ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ ജീവിത സൗകര്യങ്ങള്‍ ഉയര്‍ത്തി കരസേന. എല്ലാകൊല്ലവും നവംബറിനുശേഷം നാല്പത് അടിവരെ മഞ്ഞുവീഴ്ചയുണ്ടാകുകയും മൈനസ് മുപ്പതിനും നാല്പതിനും ഇടയിലേക്ക് താപനില താഴുകയും ചെയ്യുന്ന പ്രദേശമാണ് ഇവിടം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സേനയും ചൈനീസ് സൈനികരും മുഖാമുഖം നില്‍ക്കുന്നതിന്റെ പേരിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഴക്കന്‍ ലഡാക്ക് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
കരസേന ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതിങ്ങനെ: ‘ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ കാര്യക്ഷമത ഉറപ്പാക്കാന്‍, മേഖലയില്‍ വിന്യസിച്ചിട്ടുള്ള എല്ലാ സേനാംഗങ്ങള്‍ക്കും താമസസൗകര്യം ഒരുക്കി. വൈദ്യുതി, വെള്ളം, ചൂടു കൊള്ളാനുള്ള സൗകര്യങ്ങള്‍, ആരോഗ്യപരിപാലനം, ശുചിത്വം എന്നിവയും വര്‍ഷങ്ങളായി പണിതുകൊണ്ടിരിക്കുന്ന വിവിധ സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ക്യാമ്പുകള്‍ക്കൊപ്പം സൈിനകരെ പാര്‍പ്പിക്കാനായി തയ്യാറാക്കിയിട്ടുണ്ട്.
താമസയിടങ്ങളിലെ സൗകര്യങ്ങള്‍ ചിത്രീകരിച്ച വീഡിയോയും സൈന്യം പുറത്തുവിട്ടു. ഒരു കിടക്കയുള്ള മുറികളും ഒന്നിലധികം കിടക്കകളുള്ള മുറികളും വീഡിയോയില്‍ കാണാം. ഹീറ്ററുകളും അലമാരകളും ഇതില്‍ കാണാനാകും. സൈനിക വിന്യാസത്തിലെ തന്ത്രപരമായ പരിഗണനകള്‍ മുന്‍നിര്‍ത്തി മുന്‍നിര സൈനികരെ ചൂടുള്ള കൂടാരങ്ങളില്‍ പാര്‍പ്പിക്കും. കൂടാതെ സൈനികരുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചുവെന്ന് ഇന്ത്യന്‍ സൈന്യം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: