ഇടുക്കി: വനം വകുപ്പ് മൂന്നാര്‍ ഡിവിഷന് കീഴില്‍ വരുന്ന സംരക്ഷിത വനത്തില്‍ ആയിരത്തിലധികം ഏക്കര്‍ ഭൂമി കൈയേറിയിട്ടും നടപടി ഇഴയുന്നു. സംഭവത്തില്‍ നിരവധി തവണ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ ഇത്തരത്തില്‍ കൈയേറ്റം ആരംഭിച്ചിട്ടെങ്കിലും ഇതുവരേയും ആരെയും ഒഴുപ്പിക്കാന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. വന്‍തോതില്‍ കൈയേറിയ ശേഷം സ്ഥലം വെട്ടിത്തെളിച്ച് ഇവിടങ്ങളില്‍ കൃഷി ഇറക്കിയിരിക്കുകയാണ്. കാലങ്ങള്‍ പിന്നിടുന്തോറും സ്ഥലം കൂടുതല്‍ കൂടുതല്‍ വെട്ടിത്തെളിച്ച് കൃഷിയിറക്കും. ജണ്ടക്കുള്ളില്‍ നടക്കുന്ന ഇത്തരം കൈയേറ്റങ്ങള്‍ വനവാസികളുടെ പേര് പറഞ്ഞാണെങ്കിലും ഇവരെല്ലാം പുറത്ത് നിന്നെത്തുന്ന നാട്ടുകരാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇത്തരത്തില്‍ കൃഷി ഇറക്കുന്നവര്‍ക്ക് വലിയ രാഷ്ട്രീയ പിന്തുണയും ലഭിക്കുന്നുണ്ട്. മാറി മാറി വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാരും ഇത് കാണുകയും നടപടി എടുക്കുകയും ചെയ്തിട്ടില്ല. ജണ്ടയ്ക്ക് വെളിയിലെ പാവപ്പെട്ട കര്‍ഷകരുടെ കൃഷികള്‍ വെട്ടി നശിപ്പിക്കുമ്പോള്‍ ഉള്ളിലെ കൃഷിയ്ക്ക് പിന്തുണ നല്‍കുകയാണെന്ന പരാതിയും വ്യാപകമാണ്.
ഹൈക്കോടതി കൈയേറ്റം ഒഴിപ്പിക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന്് കഴിഞ്ഞ ദിവസം വനപാലകരുടെ വലിയ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ കുരിശുപാറയില്‍വെച്ച് ഇവരെ ആളുകള്‍ തടഞ്ഞു. പിന്നാലെ തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രശ്നത്തിന് നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് തിരിച്ച് പോരുകയായിരുന്നു. ഇത്തരത്തിലൊരു നീക്കം പോലും വെറും പ്രഹസനമാണെന്ന് ഇത് വ്യക്തമാക്കുന്നു.
ഗ്രീന്‍ കെയര്‍ കേരള ജില്ലാ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും റിപ്പോര്‍ട്ടുകളും നല്‍കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. സംഭവത്തില്‍ ഉന്നത തലത്തിലുള്ള ശക്തമായ നടപടി ആവശ്യമാണെന്ന് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റ് മിനി റോയിയും ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രനും ജന്മഭൂമിയോട് പറഞ്ഞു. പണം വാങ്ങി കൈയേറ്റക്കാരെ സംരക്ഷിക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചെയ്യുന്നതെന്നും ഇരുവരും ആരോപിക്കുന്നു.
അതേ സമയം ഉചിതമായ നടപടി എടുക്കുമെന്നും സ്ഥലത്ത് വ്യാപക കൈയേറ്റം ഉണ്ടെന്നും വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ജോര്‍ജി പി. മാത്തച്ചന് പ്രതികരിച്ചു. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്തുന്നതിന് നാട്ടുകാര്‍ തടസമുണ്ട്. എങ്കിലും കോടതി ഉത്തരവ് പ്രകാരം നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: