അഗസ്ത്യവനത്തിന്റെ താഴ്‌വരയില്‍ ഗോത്രസംസ്‌കാര പ്രതാപവുമായി ഒരു ക്ഷേത്രമുണ്ട്. അമ്പും വില്ലും ‘കൊക്കര’ യുമായി കാണിക്കാര്‍ ചാറ്റ് പാട്ടുപാടി മുണ്ടണി മാടനെ പ്രീതിപ്പെടുത്തുന്ന ദേവസ്ഥാനം. തിരുവനന്തപുരം ജില്ലയില്‍ കുറ്റിച്ചല്‍ കോട്ടൂരിലുള്ള മുണ്ടണി(കുണ്ടണി) മാടന്‍ തമ്പുരാന്‍ കോവിലാണ് ചാറ്റുപാട്ടും കൊടുതിയും ഇഷ്ട കാര്യസാധ്യത്തിന് കുറ്റിയടിയുമായി കാട്ടിലെ അരയന്‍മാരായ കാണിക്കാര്‍ കാത്തുപോരുന്ന ഈ പുണ്യ സങ്കേതം.
അയല്‍രാജ്യമായ പാണ്ഡ്യനാട്ടില്‍ നിന്ന് മന്ത്രിയായ പണ്ടാരതമ്പുരാനും സേനാനായകന്‍ മാടനും ഒരിക്കല്‍ അഗസ്ത്യവനത്തിലൂടെ പത്മനാഭസ്വാമി ക്ഷേത്രം കാണാനെത്തി. രാത്രിയായതിനാല്‍ കാട്ടുരാജാവിന്റെ അനുമതിയോടെ പരിവാരസമേതം വനത്തില്‍ തമ്പടിച്ചു. കാട്ടുവിഭവങ്ങള്‍ നല്‍കി ആദരിച്ച രാജാവിന് തമ്പുരാന്‍ ധാരാളം പൊന്നും പണവും നല്‍കി. കാട്ടുരാജാവിന്റെ സുന്ദരിയായ മകള്‍ അരുവിയെ കണ്ട തമ്പുരാന്‍ അവളെ വിവാഹം ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. വിവാഹശേഷം അവിടെ തന്നെ താമസിക്കണമെന്ന നിബന്ധനയനുസരിച്ച് വിവാഹം നടന്നു.
മന്ത്രിയും സേനാനായകനും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് പാണ്ഡ്യരാജാവ് ചാരന്മാരെ വിട്ടു. വിവരറമിഞ്ഞ് രാജാവ് യുദ്ധത്തിനെത്തി. കാണിക്കാരും പണ്ടാരതമ്പുരാനും മാടനും ഒരുമിച്ച് പാണ്ഡ്യപടയെ തുരത്തി. അമര്‍ഷം പൂണ്ട പാണ്ഡ്യരാജാവ് പണ്ടാരതമ്പുരാനെ പിടികൂടി തലവെട്ടിക്കൊന്നു. മാടനെയും വെട്ടിക്കൊന്നു. കാട്ടുരാജാവും കൊല്ലപ്പെട്ടു. ഭര്‍ത്താവും അച്ഛനും മരിച്ചതറിഞ്ഞ അരുവി തലമുടി അഴിച്ചിട്ട് വാക്കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചു.
തുടര്‍ന്ന് ഭരണം പാണ്ഡ്യരാജാവിനായി. കാലമേറെ കഴിഞ്ഞപ്പോള്‍ കാണിക്കാര്‍ക്ക് വെളിപാടുണ്ടായി. കുലമറ്റ് മരിച്ചവര്‍ക്കായി സ്ഥാനങ്ങള്‍ ഉണ്ടാക്കണമെന്നും പൂജ ചെയ്യണമെന്നും. അങ്ങനെ പണ്ടാരതമ്പുരാന് ആര്യസംസ്‌കാര രീതിയിലും മാടനും അരുവിയ്‌ക്കും ദ്രാവിഡരീതിയിലും അമ്പലങ്ങള്‍ ഉയര്‍ന്നു. പണ്ടാരതമ്പുരാന് തമ്പുരാന്‍ ക്ഷേത്രവും അരുവിക്ക് അരുവി മുപ്പത്തിഅമ്മ ക്ഷേത്രവുമുണ്ടായി. പ്രണയിക്കുന്നവര്‍ക്കു മുമ്പില്‍ സേനാപദവി പോലും ഉപേക്ഷിച്ച് കൂട്ടു നിന്ന മാടനാണ് പിന്നീട് മുണ്ടണിമാടനായത്. കോട്ടൂരിലെ മുണ്ടണിമാടന്റെ ക്ഷേത്രം പ്രസിദ്ധമായി. കാണിക്കാരാണ് അന്നും ഇന്നും ഇവിടെ പൂജാരിമാര്‍. എല്ലാം ദ്രാവിഡശൈലിയില്‍. അമ്പും വില്ലും കൊക്കര എന്ന സംഗീതോപകരണവുമായി കാണിക്കാര്‍ നടത്തുന്ന ചാറ്റ് പാട്ട് രാത്രിയില്‍ തുടങ്ങി പുലര്‍ച്ചെയാണ് അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: