പതിവുപോലെ ഇക്കുറിയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസ്നേഹികളെ ആഹ്ലാദിപ്പിച്ചിരിക്കുന്നു. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ച പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ആ രാജ്യത്തിന്റെ കടന്നാക്രമണത്തിനെതിരെ ഭാരതത്തിന്റെ സൈന്യം ഐതിഹാസികമായ പോരാട്ടം കാഴ്ചവച്ച ലോംഗെവാല സന്ദര്‍ശിച്ച പ്രധാനമന്ത്രി സൈനികര്‍ക്ക് മധുരം നല്‍കുകയും, അക്കാലത്തെ യുദ്ധസ്മരണകള്‍ പങ്കുവയ്ക്കുകയും ചെയ്തു. മഞ്ഞണിഞ്ഞ കൊടുമുടിയിലായാലും മരുഭൂമിയിലായാലും നിങ്ങളോടൊപ്പം ചേരുമ്പോഴാണ് എന്റെ ദീപാവലിയാഘോഷം പൂര്‍ണമാകുകയുള്ളൂ എന്നു പറഞ്ഞ മോദി, അവരുടെ മുഖങ്ങളിലെ സന്തോഷത്തിലാണ് തന്റെ സംതൃപ്തിയെന്നും അറിയിച്ചു. ഇതൊരു ഭംഗിവാക്കല്ലെന്ന് പ്രധാനമന്ത്രി പദവിയിലെത്തിച്ചേര്ന്ന ശേഷമുള്ള മോദിയുടെ ഓരോ ദീപാവലിയും തെളിയിക്കുന്നു. 2015 ല്‍ പഞ്ചാബിലെ അതിര്‍ത്തിപ്രദേശത്തെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച മോദി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഹിമാചല്‍പ്രദേശ്, വടക്കന്‍ കശ്മീര്‍, ഭാരത-ചൈന അതിര്‍ത്തിയിലെ കേദാര്‍നാഥ്, പഞ്ചാബിലെ പത്താന്‍കോട്ട്, കശ്മീരിലെ രജൗരി എന്നിവിടങ്ങളിലെ സൈനികരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിലും ശത്രുരാജ്യങ്ങളുടെ നുഴഞ്ഞുകയറ്റങ്ങളെയും കടന്നാക്രമണങ്ങളെയും ചെറുക്കുന്ന സൈനികര്‍ രാഷ്ട്രത്തിന്റെ അഭിമാനമാണെന്ന ബോധം ഓരോ പൗരന്റേയും മനസ്സില്‍ ഉണര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അതിര്‍ത്തി സന്ദര്‍ശനങ്ങളിലൂടെ കഴിഞ്ഞു.
കശ്മീര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ കടന്നാക്രമണത്തിന് സൈനികര്‍ നല്കിയ കനത്ത തിരിച്ചടിയില്‍ പതിനൊന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാനിലെ ജയ്സാല്‍മര്‍ ജില്ലയില്‍ പാക്കിസ്ഥാന് അതിര്‍ത്തിക്ക് ആറ് കിലോമീറ്റര്‍ ഇപ്പുറമുള്ള ലോംഗെവാലയില്‍ പ്രധാനമന്ത്രി എത്തിയത്. അതിര്‍ത്തി രക്ഷാസേനയിലെ ഭടന്മാരെ അഭിസംബോധന ചെയ്ത മോദി പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പാണ് നല്‍കിയത്. ബംഗ്ലാദേശില്‍ മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ കാണിച്ച പാക് സൈന്യത്തെ ലോംഗെവാലയില്‍ മുട്ടുകുത്തിച്ച സംഭവത്തിന് അടുത്തവര്‍ഷം അരനൂറ്റാണ്ടു തികയുകയാണെന്നും, ഈ പശ്ചാത്തലത്തിലാണ് താന്‍ ഇവിടെയെത്തി നിങ്ങളെ കാണുന്നതെന്നും മോദി സൈനികരോട് പറഞ്ഞപ്പോള്‍ അത് അവരില്‍ ആവേശത്തിന്റെ അലകളുയര്‍ത്തി. മുഴുവന്‍ രാഷ്ട്രവും സൈന്യത്തിനൊപ്പമാണെന്നും, അവരുടെ അജയ്യതയില്‍ അഭിമാനിക്കുന്നുവെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഓരോ സൈനികനും ഹൃദയത്തില്‍ ഏറ്റുവാങ്ങി. ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ പ്രതിരോധമേഖല അതിവേഗം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.
സാമ്രാജ്യത്വ വികസനമോഹം വച്ചുപുലര്‍ത്തുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി നല്‍കിയത്. ഇത്തരം കടന്നുകയറ്റങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലെ മനോവൈകല്യത്തിന്റെ ഫലമാണെന്നും, അതിര്‍ത്തിയില്‍ അസ്ഥിരത സൃഷ്ടിച്ച് മുതലെടുക്കാനുള്ള ചൈനയുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്നും, ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും വിട്ടുവീഴ്ച ചെയ്യാന്‍ ഭാരതം ഒരുക്കമല്ലെന്നും മോദി മുന്നറിയിപ്പ് നല്കി. ഇതിനുള്ള കരുത്തും രാഷ്ട്രീയ ഇച്ഛാശക്തിയും നമ്മുടെ രാഷ്ട്രത്തിനുണ്ടെന്ന് ഇന്ന് ലോകത്തിന് നന്നായറിയാമെന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ലഡാക്കിലും മറ്റും ചൈനയുടെ കുത്സിതതന്ത്രങ്ങളെ പരാജയപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. കടന്നാക്രമണങ്ങള്‍ക്കും നുഴഞ്ഞുകയറ്റങ്ങള്‍ക്കും പകരം സ്വയം മനസ്സിലാക്കുന്നതിലും, മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നതിലുമാണ് നാം വിശ്വസിക്കുന്നതെന്ന് ഓര്‍മിപ്പിച്ച് സമാധാനത്തിന്റെ പാതയാണ് ഭാരതം ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ നമ്മെ പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ ചുട്ട മറുപടി ലഭിക്കും. രാഷ്ട്രത്തിന് കാവല്‍ നില്ക്കുന്ന, ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സൈന്യത്തിന്റെ കരുത്തും പ്രാധാന്യവും പൂര്‍ണമായും മനസ്സിലാക്കിയിട്ടുള്ള അപൂര്‍വം ഭരണാധികാരികളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദി. ജയ്സാല്‍മറിലെ ദീപാവലിയാഘോഷവും സിംഹഗര്‍ജ്ജനവും ഇത് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: