കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ചൊല്ലി സിപിഎം-സിപിഐ പോരിന് പിന്നാലെ സിപിഎമ്മിലും കലഹം. സീറ്റിന് വേണ്ടി സിപിഎമ്മിനോട് വിലപേശുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. അനാവശ്യ അധികാരങ്ങള്‍ നല്‍കിയത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവനാണെന്നും വിമത വിഭാഗം ആരോപിക്കുന്നു.
ജോസിനെ ചൊല്ലി സിപിഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന കലാപം ശമിപ്പിക്കാന്‍ പാര്‍ട്ടി ഉന്നത നേതൃത്വം ഇടപെട്ടിട്ടും ഫലമില്ല. വി.എന്‍. വാസവന് പാര്‍ട്ടിയില്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും വിമത വിഭാഗം ആരോപിക്കുന്നു. ജോസ് വിഭാഗത്തിന്റെ വിലപേശല്‍ കൂടി ആയതോടെ ജില്ലാ സെക്രട്ടറിയുടെ നിലപാടുകളില്‍ എതിര്‍പ്പുള്ളവരെല്ലാം ഒന്നിച്ച് ചേര്‍ന്നാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിനോടും ഇവര്‍ എതിര് നിലപാട് സ്വീകരിച്ചിരുന്നു. ഏറ്റുമാനൂര്‍ സീറ്റ് ലക്ഷ്യം വച്ചാണ് ജില്ലാ സെക്രട്ടറി ജോസ് വിഭാഗത്തെ എല്‍ഡിഎഫില്‍ എത്തിച്ചതെന്നാണ് വിമത വിഭാഗത്തിന്റെ ആക്ഷേപം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എ ആയ കെ. സുരേഷ് കുറുപ്പിനെ ഒഴിവാക്കി വാസവന് മത്സരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസിന്റെ പിന്തുണ കൂടിചേരുമ്പോള്‍ വിജയിക്കാമെന്നാണ് വാസവന് കണക്കുകൂട്ടുന്നത്. ഈ ലക്ഷ്യം മനസില്‍ വച്ചാണ് ജോസിനെ മുന്നണിയിലെടുക്കാന്‍ വേണ്ട നീക്കങ്ങള്‍ വാസവന് നടത്തിയതെന്നാണ് വാസവനെ എതിര്‍ക്കുന്നവരുടെ പ്രധാന ആരോപണം.
അതേസമയം, എല്‍ഡിഎഫിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുകയാണ്. ജില്ലാ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ അഭിമാനം പണയം വച്ചിട്ടൊരു നീക്കത്തിന് സിപിഐ തയാറാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെ വ്യക്തമാക്കിട്ടുണ്ട്. സിപിഐ-ജോസ് പോര് തുടരുമ്പോള്‍ സിപിഎമ്മിനുള്ളില്‍ ഉണ്ടായിരിക്കുന്ന ചേരിപ്പോര് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: