നാദാപുരം: കവുങ്ങ് പൊട്ടിവീണതിനെ തുടര്‍ന്ന് 28 വര്‍ഷമായി കിടപ്പിലായ രാധാകൃഷ്ണന് ഇനി ദീപ സ്വന്തം. നരിപ്പറ്റ ജാതിയുളളപറമ്പത്ത് ഗോപാലന്റെയും അമ്മ ജാനുവിന്റെയും മകനായ രാധാകൃഷ്ണനും(46) മലപ്പുറം കീഴുപറമ്പ് ശ്രീനഗറില്‍ പടിഞ്ഞാറപ്പുറത്ത് പരേതനായ അറുമുഖന്റെ മകള്‍ ദീപ(43)യുമാണ് വിവാഹിതരായത്. നരിപ്പറ്റ നീര്‍വേലി കിരാതമൂര്‍ത്തി ക്ഷേത്രത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വിവാഹം നടന്നത്. ക്ഷേത്രത്തില്‍ നടന്ന പ്രഥമവിവാഹത്തിന്റെ ചെലവ് ക്ഷേത്രകമ്മറ്റിയാണ് വഹിച്ചത്.
1992 ലാണ് അടക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടി വീണ് രാധാകൃഷ്ണന്റെ നട്ടെല്ല് തകര്‍ന്നത്. രണ്ടു വര്‍ഷം ഒരേ കിടപ്പിലായിരുന്നു. ജീവിതത്തിലെ പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് കരുതിയ ഘട്ടത്തില്‍ കക്കട്ടില്‍ സ്‌നേഹ പാലിയേറ്റീവിന്റെ പ്രവര്‍ത്തനമാണ് ഏറെ ആശ്വാസം പകര്‍ന്നതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വീല്‍ചെയര്‍ നല്‍കിയിരുന്നു. മുറിച്ചാണ്ടി റഫീഖിന്റെ നേതൃത്വത്തില്‍ വീട്ടിലേക്ക് റോഡ് വെട്ടിതെളിയിച്ചു. വീട്ടിലേക്കുളള വഴി കയറ്റമായതിനാല്‍ കോണ്‍ഗ്രീറ്റ് റോഡെന്ന സ്വപ്‌നം ഇപ്പോഴും അവശേഷിക്കുന്നതായി രാധാകൃഷ്ണന്‍ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ വാട്‌സ്ആപ് കൂട്ടായ്മയില്‍ നിന്നാണ് ദീപയുമായി വിവാഹ ആലോചന വന്നത്. ദീപക്ക് സംസാരശേഷിയും കേള്‍വിശക്തിയുമില്ല. എന്നാല്‍ സ്‌നേഹിക്കാന്‍ അറിയാവുന്ന മനസ്സുണ്ടെന്ന് രാധാകൃഷ്ണന്‍ കരുതുന്നു. ബന്ധുക്കള്‍ ദീപയെ കുറിച്ച് നല്‍കിയ വിവരമാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: