശിവദാസന്‍ എന്ന എഴുപതുകാരനായ ബിജെപി നേതാവ്.
1988-1993 കാലഘട്ടത്തിലാണ് ഇദ്ദേഹം ചടയമംഗലം പഞ്ചായത്തിലേക്ക് വിജയിച്ചത്. ജില്ലയില്‍ ബിജെപി രൂപീകരണത്തിനു ശേഷം നടക്കുന്ന ആദ്യപഞ്ചായത്ത് തെരഞ്ഞെടുപ്പ്. ബിജെപി ഏറ്റവും വെറുക്കപ്പെടേണ്ടതാണെന്ന ദുഷ്പ്രചാരണവും ആക്രമണങ്ങളും ഇടതു-വലതുമുന്നണികള്‍ അഴിച്ചുവിട്ടിരിക്കുന്നതിനിടയിലാണ് ചടയമംഗലം പട്ടണം ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡില്‍ ബിജെപി ജില്ലാസംഘടനാ സെക്രട്ടറി കൂടിയായിരുന്ന ശിവദാസന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്.
ചിട്ടയായ പ്രചാരണങ്ങളിലൂടെ തൊണ്ണൂറ്റിയേഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. സിപിഎമ്മിലെ രാധാകൃഷ്ണപിള്ളയും കോണ്‍ഗ്രസിലെ രാജന്‍പിള്ളയുമായിരുന്നു എതിര്‍ കക്ഷികള്‍. മുമ്പ് ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി ചടയമംഗലം നിയോജകമണ്ഡലത്തില്‍ മത്സരിച്ച അനുഭവം കൈമുതലായിരുന്നു. ശിവദാസനു ശേഷവും ജില്ലയിലെ ആദ്യ ബിജെപി വനിതാ പ്രതിനിധി വിജയിച്ചതും ഇതേ വാര്‍ഡിലായിരുന്നു.
പഞ്ചായത്തിലെ ഫണ്ടുകുറവും അധികാരപരിമിതിയും ജനകീയാസൂത്രണപദ്ധതിയുടെ അഭാവവും പഞ്ചായത്തുകളെ ബാധിച്ചിരുന്നു. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുകളായിരുന്നു പഞ്ചായത്തിലെ നേതൃത്വം. എന്നിരുന്നാലും ടൗണ്‍വാര്‍ഡിലുടനീളം അദ്ദേഹം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലുടനീളം എത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതായി ശിവദാസന്‍ പറഞ്ഞു. പിന്നീട് ബിജെപി കൊല്ലം ജില്ലാ ജനറല്‍സെക്രട്ടറിയും ജില്ലാ അദ്ധ്യക്ഷനുമായിരുന്നു ശിവദാസന്‍.
നിലവില്‍ ബിജെപി ദേശീയ കൗണ്‍സിലംഗം കൂടിയായ ശിവദാസന്‍ ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലത്തിലെയും പഞ്ചായത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മികച്ച ശ്രദ്ധ നല്‍കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: