ഇടുക്കി: അപൂര്‍വ ഇനത്തില്‍പ്പെട്ട ബാംബു പിറ്റ് വൈപ്പര്‍ എന്ന പാമ്പിന്റെ ചിത്രം പകര്‍ത്തി മൂന്നാര്‍ സ്വദേശിയായ വന്യജീവി ഫോട്ടോഗ്രാഫര്‍.
മൂന്നാര്‍ സ്വദേശിയും വന്യജീവി ഫോട്ടോഗ്രാഫറും ടൂറിസ്റ്റ് ഗൈഡുമായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സീസ് ആണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ പാമ്പിന്റെ വ്യക്തമായ ചിത്രം പകര്‍ത്തിയത്. കഴിഞ്ഞ സര്‍വേകളില്‍ സാന്നിധ്യം കാണാതിരുന്ന അപൂര്‍വ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചത്.
ഇതോടെ ചിന്നാറില്‍ ബാംബു പിറ്റ് വൈപ്പര്‍ ഇനത്തില്‍പ്പെട്ട പാമ്പിന്റെ സാന്നിധ്യം ഉറപ്പിക്കപ്പെട്ടു. സഞ്ചാരികള്‍ക്കൊപ്പം ചിന്നാര്‍ വന്യ ജീവി സങ്കേത്തിലൂടെയുള്ള യാത്രയ്ക്കിടെയാണ് കഴിഞ്ഞ ശനിയാഴ്ച സെബിന്സ്റ്ററിന് അപൂര്‍വമായി പാമ്പിന്റെ ചിത്രം വീണു കിട്ടിയത്.
കൊറോണ ലോക്ക് ഡൗണിന് ശേഷം സ്ഥലത്തേക്ക് സഞ്ചാരികള്‍ എത്തിയിരുന്നില്ല. ഇതാകാം ഈ പാമ്പിനെ റോഡില്‍ കാണുന്നതിന് കാരണമായതെന്നാണ് കരുതുന്നത്. ഇരയുടെ താപനില തിരിച്ചറിഞ്ഞ് വേട്ട നടത്തുന്ന ഇനത്തില്‍പ്പെട്ടവയാണ് ബാംബു പിറ്റ് വൈപ്പര്‍.
യാത്രക്കിടെ റോഡില്‍ ഒരു പാമ്പിനെ വാഹനം കയറി ചത്ത നിലയില്‍ കണ്ടിരുന്നു. ഏറെ സങ്കടത്തോടെ ഇതിനെ പരിശോധിച്ചപ്പോഴാണ് ബാംബു പിറ്റ് വൈപ്പര്‍ ആണെന്ന് മനസിലായത്. പിന്നാലെ തന്നെ സമീപത്ത് നിന്ന് മറ്റൊരു പാമ്പിനെ റോഡില്‍ തന്നെ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ചിത്രമാണ് പകര്‍ത്തിയതെന്നും സെബിസ്റ്റര് പറഞ്ഞു.
മുന്‍പും ചിന്നാറില്‍ ഈ ഇനത്തില്‍പ്പെട്ട പാമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും നേരിട്ടുള്ള ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേരളത്തില്‍ പലയിടത്തും ഈ പാമ്പുള്ളതായി പറയുമ്പോഴും വ്യക്തമായ ചിത്രങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മദ്ധ്യ ഇന്ത്യയില്‍ ഇവ സുലഭമാണെന്നും സെബിസ്റ്റര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: