ഇടുക്കി: അറബിക്കടലില്‍ മാലിദ്വീപിന് സമീപം ഇന്ന് ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി യമന്‍ തീരം തൊട്ടേക്കും. 22ന് ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദത്തിന് സാധ്യത. ഇരു ന്യൂനമര്‍ദങ്ങളും കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും വെള്ളിയാഴ്ച വരെ മഴ തുടരും.
അറബിക്കടലിലെ ന്യൂനമര്‍ദം രൂപപ്പെട്ടതിന് ശേഷം പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ അടുത്ത 48 മണിക്കൂര്‍ സഞ്ചരിക്കും. നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ഇത് ചുഴലിക്കാറ്റായേക്കും എന്നാണ് വിവരം.
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് വടക്ക് കിഴക്കായി 22ന് ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബീറ്റ് വെതര്‍ പറയുന്നു. 27ന് തമിഴ്നാട് തീരം തൊടാനാണ് സാധ്യത. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മദ്ധ്യകേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കന്‍ കേരളത്തില്‍ പൊതുവെ മഴ കുറയും. വടക്കന്‍ കേരളത്തില്‍ ഇടവിട്ടുള്ള മാഴയ്ക്കാണ് സാധ്യത.
വെള്ളിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും. പിന്നീട് മഴ വിട്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ കടലില്‍ പോകരുതെന്ന് കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രവും അറിയിച്ചു. മണിക്കൂറില്‍ 65 കി.മീ. വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: