വടകര: ദേശീയപാതയില്‍ മൂരാട് പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. മിക്കസമയവും പാലത്തിന്റെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. പാലത്തിലെ കുഴികള്‍ യഥാസമയം അറ്റകുറ്റപണി നടത്താന്‍ പൊതുമരാമത്തു വകുപ്പ് യഥാസമയം തയ്യാറാവാത്തതാണ് ഗതാഗതകുരുക്കിന് കാരണമായത്.
പാലത്തിന് തെക്കു ഭാഗത്തു ഇരിങ്ങല്‍ വരെയും വടക്ക് എസ്പി ഓഫീസ് വരെയും വാഹനങ്ങള്‍ നില്‍ക്കുകയാണ്. പാലത്തിലെ കുഴികള്‍ക്ക് മുമ്പില്‍ ഒരു വാഹനം നിര്‍ത്തുന്നതോടെ മറ്റു വാഹനങ്ങള്‍ വേഗതകുറയ്‌ക്കും. ഇതോടെ ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ കുരുക്കിലകപ്പെടും. ട്രെയിനുകള്‍ ഇല്ലാത്തതും ബസ്സുകള്‍ കുറഞ്ഞതും കോവിഡ് ആയതിനാല്‍ പൊതുഗതാഗതം ഒഴിവാക്കി സ്വകാര്യവാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതും ഗതാഗതകുരുക്ക് ദിനംപ്രതി വര്‍ദ്ധിപ്പിക്കുകയാണ്.
അറ്റകുറ്റപണി തുടങ്ങാനുള്ള ഒരു നീക്കവും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നും ഇല്ലാത്തത് പ്രതിഷേധം ഉയര്‍ത്തുകയാണ്. ആംബുലന്‍സ് അടക്കം ഈ ഗതാഗത കുരുക്കില്‍ പെടുകയാണ്. പലര്‍ക്കും യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്നുമില്ല. കഴിഞ്ഞദിവസം നടന്ന പിഎസ്‌സി പരീക്ഷയും വാഹനകുരുക്കിനെ തുടര്‍ന്ന് പലര്‍ക്കും ഏഴുതാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക