കൊല്ലം: ഭരണകൂട ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രചാരണവീഡിയോയുമായി കുരീപ്പുഴക്കാര്‍ രംഗത്ത്. ഫേയ്സ്ബുക്ക് വീഡിയോയിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് നാട്ടുകാര്‍.
ഇന്നലെ രാവിലെ 11ന് തല്സമയപരിപാടിയായും പിന്നീട് വീഡിയോയായും സമൂഹമാധ്യമങ്ങളില്‍ വിഷയം നിറഞ്ഞു. കുരീപ്പുഴയില്‍ കൊല്ലം കോര്പ്പറേഷന് ഭരണാധികാരികള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കക്കൂസ് മാലിന്യപ്ലാന്റ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും വീഡിയോയില്‍ നാട്ടുകാരായ സുരേഷ് തേവള്ളി, അനിഷ് കുന്നുംപുറത്ത്, ബിനു മാമൂട്ടില്‍കടവ്, ലത, സുനിത, സംഗീതാബിനു എന്നിവര്‍ വ്യക്തമാക്കുന്നു.
ഞങ്ങളോട് എന്തിനാണ് ഈ വിവേചനം. ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യത്തില്‍ ജീവന്മരണ സമരം ചെയ്ത് പൂട്ടിച്ചതാണ് ചണ്ടിഡിപ്പോ. ഇത് ഇപ്പോള്‍ തന്ത്രപൂര്‍വം തുറക്കാനും കക്കൂസ് മാലിന്യം സംസ്കരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനുമുള്ള നീക്കം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് വീഡിയോയില്‍ നാട്ടുകാരായ ആബാലവൃദ്ധം വ്യക്തമാക്കുന്നു.
കുരീപ്പുഴയുടെയും അഷ്ടമുടിക്കായലിന്റെയും ഗതകാല ചരിത്രവും ആകാശദൃശ്യത്തോടെ വിവരിച്ചുകൊണ്ടാണ് സേവ് കുരീപ്പുഴ എന്ന് പേരിട്ടിരിക്കുന്ന പ്രചരണവീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ള പോരാട്ടത്തിന്റെ വിവരണവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 144ന്റെ മറവിലുണ്ടായ പോലീസ് വേട്ടയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുരീപ്പുഴ മനുഷ്യാവകാശ-പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ജാതിമത രാഷ്ട്രീയ ഭേദമില്ലാത നാട്ടുകാര്‍ പ്രക്ഷോഭരംഗത്തുള്ളതും പരാമര്‍ശിക്കുന്നു. സമരസമിതി ഭാരവാഹികളായ സന്തോഷ് മണലില്‍, ബഷീര്‍ തുടങ്ങിയവര്‍ കൃത്യമായ സന്ദേശമാണ് പ്ലാന്റിനുള്ള നീക്കത്തിനെതിരെ വീഡിയോയില്‍ നല്‍കുന്നത്.
കുരീപ്പുഴ മാലിന്യപ്ലാന്റ് നിര്‍മാണത്തിന് എതിരെ സമരജ്വാലയുമായി നൂറുകണക്കിനുപേര്‍ തെരുവിലിറങ്ങിയുള്ള ജനകീയപ്രതിഷേധം അരങ്ങേറിയത് അഞ്ചുദിവസം മുമ്പാണ്. കുരീപ്പുഴയിലെ സമരസമിതി പ്രവര്‍ത്തകരുടെ അടക്കം നൂറുകണക്കിന് വീടുകളില്‍ മാലിന്യപ്ലാന്റിനെ അനുകൂലിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെ പ്രവേശിപ്പിക്കുന്നത് വിലക്കി പോസ്റ്ററുകള്‍ പതിച്ചു. തെരഞ്ഞെടുപ്പുകാലത്തും തങ്ങളോട് കാട്ടുന്ന വിവേചനപരമായ ഭരണപക്ഷ നിലപാടാണ് ഇതിനുകാരണമെന്ന് സമരക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: