പൊന്‍കുന്നം: ഇടത് മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള ഭിന്നത ശക്തമാകുന്നു. സിപിഎമ്മിനൊപ്പം നിന്ന് നേട്ടം കൊയ്യാമെന്നുള്ള ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകള്‍ക്ക് തര്‍ക്കം തിരിച്ചടിയാകും.
യുഡിഎഫ് വിടാനുള്ള സാഹചര്യം അണികളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കല്ലുകടി. കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്കയിടങ്ങളിലും ജോസഫിനൊപ്പം നിന്ന നേതാക്കളെ ജോസ് വിഭാഗത്തില്‍ എത്തിച്ചിരുന്നു. ഇങ്ങനെ പാര്‍ട്ടിയിലെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സീറ്റ് മോഹവുമായി ജോസ് വിഭാഗത്തിലെത്തിയ നേതാക്കളെല്ലാം സീറ്റു തരപ്പെടുത്തി. നേരത്തെമുതലെ പാര്‍ട്ടിക്കൊപ്പം നിന്ന നേതാക്കളെ തഴഞ്ഞാണ് പാര്‍ട്ടിയിലെത്തിയ പുതിയ നേതാക്കള്‍ക്ക് സീറ്റു നല്‍കിയന്നത്. സീറ്റ് കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്താനുള്ള തയാറെടുപ്പിലും.
കോട്ടയം ജില്ലയിലെ മിക്ക ബാങ്ക് ഭരണസമിതികളിലും കോണ്ഗ്ര-കേരളാ കോണ്‍ഗ്രസ് (എം) സഖ്യമാണ് ഭരിക്കുന്നത്. ജോസ് വിഭാഗം മുന്നണി വിട്ടതോടെ ഈ സഖ്യം ഭരിക്കുന്ന ബാങ്കുകളുടെ പ്രധാന സ്ഥാനങ്ങളില്‍ ജോസ് വിഭാഗം പ്രാദേശിക നേതാക്കളെ പുറത്താക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങി. ചില സ്ഥലങ്ങളില്‍ ജോസ് വിഭാഗവും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്നുണ്ട്. ഇടതു മുന്നണിയിലെത്തി ശക്തി തെളിയിക്കാമെന്ന ജോസ് വിഭാഗം നേതാക്കളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും പാര്‍ട്ടിയിലെ ഇപ്പോഴത്തെ ഭിന്നത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: