കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനം (എസ്എന്‍സി) രാജ്യത്തിന്റെ സുരക്ഷാ ആസ്ഥാനങ്ങളിലൊന്നാണ്. നാവിക സേനയുടെ മൂന്ന് പ്രധാന താവളങ്ങളില്‍ ദക്ഷിണ മേഖലയുടെ നിയന്ത്രണം ഇവിടെ. മുംബൈയിലും വിശാഖ പട്ടണത്തുമാണ് മറ്റു രണ്ടെണ്ണം. ഏറെ തന്ത്രപ്രധാനമായ എസ്എന്‍സിയുടെ സംരക്ഷണ മേഖല വലുതാണ്. ലക്ഷദ്വീപ് ഉള്‍പ്പെടെ വിശാലമായ സമുദ്ര പ്രദേശത്തെ കണ്ണിമയ്ക്കാതെ കാക്കുന്ന ആസ്ഥാനം.
ആസ്ഥാനത്തിന്റെ തലപ്പത്ത് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫ് ആയുള്ള വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ് എന്ന എ.കെ. ചാവ്ളക്ക് ഒട്ടേറെ പ്രത്യേകതയുണ്ട്. സുപ്രധാന സൈനിക ബഹുമതികള്‍ ഏറ്റവും കൂടുതല്‍ കിട്ടിയവരില്‍ ഒരാള്‍. അഞ്ച് യുദ്ധക്കപ്പലുകളില്‍ കമാന്‍ഡായി. പാക്കിസ്ഥാനുമായി 2001-02 വര്‍ഷങ്ങളില്‍ നടന്ന അഞ്ചുമാസം നാലാഴ്ച യുദ്ധമായ ഓപ്പറേഷന് പരാക്രമില്‍ കോറ എന്ന യുദ്ധക്കപ്പല്‍ നയിച്ചു… അങ്ങനെ ഏറെയുണ്ട് സര്‍വീസ് വിശേഷങ്ങള്‍.
എന്നാല്‍, സംസ്കൃതം പഠിച്ച, മലയാളം കേട്ടാല്‍ ചിലതൊക്കെ അറിയാവുന്ന, കേരളത്തെ ഏറെ സ്നേഹിക്കുന്ന വൈസ് അഡ്മിറല്‍ ചാവ്ളക്ക് കേരളവുമായുള്ള ബന്ധം കൗമാരകാല് മുതലുണ്ട്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനകാലം, അച്ഛനൊപ്പം കൊച്ചിക്കായലില്‍ നീന്തിയ കാലം അദ്ദേഹത്തിനുണ്ട്. എന്‍സിസി എന്നു കേട്ടാല്‍ അഭിമാന പൂരിതമാകുന്ന ഉള്ളുള്ള അദ്ദേഹം ‘ജന്മഭൂമി’യോട് അക്കാലത്തെക്കുറിച്ച് മനസു തുറന്നു. തികച്ചും അസാധാരണമായ ഒരു അഭുമുഖം.
ഡിഫന്‍സ് പിആര്‍ഒ കൂടിയായ കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ എന്നെയും ഫോട്ടോ ഗ്രാഫര്‍ ആര്.ആര്. ജയറാമിനേയും വൈസ് അഡ്മിറല്‍ എ.കെ. ചാവ്ളയുടെ ദക്ഷിണ നേവല്‍ ആസ്ഥാനത്തെ ഓഫീസ് മുറിയിലെത്തിച്ചു. തികച്ചും അനൗപചാരികമായി, അടുത്തടുത്തിരുന്ന് അദ്ദേഹം മനസു തുറന്നു. ആദ്യ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുചോദ്യവും മറുപടിയും തുടര്‍ന്നുയര്‍ന്ന പൊട്ടിച്ചിരിയും ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ സുപ്രധാന ആസ്ഥാനത്തെ സുരക്ഷക്കോട്ടയിലെ ആ ഔദ്യോഗിക മുറിയില്‍ ഹൃദ്യ വര്‍ത്തമാനങ്ങളുടെ വാതില്‍ തുറന്നു.
‘അങ്ങയുടെ 1982 ലെ ഓര്മ പറഞ്ഞാല്‍’ എന്നു ചോദ്യം.
‘എന്തുകൊണ്ട് 1982’ എന്ന് ഗൗരവത്തില്‍ മറു ചോദ്യം.
‘സര്, 1982 ജനുവരി ഒന്നിനാണ് അങ്ങ് സര്‍വീസില്‍ കയറിയത്’ എന്നു മറുപടി.
മുറിമുഴങ്ങുമാറ് അദ്ദേഹത്തിന്റെ പൊട്ടിച്ചിരി, അതില്‍ ഞങ്ങള്‍ മൂവരും ചേര്‍ന്നു… പിന്നെ ആ നാവികന് ഓര്‍മകളിലേക്ക് മനസോടിക്കുകയായിരുന്നു, ആനന്ദത്തോടെ…
അങ്ങയുടെ കുട്ടിക്കാലത്തില്‍ കേരളമുണ്ട് അതേക്കുറിച്ച് ഓര്‍മിക്കുമ്പോള്‍?
അച്ഛന് സൈന്യത്തിലായിരുന്നു. അദ്ദേഹം തിരുവനന്തപുരം കഴക്കൂട്ടത്ത് സൈനിക സ്കൂളില്‍ അധ്യാപകനായി എത്തി; ഹെഡ്മാസ്റ്ററായിരുന്നു. കഴക്കൂട്ടമെന്ന് ഉച്ചരിക്കുന്നതു പോലും അന്ന് ഞങ്ങള്‍ക്ക് വിഷമമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1969 ജനുവരിയിലാണ് ആദ്യമായി കേരളത്തിലെത്തിയത്.
അഞ്ചു ദിവസമെടുത്തു ഞങ്ങളുടെ കേരളത്തിലേക്കുള്ള യാത്ര. ഡെറാഡൂണിലായിരുന്നു അച്ഛന് ജോലി, അമ്മയുടെ ജന്മനാടും അതാണ്. അങ്ങനെ അവിടുന്ന് മസൂറി എക്സ്പ്രസില്‍, മീറ്റര്‍ ഗേജ് പാളത്തിലൂടെ ഒരു രാത്രിയും പകലുമെടുത്ത് ഓള്‍ഡ് ദല്‍ഹിയിലെത്തി. അവിടെ ഒരു പകല്‍ തങ്ങി. പിന്നീട് ബ്രോഡ്ഗേജ് പാളത്തിലൂടെയുള്ള ഗ്രാന്‍ഡ് ട്രങ്ക് എക്സ്പ്രസ് പിടിക്കാന്‍ ന്യൂദല്‍ഹി സ്റ്റേഷനിലേക്ക്. ആ ട്രെയിനില്‍ രണ്ടു ദിവസവും രണ്ടു പകലും. പ്രത്യേക കോച്ചിലായിരുന്നു യാത്ര. അകത്ത് എല്ലാ സൗകര്യങ്ങളും. ചെറിയ അടുക്കള സഹിതം. യാത്ര ഞങ്ങള്‍ ആസ്വദിച്ചു. പുസ്തകങ്ങള്‍, ഭക്ഷണം, പുറം കാഴ്ചകള്‍, വിവിധ നാടുകള്‍… ആദ്യമാദ്യം ഓരോ സ്റ്റേഷനുകളില്‍നിന്ന് ഭക്ഷണം വാങ്ങി. വൈവിധ്യമുള്ള ഭക്ഷണമായിരുന്നു.
പക്ഷേ, ദക്ഷിണേന്ത്യയിലേക്ക് വന്നപ്പോള്‍ എരിവും പുളിയുമൊക്കെ കൂടിക്കൂടി വന്നു. അങ്ങനെ പിന്നെ ഞങ്ങള്‍ കരുതിയതു തയാറാക്കിക്കഴിച്ചു. യാത്ര മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷനിലെത്തി. ഒരു ദിവസം അവിടെ തങ്ങേണ്ടിവന്നു, കേരളത്തിലേക്കുള്ള അടുത്ത വണ്ടിക്ക്. എഗ്മോര്‍ സ്റ്റേഷനിലേക്ക് പോയി. അവിടുന്ന് മീറ്റര്‍ ഗേജില്‍ തിരുവനന്തപുരം എക്സ്പ്രസില്‍ ഒരു രാത്രി. പുലര്‍ച്ചെ കഴക്കൂട്ടത്തെത്തി. സാഹസികവും കൗതുകകരവുമായിരുന്നു ആയാത്ര. ആ യാത്രയെക്കുറിച്ച് എന്റെ അനൗദ്യോഗി യാത്രകളിലൊക്കെ ഞാന്‍ ഓര്‍മിക്കാറുണ്ട്.
അന്നത്തെ കേരളം ഇന്ന് ഏറെ മാറി. ദക്ഷിണേന്ത്യയിലേക്ക് ഞങ്ങള്‍ ആദ്യമായിരുന്നു. ഏറെ ആകര്‍ഷകമായിരുന്നു അന്നത്തെ കേരള കാലാവസ്ഥ, പച്ചപ്പ്, ഭക്ഷണവൈവിധ്യം, വസ്ത്ര ധാരണം… എറ്റവും വലിയ വെല്ലുവിളി ഭാഷയിലായിരുന്നു. മനസിലാക്കിക്കൊടുക്കാന്‍ വിഷമം, മനസിലാക്കാനും. അക്കാലത്ത് ഇംഗ്ലീഷ്-ഹിന്ദി ഭാഷകള്‍ അറിയാവുന്നവര്‍ കുറവായിരുന്നു. സ്കൂളിനുള്ളിലല്ല, പുറത്തായിരുന്നു വിഷമം ഏറെ. പക്ഷേ, ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ മൂന്നു വര്‍ഷം, അതായിരുന്നു 1969 മുതല്‍ 72 വരെ.
അന്നത്തെ കൂട്ടുകാര്‍ ഇപ്പോഴും സമ്പര്‍ക്കത്തിലുണ്ടോ?
ഒട്ടേറെ കൂട്ടുകാര്‍, അവരില്‍ പലരും ഇന്നും കേരളത്തിലുണ്ട്. ഇപ്പോഴും ഇടയ്ക്ക് ഞങ്ങള്‍ ഒന്നിക്കാറുണ്ട്. ജീവിതത്തിലെ ഏറ്റവും കാല്‍പ്പനികമായ കാലം. അക്കാലത്ത് സൈനിക സ്കൂള്‍ തുടങ്ങിയിട്ടേ ഉള്ളു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ സങ്കല്‍പ്പം, വി.കെ. കൃഷ്ണമേനോനും മറ്റും വളര്‍ത്തി. അന്നത്തെ അധ്യാപകര്‍ അതി പ്രഗത്ഭരായിരുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നുള്ള പ്രൊഫസറായിരുന്നു. അന്ന് റെന്‍ ആന്‍ഡ് മാര്ട്ടിന് (ഹൈസ്കൂള്‍ വ്യാകരണവും രചനയും ആധികാരിക പുസ്തകം) മുഴുവന്‍ മനപ്പാഠമാക്കിയിരുന്നു. ഇന്നും ആ പച്ച പുറം ചട്ടയടക്കം എനിക്കോര്‍മയുണ്ട്.
ഏറ്റവും മികച്ച ശാസ്ത്ര അധ്യാപകരായിരുന്നു. അവരെല്ലാം കേരളത്തില്‍നിന്നുതന്നെ ഉള്ളവരായിരുന്നു. ഡോക്ടര്‍ നേവിയില്‍നിന്നു വിരമിച്ച കമാന്‍ഡര്‍ ബര്ബിയായിരുന്നു; ആംഗ്ലോ ഇന്ത്യന്‍. മികച്ച അധ്യാപകര്‍. വിദ്യാര്‍ഥികളും അധ്യാപകരും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. അവര്‍ അവരവരുടെ ഭാഷ സംസാരിച്ചു, ഹിന്ദിക്കെതിരായി അക്കാലത്ത് രാജ്യത്ത് വലിയ പ്രക്ഷോഭം നടക്കുകയായിരുന്നു. പക്ഷേ, സ്കൂളില്‍ സര്‍വരും ഒത്തു ചേര്‍ന്ന് സൗഹാര്‍ദത്തില്‍ കഴിഞ്ഞു. അത് ഇന്നും തുടരുന്നു.
കൊച്ചിയില്‍ വന്നതിനെക്കുറിച്ച് പറഞ്ഞാല്‍?
അന്ന് ഒരിക്കല്‍ കൊച്ചിയില്‍ വന്നതോര്‍ക്കുന്നു. അച്ഛന്റെ ചങ്ങാതി ഒരാള്‍ കൊച്ചി നേവല്‍ ബസിലുണ്ടായിരുന്നു, മേട്രണ്‍ ജെസി ജോണ്‍. ഭര്‍ത്താവ് സീഫുഡ് ഇന്‍ഡസ്ട്രിയിലായിരുന്നു. അവരോടൊപ്പമാണ് ഞങ്ങള്‍ താമസിച്ചത്. അന്ന് കപ്പലില്‍ കയറിയതോര്മയുണ്ട്. കൃത്യമായ ദിവസം ഓര്‍മയിലില്ല. പക്ഷേ, അന്നത്തെ കൊച്ചിയുടെ ഭംഗി ഇന്നും ഓര്‍മയുണ്ട്; കായലിന്റെ വിശാല സൗന്ദര്യം, കാരണം മറ്റെല്ലായിടത്തും ഇടതൂര്‍ന്ന് തെങ്ങുകള്‍ നില്ക്കുന്നതേ കാണാനുള്ളായിരുന്നു.
താമസിച്ച വീട് കായലോരത്തായിരുന്നു. അവിടെ കായലില്‍ നീന്തിയതോര്മയുണ്ട്. അത്രമാത്രം ശുദ്ധമായിരുന്നു വെള്ളം. അന്നൊക്കെ കടലോരങ്ങളും കായലും ഏറെ വൃത്തിയുള്ളതായിരുന്നു. കോവളം ബീച്ച്, വര്‍ക്കല ബീച്ച്… പൂര്‍ണ ചന്ദ്രനുള്ള രാത്രികളില്‍ ഞങ്ങളെ സ്കൂളില്‍നിന്ന് പിക്നിക്കിനു കൊണ്ടുപോകുമായിരുന്നു. കഴക്കൂട്ടത്തുനിന്ന് വര്‍ക്കലവരെ മാര്‍ച്ച്. അവിടെ രാത്രിയില്‍ പാട്ട്, നൃത്തം… നീന്തലൊഴികെ എന്തും. അന്ന് അത്രമാത്രം മനോഹരവും ശുദ്ധവുമായിരുന്നു കടപ്പുറം.
അക്കാലത്ത് തുമ്പയില്‍നിന്ന് റോക്കറ്റ് വിക്ഷേപണമൊക്കെ നടക്കുന്ന ആദ്യകാലമാണ്. അത് കാണാന്‍ കൊണ്ടുപോകുമായിരുന്നു. അന്നും ഇന്നും കഴക്കൂട്ടം സ്കൂള്‍ പ്രധാനമാണ്. ഒട്ടേറെ പേരെ സൈനിക മേഖലയിലെത്തിച്ചു. 1972 ല്‍ ഞാന്‍ അവിടം വിട്ടു.
പിന്നെ ഞാന്‍ കേരളത്തിലെത്തിയത് 1981 ജൂണിലാണ്. ട്രെയിനിങ്ങിന്റെ ഭാഗമായി, ഡിസംബറില്‍ പാസ് ഔട്ടായി. ദക്ഷിണ നാവിക ആസ്ഥാനം പരിശീലന കേന്ദ്രമായതിനാല്‍ ഇടയ്ക്കിടെ ഇവിടെ വരേണ്ടിയിരുന്നു.
അന്നത്തെ കൊച്ചിയാണോ ഇന്ന്?
കൊച്ചി നഗരത്തിലെ അന്നത്തെ കാര്യങ്ങള്‍ കൗതുകകരമായിരുന്നു; വാഹനമോടിക്കലൊക്കെ നല്ല വിനോദമായിരുന്നു. അച്ഛന് വളരെ വളരെ പഴയ, കൃത്യമായി ഓര്‍മയില്ല, ഏഴോ എട്ടോ സീരീസിലുള്ള ഒരു മോറീസ് മൈനര്‍ കാര്‍ ഉണ്ടായിരുന്നു. ഒരു ഫിഷറീസ് കോണ്‍ട്രാക്ടറില്‍നിന്ന് വാങ്ങിയതാണ്. അദ്ദേഹം അതില്‍ മീന്‍ കൊണ്ടുപോയിരുന്നതാണ്. അത്ര സമ്പാദ്യമൊന്നുമില്ലായിരുന്നു, എങ്കിലും വാങ്ങി, ആറേഴായിരം രൂപയായിരുന്നു.
അങ്ങനെ വണ്ടി വീട്ടിലെത്തിയപ്പോള്‍ വല്ലാത്ത മണം. കാറിന്റെ 30 മീറ്ററോളം ചുറ്റുവട്ടത്ത് മണം. അപ്പോള്‍ അച്ഛന്റെ അമ്മ ചോദിച്ചു, എന്താ ഈ വാങ്ങിക്കൊണ്ടുവന്നിരിക്കുന്നത് എന്ന്. അമ്മൂമ്മ വലിയ പ്രാക്ടിക്കലായിരുന്നു. അകത്തുപോയി പത്തുമുപ്പത് നാരങ്ങ കൊണ്ടുവന്നു. നാരങ്ങാ ചതച്ച് കാറിനകമെല്ലാം വിതറി. രണ്ടുമൂന്നു ദിവസം ഇതാവര്‍ത്തിച്ചു. അങ്ങനെ കാറിനകം മുഴുവന്‍ വൃത്തിയാക്കി. കാറിനകത്ത് ധാരാളം മണ്ണുണ്ടായിരുന്നു. അതെല്ലാം നീക്കി, വൃത്തിയാക്കി വന്നപ്പോള്‍ കറുത്തിരുന്ന കാര്‍ തിളങ്ങുന്ന പച്ച നിറമുള്ളതായി. പിന്നെ അതിലായിരുന്നു യാത്ര. റോഡുകള്‍ വീതി കുറവായിരുന്നുവെങ്കിലും തിരക്കില്ലായിരുന്നു. വല്ലപ്പോഴും ഒരു ബസ് എതിരേ വരുന്നത് കണ്ടെങ്കിലായി. അതായിരുന്നു അന്നത്തെ കേരള റോഡുകളിലെ ഗതാഗതം.
അങ്ങ് സംസ്കൃതം പഠിച്ചിട്ടുണ്ടെന്നും നല്ല ജ്ഞാനമുണ്ടെന്നും കേട്ടിട്ടുണ്ടല്ലോ?
സംസ്കൃതം പഠിച്ചതിന് ഒരു കാരണം സ്കൂളില്‍ ഭാഷ തിരിഞ്ഞെടുക്കേണ്ടിവന്നതാണ്. കഴക്കൂട്ടത്ത് മലയാളവും സംസ്കൃതവുമായിരുന്നു. അഞ്ചാം ക്ലാസിലായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ വേറേ നാട്ടിലേക്ക് പോകണം. അപ്പോള്‍ മലയാളംകൊണ്ട് കാര്യമില്ല. അങ്ങനെ സംസ്കൃതം തിരഞ്ഞെടുത്തു.
സംസ്കൃതം പഠിപ്പിക്കാന്‍ വിശിഷ്ടനായ ഒരുധ്യാപകനുണ്ടായിരുന്നു. അദ്ദേഹവുമായി എനിക്ക് ഇപ്പോഴും സമ്പര്‍ക്കമുണ്ട്. എനിക്ക് ഇടയ്ക്കിടയ്ക്ക് കത്തെഴുതും; ജന്മദിനം, സ്ഥാനക്കയറ്റം തുടങ്ങിയ വേളകളില്‍. പരം വിശിഷ്ട സേവാ മെഡല്‍ ലഭിച്ചപ്പോഴാണ് പുതിയ കത്തുവന്നത്. ശിഷ്യര്‍ക്കു പലര്‍ക്കും അദ്ദേഹം എഴുതാറുണ്ട്. കൂടാതെ, ഓര്മിച്ചിരിക്കത്തക്കവിധം ഞങ്ങള്‍ ചിലര്‍ അത്രമാത്രം കുസൃതികളുമായിരുന്നു.
സംസ്കൃതവുമായുള്ള ബന്ധം പിന്നെ തുടര്‍ന്നില്ല. അതില്‍ വിഷമമുണ്ട്. എട്ടാം ക്ലാസുവരെയാണ് സംസ്കൃതം പഠിച്ചത്. പിന്നെ ഉപരിപഠനത്തിനും തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി വായനയും മറ്റും വേറേ വഴികളില്‍ തിരിഞ്ഞു. എന്നാല്‍ ഇന്നെനിക്ക് തോന്നുന്നു, പഴയകാല ഗ്രന്ഥങ്ങളിലേക്കൊക്കെ തിരിഞ്ഞു നോക്കേണ്ട സമയമാണിതെന്ന്. പക്ഷേ, എനിക്ക് സംസ്കൃതം അങ്ങനെ കൈകാര്യം ചെയ്യാന്‍ അറിയില്ല.
സ്കൂളിലെ ആ കുസൃതിക്കാരനായ കുട്ടിയെക്കുറിച്ച് പറഞ്ഞാല്‍?
കുട്ടികളെ സ്വാഭാവിക പ്രകൃതിയില്‍ വളരാന്‍ അനുവദിക്കണമെന്ന പക്ഷക്കാരനാണ് ഞാന്‍. അത് സ്ഥാപനത്തിന്റെ ചട്ടവും പ്രമാണവും അടിസ്ഥാനമാക്കിയാകണമെന്നു മാത്രം. അതിനപ്പുറം നിയന്ത്രണം വേണ്ട. അതായത്, കുസൃതി എന്നു പറയുമ്പോള്‍ വിനാശകരമല്ലാത്ത കാര്യങ്ങള്‍, സര്‍ഗാത്മകം, ക്രിയാത്മകം ആകണം-തമാശയും രസികത്തവും ഒക്കെ അനുവദിക്കണം. അവര്‍ അപ്പോള്‍ പതിവ് മാതൃകയില്‍നിന്ന് വേറിട്ട് ചിന്തിക്കും. അതു ഗുണകരമാകും. ഞങ്ങളുടെ അക്കാലത്തൊക്കെ അധ്യാപകരും ജീവനക്കാരുമെല്ലാം അത്തരം കുസൃതികള്‍ പൊതുവേ അനുവദിച്ചിരുന്നു, ആസ്വദിച്ചിരുന്നു. ചിലപ്പോഴെല്ലാം ക്ലാസില്‍ പോലും അധ്യാപകരെ അനുകരിക്കാനൊക്കെ പോലും അവസരം ഉണ്ടായിരുന്നു.
അങ്ങയുടെ എന്‍സിസി പക്ഷപാതത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, അതിനുകാരണമെന്താണ്?
എന്‍സിസി അക്കാലത്ത് സ്കൂളില്‍ നിര്‍ബന്ധമായിരുന്നു. എനിക്ക് അതില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്നു. അതുകൊണ്ട് ഇന്നും എന്‍സിസിയെ ഏതൊക്കെ തരത്തില്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും കഴിയുമോ അതെല്ലാം ഞാന്‍ ചെയ്യാറുണ്ട്. നേവല്‍ ബേസിന്റെ പരിസരത്തെ എന്‍സിസി യൂണിറ്റിന് വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കാറുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടത് അവരാണ്.
എന്‍സിസി, സായുധ സേനയെക്കുറിച്ച് സ്കൂള്‍ തലത്തില്‍വെച്ചുതന്നെ കുട്ടികള്‍ക്ക് ആഴത്തില്‍ അറിവു നല്കുന്നു. പരിശീലനത്തിലൂടെ നല്ല ശീലവും അച്ചടക്കവും അവര്ക്കുകിട്ടുന്നു. ഏതു സാഹചര്യവും നേരിടാനുള്ള കഴിവു ലഭിക്കുന്നു. ഒന്നിടവിട്ടുള്ള വര്‍ഷങ്ങളിലെ ദേശീയ പരിശീനല ക്യാമ്പ് ഇക്കാര്യത്തില്‍ എന്‍സിസി കേഡറ്റിന് കിട്ടാവുന്ന മികച്ച അവസരമാണ്.
ഞാന്‍ തുടര്‍ച്ചയായി മൂന്ന് ദേശീയ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. 1975 ലെ റിപ്പബ്ലിക് ദിന ക്യാമ്പിലുള്‍പ്പെടെ. എട്ടാം ക്ലാസിലാണ് ആദ്യമായി ക്യാമ്പില്‍ പങ്കെടുത്തത്. അതൊക്കെ അനുഭവങ്ങളാണ്. ഒറ്റയ്ക്ക് ദല്‍ഹിക്ക്, മൂന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ ട്രെയിന്‍ യാത്ര. അവിടെ എത്തി തുടര്‍ന്ന് ട്രക്കിങ്ങുള്‍പ്പെടെ ചെയ്ത് ഏതെങ്കിലും സൈനിക താവളത്തോടു ചേര്‍ന്ന് ക്യാമ്പ്. ടെന്‍ഡുകളിലെ താമസം, റൂട്ട് മാര്‍ച്ച്, സ്വയം പാചകം, പൊതു പാചകശാലയില്‍ പ്രവര്‍ത്തനം, മറ്റു സംസ്ഥാനങ്ങളില്നിന്നുള്ളവരുമായി സഹവാസം, സമ്പര്‍ക്കം. സമ്പര്‍ക്കം, ആശയ വിനിമയം, മത്സരം…
വിവിധ പ്രദേശങ്ങളിലുള്ളവരുമായി ചേര്‍ന്നുള്ള ആ ദേശീയ മൂല്യ ബോധവും മറ്റും വലിയ നേട്ടമാണ്. സ്വാശ്രയത്വം, ആത്മശക്തി വര്‍ധന, സാഹസികത, മികച്ച ശീലം എല്ലാം സ്വാഭാവികമായി നമ്മില്‍ വന്നു ചേരും. ഈ വേളയിലെ സാമ്പത്തിക മാനേജ്മെന്റ് വലിയ കാര്യമാണ്. തുച്ഛമായ പണമായിരിക്കും കൈയില്‍. അതുകൊണ്ട് എല്ലാ നിയന്ത്രണവും പാലിച്ചു കഴിയുക വലിയ അനുഭവമാണ്.
സൈനിക സ്കൂള്‍ നല്കുന്ന അനുഭവവും ഇതാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുണ്ടാകും. വിവിധ പ്രദേശങ്ങളില്‍നിന്ന് സംസ്കാര പശ്ചാത്തലത്തില്‍നിന്ന്, അധ്യാപകരും അങ്ങനെതന്നെ. അവരോടൊന്നും ഒരു വേര്‍തിരിവും ഉണ്ടാകില്ല. പില്ക്കാലത്ത് ജീവിതത്തിലും ജോലിയിലും എല്ലാം ഇതായിരിക്കും രീതി. മതം, ജാതി, വര്‍ഗം, ഭാഷ, ഭക്ഷണം തുടങ്ങിയകാര്യങ്ങളില്‍ ഒരു വിവേചന ബോധവും ഉണ്ടാകില്ല. അങ്ങനെയൊരു ദര്‍ശനവും ഇത്തരം സ്കൂളുകളില്നിന്നുണ്ടാകുന്നു. അതൊരു വലിയ നേട്ടമാണ്.
സിഎന്‍സി ആയിരുന്ന രാജേന്ദര്‍സിങ് ഉണ്ടായിരുന്നു. കണ്ടാല്‍ സിനിമാ താരത്തെയൊക്കെ പോലെ, വിരമിച്ചു. നോര്‍ത്ത് ഇന്ത്യന്‍. പലപ്പോഴും ചില ഫങ്ഷനുകളില്‍ ആളുകള്‍ സംസാരിക്കുമ്പോള്‍ പിന്നില്‍ ചെന്ന് അവരോട് മലയളാത്തില്‍ കുശലം പറയുമായിരുന്നു. അവര്‍ അന്ധാളിച്ചുപോകും. അങ്ങനെ ആരെങ്കിലും എന്തെങ്കിലും പഴി പറയുന്നത് മലയളാത്തിലായാലും അദ്ദേഹത്തിന് അറിയാമായിരുന്നു. കഴക്കൂട്ടത്താണ് അദ്ദേഹം പഠിച്ചത്. അങ്ങനെ മലയാളമറിയാം.
അദ്ദേഹം വീണ്ടും ഓര്മക്കപ്പല് കൊച്ചിയിലേക്ക് തിരിച്ചു. അത് നാവിക ആസ്ഥാന പരിസരത്ത് ഒന്ന് ചുറ്റിയടിച്ചു. ചില ചോദ്യങ്ങളിലൂടെ നാവിക ചരിത്രത്തിലേക്കും ആദ്യകാല സമുദ്ര യാനത്തിലേക്കുമൊക്കെ അതിനെ തിരിച്ചുവിട്ടു. സൂക്ഷ്മായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമായി അദ്ദേഹം അങ്ങനെ ‘സ്മൂത് സെയിലിങ്’ നടത്തി. കപ്പല്‍ ഡക്കില്‍ ശാന്തമായി ഇളം കാറ്റേറ്റിരിക്കും പോലെ ഞങ്ങള്‍ കേട്ടിരുന്നു. ആനന്ദാവേശത്തോടെ വൈസ് അഡ്മിറല്‍ തുടര്‍ന്നു:
1983 ഡൈവിങ് ഞാന്‍ പഠിച്ച് ഇവിടെയാണ്. കായല്‍വെള്ളം വളരെ ശുദ്ധമായിരുന്നു. ഇപ്പോള്‍ ഏറെ മലിനപ്പെട്ടു. ഞങ്ങള്‍ ഇവിടെ കായല്‍ ശുദ്ധമാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കുകയാണ്. നേവല്‍ ബേസില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മുഴുവന്‍ ഇവിടെത്തന്നെ സംസ്കരിക്കാന്‍ പ്ലാസ്റ്റിക് പ്രോസസിങ് യൂണിറ്റ് സ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണ്. രണ്ടു മൂന്നു മാസത്തിനകം നടപ്പാകും. (ജൂലൈ മാസം കൊവിഡ് പ്രോട്ടോകോളുകള്‍ ഉള്ളതിനാല്‍ ആഘോഷമില്ലാതെ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
ഏഴാം നൂറ്റാണ്ടിനു ശേഷം ഇന്ത്യ നാവിക സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. കാരണം, വൈദേശിക അധിനിവേശം കരവഴിയായതോടെ ഭൂഖണ്ഡങ്ങള്‍ കേന്ദ്രീകരിച്ചുള്ള സുരക്ഷയും കരുതലുമായി മാറി. അതിനു മുമ്പ് ചോളരും ചേരരും അശോകനും എല്ലാ സാമ്രാജ്യങ്ങളിലും റോമിലും ജപ്പാനിലും വരെ എത്തി. നമ്മുടെ ബുദ്ധമതം ജപ്പാനിലെത്തിയതങ്ങനെയാണ്. കൊറിയയില്‍ നമ്മുടെ രാമായണത്തിന്റെ വേറൊരുതരം വ്യാഖ്യാനമോ ആഖ്യാനമോ ഉണ്ട്. ഇന്നുമുണ്ടത്. അതായത് വലിയൊരു സമുദ്രയാന ചരിത്രം ദക്ഷിണേന്ത്യയ്ക്കുണ്ടായിരുന്നു, കലിംഗം വരെയും. പക്ഷേ, പയ്യെപ്പയ്യെ നമ്മുടെ ശ്രദ്ധ കരയിലേക്കായി. പതിനൊന്നാം നൂറ്റാണ്ടോടെ ലോധി ദല്‍ഹി പിടിച്ചു. അതോടെ കരയിലായി നമ്മുടെ ശ്രദ്ധ മുഴുവന്‍. ഈ സമയം സമുദ്രത്തിലെ നമ്മുടെ കരുതല്‍ കുറഞ്ഞു. അങ്ങനെ സാമ്രാജ്യ ശക്തികളുടെ അധിനിവേശം നമ്മിലുണ്ടായി. യൂറോപ്പ് അതിനകം ഏറെ പുരോഗമിച്ചു. അവര്‍ക്ക് സാങ്കേതിക വളര്‍ച്ചയുണ്ടായി. മികച്ച കപ്പലുകളും സംവിധാനങ്ങളുമായി. അതിനു മുമ്പ് നമുക്കായിരുന്നു ആ ശേഷി.
നാവികശേഷിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കുഞ്ഞാലി മരയ്ക്കാര്‍ ഒരു ചരിത്രവും പാഠവുമല്ലേ?
കുഞ്ഞാലി മരയ്ക്കാരുടെ കാര്യം പറയുമ്പോള്‍, മിഡില്‍ ഈസ്റ്റും യുറോപ്യന്‍ രാജ്യങ്ങളുമായി ഏറ്റവും കച്ചവട ബന്ധം ഉണ്ടായിരുന്ന തുറമുഖമായിരുന്നു കോഴിക്കോട്, ബേപ്പൂര്‍ തുറമുഖങ്ങള്‍. യൂറോപ്യന്മാരുടെ ദ്ധ്രകേന്ദ്രമായി അവിടം. അങ്ങനെയാണ് വാസ്കോ ഡ ഗാമാ വന്നത്. സാമൂതിരി രാജാക്കന്മാരുടെ കമാന്ഡര്മാരായിരുന്നുവല്ലോ കുഞ്ഞാലി മരയ്ക്കാര്‍മാര്‍. തുടക്കത്തില്‍ പോര്‍ത്തുഗീസുകാര്‍ ആദ്യം വന്നു. അങ്ങനെ വന്ന കൊളോണിയല്‍ ശക്തികള്‍ കച്ചവടം മാത്രം നടത്തുന്നുവെന്നായിരുന്നു ആദ്യശീലം. പിന്നെ അവര്‍ കുത്തകയാക്കി മാറ്റുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങി.
കുഞ്ഞാലി മരയ്ക്കാന്മാര് അങ്ങനെ പ്രതിരോധിച്ചവരില്‍ ചെറു വിഭാഗമായിരുന്നു. യൂറോപ്യന്മാരെ സമുദ്രത്തില്‍ ചെറുത്തു നിന്നത് അവരുടെ നേതൃത്വത്തില്‍ ചെറിയൊരു വിഭാഗമായിരുന്നു. പക്ഷേ, കാലക്രമത്തില്‍ മരയ്ക്കാരുടെയും മറ്റും സംഘടിത ശക്തി കുറവായി. എതിരാളികള്‍ കൂടുതല്‍ മികച്ച സാങ്കേതികതയുള്ളവരും എണ്ണത്തില്‍ കൂടുതലുമായി. അവര്‍ക്ക് വെടിക്കോപ്പും തോക്കും മറ്റുമുണ്ടായിരുന്നു. ഒടുവില്‍ യുറോപ്യന്മാര് മേല്‍ക്കൈ നേടി. ബാക്കി ചരിത്രമാണ്.
എന്നാല്‍ ഓര്‍മിക്കേണ്ടത് കുഞ്ഞാലിയും മറാഠാ ദേശി കാനോജി ആംഗ്രേയുമാണ് കടലില്‍ വൈദേശിക അധിനിവേശ ശക്തികളെ ചെറുത്തുനിന്ന് പോരാടിയ രണ്ടുപേര്‍ എന്നതാണ്. അവര്‍ കുറേനാള്‍ പിടിച്ചു നിന്നു; തടയാനും കഴിഞ്ഞു. പക്ഷേ, അവര്‍ പ്രാദേശികരായിരുന്നു. എണ്ണത്തില്‍ കുറവായിരുന്നു. അവര്‍ക്ക് സംവിധാനങ്ങളും സൗകര്യങ്ങളും കുറവായിരുന്നു. അതേസമയംതന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍കൊണ്ട് സമുദ്ര പ്രതിരോധത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാനുമായില്ല. മറാഠയിലായിരുന്നെങ്കിലും കേരളത്തിലായിരുന്നെങ്കിലും നാട്ടുരാജാക്കന്മാര് തമ്മിലുള്ള പ്രശ്നങ്ങള്‍ ഏറെയായിരുന്നുവല്ലോ.
കുഞ്ഞാലി മരയ്ക്കാരുടെയും മറ്റും സ്മരണകള്‍ നിലനിര്‍ത്താന്‍ നാവിക സേന ഒരു സ്ഥാപനത്തിന് കുഞ്ഞായിലിയുടെ പേരിട്ടു. (മുംബൈയിലെ കൊളാബയില്‍ നാവികസേനയുടെ പരിശീന കേന്ദ്രത്തിന് കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമന്റെ പേരാണ്, ഐഎന്‍എസ് കുഞ്ഞാലി 2) കാനോജ് ആംഗ്രേയ്ക്കും ഉചിതമായ സ്മരണ നിലനിര്‍ത്തുന്നു. ഇവര്‍ വൈദേശികാധിനിവേശത്തിനെതിരേ ഉയര്‍ന്നുവന്ന ആദ്യ ശക്തികളെന്ന നിലയിലാണ് ഇവരെ നമ്മള് ആദരിക്കുന്നതും ഓര്‍മിക്കുന്നതും. അതിനു ശേഷം ഇന്ന് നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിരിക്കുന്നു.
രസകരമെന്നു പറയാം, ബ്രിട്ടീഷുകാര്‍ക്ക് വലിയൊരു ഇന്ത്യന്‍ സൈനിക സന്നാഹമുണ്ടായിരുന്നു. ഒന്നും രണ്ടും ലോക യുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ബിട്ടീഷ് സൈന്യത്തെക്കാള്‍ ഏറെപ്പേര്‍ ഇന്ത്യക്കാരായിരുന്നു. അവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പക്ഷേ, അവരെ ഇന്ത്യക്കാരായി പരാമര്‍ശിക്കാനോ രേഖപ്പെടുത്താനോ ബ്രിട്ടന് തയാറായില്ല. അതുകൊണ്ട് അവരില്‍ പലതും ചരിത്രത്തിലില്ല. യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ കപ്പലുകളില്‍ വളരെക്കുറച്ച് ബ്രിട്ടീഷുകാരേ സൈനികരായി ഉണ്ടായിരുന്നുള്ളു. പക്ഷേ നയിച്ചത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ്. വിഭജനത്തിനു മുമ്പുള്ള ഇന്ത്യയുടെ ഇരുപതിലൊന്നു മാത്രമായിരുന്നു ബ്രിട്ടണ്. പക്ഷേ അവര്‍ നമ്മെമാത്രമല്ല, ലേകത്തെ ആകെ നിയന്ത്രിച്ചു. അതിനു കാരണം അവരുടെ നാവിക ശക്തിയാണ്. അവര്‍ക്ക് വലിയ നാവിക സേനയുണ്ടായിരുന്നു, മൊബൈല്‍ ആര്‍മി ഉണ്ടായിരുന്നു. ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ അതിവേഗം അവര്‍ക്കെത്താനായി. അതുകൊണ്ടാണ് 1857 ലെ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് നാവിക സേനയ്ക്ക് അതിവേഗം ബര്‍മ, സിങ്കപ്പൂര്‍, ഈഡന് എന്നിവിടങ്ങളില്‍നിന്ന് കൊല്‍ക്കൊത്തയില്‍ എത്താനായത്. അവര്‍ക്ക് ആധുനികമായ ആയുധങ്ങളും സാങ്കേതികതയും ഉണ്ടായിരുന്നു.
അതുകൊണ്ട്, കുഞ്ഞാലിമരയ്ക്കാന്മാരില്നിന്ന് നമുക്ക് ഇനിയും ഏറെ പലതും പഠിക്കാനുണ്ടായിരിക്കും. എന്നാല്‍, നമ്മുടെ രാജ്യത്ത് ചരിത്ര വസ്തുതകള്‍ ശരിയായി സംരക്ഷിക്കാറില്ല. നല്ല രീതിയിലല്ല. നമുക്ക് കുഞ്ഞാലി മരയ്ക്കാരുടെയും മറ്റും കാലത്തെ ഉള്‍പ്പെടെയുള്ള അനുഭവങ്ങളും ചരിത്രങ്ങളും കൂടുതല്‍ അറിയേണ്ടതുണ്ട്. അവര്‍ എങ്ങനെ അക്കാലത്ത് അവര്‍ അതെല്ലാം ചെയ്തുവെന്ന്. അതൊക്കെ പാഠങ്ങളാകണം.
കുഞ്ഞാലി മരയ്ക്കാര്കഥ മലയാളത്തില്‍ സിനിമയാകുന്നു. അതില്‍ ഇന്ത്യന്‍-കേരള നാവിക ചരിത്ര കാര്യങ്ങള്‍ ഉണ്ടാവുമല്ലോ?
ചൈനയിലെ ആദ്യ ഇന്ത്യന്‍ അംബാസിഡര്‍ കെ.എം. പണിക്കര്‍, അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള സര്‍ദാര്‍ ബഹുമതി ചിലര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകം ‘ഇന്ത്യ ഇന്‍ ദ ഇന്ത്യന്‍ ഓഷ്യന്‍സ്’ എഴുതിയത് 1946 ലാണ്. ആ പുസ്തകം ഇന്നും ക്ലാസിക് പുസ്തകമായി നിലകൊള്ളുന്നു. അതില്‍ വിവരിക്കുന്നുണ്ട് നമ്മുടെ സമുദ്രത്തിലെ പ്രഭാവ കാലവും പില്ക്കാലത്ത് സംഭവിച്ച ക്ഷീണവും. അത്തരം ചരിത്രകാര്യങ്ങള്‍ കുഞ്ഞാലിമരയ്ക്കാര്‍ സിനിമയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നമുക്ക് സമുദ്രത്തില്‍ ദുര്ബലരായിരുന്നുകൂടാ. ലോകത്ത് നമ്മുടെ രാജ്യത്തിന്റെ പേരില്‍ മാത്രമാണ് സമുദ്രമുള്ളത്- ഇന്ത്യന്‍ മഹാ സമുദ്രം; വേറേ ഒരു രാജ്യവുമില്ല. അതിനു കാരണം നമ്മള് ആ മേഖലയില്‍ നമുക്ക് എല്ലാ തലത്തിലും ആധിപത്യമുണ്ടായിരുന്നതുകൊണ്ടാണ്. കൈക്കരുത്തിന്റെ കാര്യത്തിലല്ല, സംസ്കാരം, വാണിജ്യം, സംരക്ഷണം തുടങ്ങി എല്ലാ രംഗത്തും നമുക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. ഇതെല്ലാം സമുദ്രത്തില്‍ നമ്മള് എത്രമാത്രം ശക്തമായിരുന്നുവെന്നും ആകണമെന്നും ജനങ്ങളെ ഒര്മിപ്പിക്കാനിടയാക്കും.
നമ്മള് ഒരിക്കലും പരമ്പരാഗതമായി ഒരിക്കലും സൈനിക ശക്തിയായി ആധിപത്യം ഉറപ്പിച്ചിരുന്നില്ല. നമ്മള് ലോക രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നത് സൈനികേതരമായ കാര്യങ്ങളിലാണ്. ഹാര്‍ഡ് കാര്യങ്ങളേക്കാള്‍ (സൈനിക ബലം) സോഫ്റ്റ് (ഇതര സേവന സഹായങ്ങള്‍) മേഖലയില്‍ ആയിരുന്നു നമ്മള്. ഇതിന് കൂടുതല്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും. സൈനിക കാര്യങ്ങളിലൂടെ പെട്ടെന്ന് സ്വാധീനിക്കാം, പക്ഷേ അത് താല്ക്കാലികമാകും, മറിച്ചാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് നേട്ടമാകും. സാംസ്കാരിക, വാണിജ്യ കാര്യങ്ങളിലുള്ള സ്വാധീനത്തിന് അത് സാധിക്കും, തീര്‍ച്ചയായും അത് സുരക്ഷാ കാര്യങ്ങളില്‍ മികവ് പുലര്‍ത്തിക്കൊണ്ടാകണം. ഇന്ത്യയുടെ കാര്യത്തില്‍ സോഫ്റ്റ് ഭാഗം എന്നുമുണ്ട്. ഏതു രാജ്യത്ത് പോയാലും ഏതുരാജ്യവുമായും അത് കാണാന്‍ കഴിയുന്നു. നമുക്ക് പരമാവധി ഇത് വിനിയോഗിക്കാന്‍ കഴിയണം.
നാവിക സേനാ ആസ്ഥാനം പ്രതിരോധ സൈനിക ആവശ്യത്തിനുള്ളതാണെന്നാണ് പൊതുവേ സാധാരണക്കാരുടെ ചിന്ത. പ്രദേശവാസികള്‍ക്ക് ഇവിടം എന്ത് സേവനം നല്കുന്നു?
പ്രാദേശിക സഹകരണം നോക്കുമ്പോള്‍ ആദ്യമായി മനിസിലാക്കേണ്ടത് ഇത് ഇന്ത്യന്‍ നേവിയാണ് എന്നതാണ്, മുഴുവന്‍ ഇന്ത്യയുടേതുമാണ്. സ്ഥാപനമെന്ന നിലയില്‍ നോക്കുമ്പോള്‍ അടിസ്ഥാന സൗകര്യം ആസ്ഥാനത്തിന് കൂടുതല്‍ സ്ഥലം തുടങ്ങിയവ വേണ്ടതുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാരിനെയാണ് സമീപിക്കുന്നത്. ഇവിടത്തെ മാത്രമല്ല, എവിടത്തെയും നാവികാസ്ഥാനത്തെ വിലയിരുത്തിയാല്‍ മനസിലാകും, അവിടങ്ങള്‍ വലിയ വരുമാനമുണ്ടാക്കുന്നുണ്ട്. അവിടെ സാങ്കേതിക സംവിധാനങ്ങള്‍ വരുന്നു. അവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രാദേശികമായി പണം ചെലവിടുന്നു. അവിടങ്ങളില്‍ പ്രാദേശികമായി തൊഴില്‍ ലഭ്യത ഉണ്ടാകുന്നു.
ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പല്‍ കൊച്ചിന് ഷിപ് യാഡിലാണ് ഉണ്ടാക്കുന്നത്. എത്രയെത്ര പേര്‍ക്കാണ് തൊഴില്‍ കിട്ടുന്നത്. ചെറുകിട വ്യവസായ യൂണിറ്റുകള്‍, താല്‍ക്കാലിക തൊഴില്‍, പുറത്തുനിന്നുള്ളവര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയവ ഒരുക്കുന്നവര്‍ തുടങ്ങി വിവിധ തലത്തില്‍ പ്രാദേശികമായി നേട്ടമുണ്ട്. സാങ്കേതിക സ്ഥാപനങ്ങളും മറ്റും ഏറെ തൊഴില്‍ സാധ്യതയുണ്ടാക്കുന്നു. ഇത് സാമൂഹ്യ അച്ചടക്കവും സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഇവിടത്തെ ശുചിത്വം മാതൃകയാണ്. ആസ്ഥാനം ഒരു പ്രത്യേക ക്ഷേമ-ഐശ്വര്യ ജീവിതത്തിന്റെ സന്ദേശം നല്‍കുന്നുണ്ട് പ്രദേശവാസികള്‍ക്ക്. ഞങ്ങളെ പ്രദേശവാസികള്‍ സ്വാഗതം ചെയ്യുന്നു, ഞങ്ങള്‍ അവര്‍ക്ക് മികച്ച പരിഗണന നല്കുന്നു.
മറ്റൊന്ന് നേവിയില്‍ ആളുകള്‍ ചേരുന്നതാണ്. ധാരാളം പേരെ നേവിക്ക് വേണം. സാങ്കേതിക യോഗ്യതയുള്ളവര്‍ക്കാണ് കൂടുതല്‍ അവസരം. ഞങ്ങള്‍ പരിീശലനവും നല്കുന്നു. തീരദേശത്തിന്റെ മുഴുവന്‍ സുരക്ഷക്കാര്യവും 2008 മുതല്‍ നേവിയാണ് നോക്കുന്നത്. അത് വലിയൊരു കാര്യമാണ്. അങ്ങനെ പ്രാദേശിക ഘടകങ്ങളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി നല്ല ഇടപഴകലുണ്ട്. സംസ്ഥാന സര്‍ക്കാര്‍, കസ്റ്റംസ്, മറൈന്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, വിജിലന്‍സ് തുടങ്ങി പലതും. ഇവര്‍ക്കു പുറമേ മത്സ്യബന്ധന തൊഴിലാളികളെന്ന വലിയൊരു വിഭാഗവുമായും നിരന്തരമായി അടുത്ത സമ്പര്‍ക്കത്തിലാണ്. അവരോടൊക്കെ ചേര്‍ന്നുനിന്നുള്ള പ്രവര്‍ത്തനം മികച്ച സുരക്ഷയൊരുക്കാന്‍ വഴിയാകുന്നു. ഇവിടെ മാത്രമല്ല, ലക്ഷദ്വീപിലും മറ്റും സഹായകമാണത്.
അങ്ങയുടെ നേവി സേവനത്തില്‍ പലതും റിക്കാര്‍ഡാണ്. നാല് യുദ്ധക്കപ്പലുകള്‍ നയിച്ചിട്ടുള്ളവര്‍ കുറവല്ലേ?
നാലല്ല അഞ്ച് കപ്പലുകള്‍ നയിച്ചിട്ടുണ്ട്. കപ്പല്‍ കമാന്‍ഡ് ചെയ്യുക എന്നത് അനുഭവമാണ്. ക്യാപ്റ്റനായിരിക്കുക എന്നാല്‍ കപ്പലിന്റെ എല്ലാമായിരിക്കുന്ന ഉത്തരവാദിത്വമാണ്. എന്റെ ആദ്യ കപ്പല്‍ ഒരു പെട്രോള്‍ ബോട്ടായിരുന്നു. 20 പേര്. അതു മുതല്‍ വിമാനം വഹിക്കുന്ന കപ്പല്‍ വരെ നയിച്ചു. ഏതു കപ്പലിലാണെങ്കിലും ഉത്തരവാദിത്വം ഒരുപോലെയാണ്. എന്തിന്, കപ്പലിനെന്തെങ്കിലും സംഭവിച്ചാല്‍, അവസാനം രക്ഷപ്പെടുന്നയാളായിരിക്കും ക്യാപ്റ്റന്‍. മറ്റുള്ളവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം.
യുദ്ധകാലത്തോ സമാധാനത്തിലോ വിശ്രമത്തിലോ കപ്പലിലുള്ള ഓരോരുത്തരുടെയും സുരക്ഷയും കാര്യങ്ങളും സംരക്ഷിക്കുന്ന തീരുമാനങ്ങളും നടപടികളുമാണ് ക്യാപ്റ്റന്‍ അപ്പപ്പോള്‍ എടുക്കേണ്ടത്. അതിന് അറിവുണ്ടാകണം, കഴിവുണ്ടാകണം, ശാരീരിക ക്ഷമത, മാനികാരോഗ്യം, തീരുമാനത്തിലെ കൃത്യത തുടങ്ങി എല്ലാമുണ്ടാകണം. ഏതു സമയവും നിര്‍ണായമാണ്. രാത്രിയാത്ര ചെയ്യുന്ന കപ്പലാണെങ്കില്‍ അവിടെയുണ്ടാകണം. പുലര്‍ച്ചെ യാത്ര തുടങ്ങുമ്പോള്‍ ഉണ്ടാകണം.
അതായത് 18 മണിക്കൂറിലേറെ പ്രവര്‍ത്തന നിരതനാകണം. ആറു മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ കിട്ടിയാലായി. ഇതിനെല്ലാമുള്ള ശാരീരിക ക്ഷമത വേണം. ഏതു സമയത്തും ആകസ്മികമായി അനിഷ്ടങ്ങള്‍ സംഭവിക്കാം. പ്രതിസന്ധിയുണ്ടാകാം. ചെറിയ തീപ്പിടിത്തങ്ങള്‍, ചിലരുടെ ബന്ധുക്കള്‍ മരിച്ച വിവരം വരാം, അതൊക്കെ പ്രശ്നങ്ങളാണ്. യുദ്ധം നേരിടുന്നതുമുതല്‍ ഒപ്പമുള്ളവരെ മാനേജ് ചെയ്യുന്നതുവരെയുള്ള വിയങ്ങളുണ്ട്. യെമനിലേക്ക് പോകുന്ന കപ്പല്‍. പെട്ടെന്ന് ഒരു മരണം ഉണ്ടാകുന്നു. എന്തുചെയ്യണം. മാനുഷിക പരിഗണനവേണോ നിയമം പിന്തുടരണോ. പെട്ടെന്ന് ഒരു തീരുമാനം എടുക്കണം. ഇതെല്ലാം കമാന്‍ഡിങ് ഓഫീസറുടേതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ തീരുമാനം എടുക്കാനാകണം. അത് കഠിനമായ അവസ്ഥയാണ്. അതൊരു ചെറിയ കടത്തു ബോട്ടിലായാലും ക്യാപ്റ്റന്റെ ഉത്തരവദിത്വമാണ്.
സമ്മാനങ്ങളുടെയും ബഹുമതികളുടെയും കാര്യത്തിലും അങ്ങയുടെ കാര്യം റെക്കോഡാണല്ലോ?
അങ്ങനെയല്ല, മുമ്പും പലര്‍ക്കും ഇത്രയൊക്കെ ബഹുമതികള്‍ കിട്ടിയിട്ടുണ്ട്. അതല്ല, ശരിയാണ് അവാര്‍ഡുകളും റിവാര്‍ഡുകളും നല്ലഅനുഭവമാണ്, നമ്മള് ചെയ്യുന്നത് ആരെങ്കിലും അംഗീകരിക്കുന്നുവെന്നത് വലിയ കാര്യമാണ്. എന്നാല്‍, ഏറെപ്പേരുണ്ട് പ്രവര്‍ത്തിക്കുന്നവരായി. യുദ്ധ സ്മാരകങ്ങളില്‍ എഴുതിക്കാണാറുണ്ടല്ലോ, വാഴ്ത്തപ്പെടാത്തവരായവരെ കുറിച്ച്. അവര്‍ പ്രവര്ത്തിച്ചവായിരിക്കും. നിങ്ങള്‍ക്ക് അവാര്‍ഡു കിട്ടുമ്പോള്‍ ഉത്തരവാദിത്വം കൂടുന്നു.
മുമ്പ് പരാമര്‍ശിച്ച സര്‍ദാര്‍ കെ.എം. പണിക്കരുടെ ജന്മനാടാണ് എന്റേതും എന്നു പറഞ്ഞപ്പോള്‍ അതേക്കുറിച്ച് വൈസ് അഡ്മിറല്‍ പലതും ചോദിച്ചറിറഞ്ഞു. പിന്നെ ഇങ്ങനെ വിശദീകരിച്ചു:
മികച്ച മാരിടൈം പുസ്തകമെഴുതിയ സര്‍ദാറാണ്. അദ്ദേഹത്തിന് സ്മാരകമൊന്നുമില്ല. നേവിക്ക് അക്കാര്യത്തില്‍ താല്പര്യമാണ് എന്ന് ബന്ധുക്കളെ അറിയിക്കുക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മാരിടൈം വിഷയം മുന്‍ നിര്‍ത്തി. നമുക്ക് ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഒരു മനോഹര മ്യൂസിയം ഉണ്ട്. അവിടെ നമുക്ക് സര്‍ദാര്‍ പണിക്കര്‍ കോര്‍ണര്‍ ഉണ്ടാക്കാം. അവിടെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, ഫോട്ടോഗ്രാഫ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കാം. കുടുംബാംഗങ്ങള്‍ തയാറാണെങ്കില്‍ നമുക്ക് അതില്‍ വേണ്ടത് ചെയ്യാം.
സിഎന്‍എസിന് തീര്‍ച്ചയായും കൂടുതല്‍ ഫണ്ട് വേണം. ബജറ്റില്‍ നേവിക്ക് കുറച്ചുകൂടി കൂടുതല്‍ സാമ്പത്തിക സഹായം വേണം. കാരണം നേവി വളരെ പ്രധാനമായ ഒരു മേഖലയാണ്. നമുക്ക് വേണ്ടത് ദീര്‍ഘകാലത്തേക്കുള്ള ഉപകരണങ്ങളും സംവിധാനവുമാണ്. ഉദാഹരണത്തിന് ഇപ്പോള്‍ ഒരു കപ്പല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍, അത് അടുത്ത മാസമോ വര്‍ഷമോ ലഭ്യമാക്കാനാകില്ല. ഒരു യുദ്ധക്കപ്പല്‍ നിര്‍മിച്ച് കിട്ടാന്‍ പലവര്ഷങ്ങള് വേണം. കുറഞ്ഞത് 10 വര്‍ഷംവേണം ഇന്ത്യയില്‍. നിരന്തരമായി നേവിക്ക് ഇത്തരം കാര്യങ്ങളില്‍ സഹായം വേണ്ടതുണ്ട്.
നേവി ഒരു നിക്ഷേപമേഖലയാണ്. ശരിയാണ് വന്‍ തുക മുടക്കേണ്ടതതുണ്ട്. നിക്ഷേപിക്കുന്ന തുകയില്‍ 70 % തിരികെ രാജ്യത്തുതന്നെ എത്തുന്നുമുണ്ട്. ഉരുക്ക് മുതല്‍ സകലതും വാങ്ങുന്നത് ഇന്ത്യയില്‍നിന്നുതന്നെ. ചില സാങ്കേതിക സംവിധാനങ്ങള്‍ മാത്രമാണ് വിദേശങ്ങളില്നിന്നെത്തിക്കുന്നത്. പണം മുഴുവന്‍ രാജ്യത്തുതന്നെ എത്തുന്നു. സാമ്പത്തിക മേഖല ശക്തമാകുന്നു. കപ്പല്‍ നിര്‍മാണ മേഖലയില്‍ നമ്മള് മുന്നിലാണ്. ഇതിലൂടെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ കിട്ടുന്നു. യുദ്ധക്കപ്പലുകള്‍ പോലും കയറ്റുമതി തുടങ്ങി. നേവിക്ക് മുടക്കുന്ന പണം മുഴുവന്‍ തിരിച്ചു കിട്ടുന്നു. അതുകൊണ്ട് പ്രതിരോധത്തില്‍ കൂടുതല്‍ വിഹിതം നേവിക്ക് നല്‍കുന്നത് നന്നായിരിക്കും. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ചിലതുചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാര്‍ അതിന് സന്നദ്ധമാണ്. യഥാസമയം അതുചെയ്യുമെന്നുറപ്പാണ്, വൈസ് അഡ്മിറല്‍ പറഞ്ഞു.
അടുത്തറിയാന്‍ ദക്ഷിണ നാവിക ആസ്ഥാനത്ത് തലപ്പത്താണ് വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ള പിവിഎസ്എം, എവിഎസ്എം,എന്‍എം, വിഎസ്എം,എഡിസി. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍ (2015), വിശിഷ്ട സേവാ മെഡല്‍ (2013), നാവിക സേനാ മെഡല്‍ (2003), രാഷ്ട്രപതിയുടെ എയ്ഡെ-ഡെ- ക്യാമ്പ് എന്നിങ്ങനെയാണ്, സൈനിക മേഖലയില്‍ കിട്ടാവുന്ന ഏറ്റവും വിശിഷ്ട ആദരവുകളുടെ പൂര്‍ണ രൂപം. അസാധാരണമായി ഇത്രയും ബഹുമതികള്‍ക്ക് അര്‍ഹനായ എ.കെ. ചാവ്ള ഭാരത-പാകിസ്ഥാന് യുദ്ധമായ ഓപ്പറേഷന് പരാക്രമില്‍ ഐഎന്‍എസ് കോറ എന്ന യുദ്ധക്കപ്പല്‍ നയിച്ച് പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം അഞ്ച് യുദ്ധക്കപ്പലുകള്‍ക്ക് കമാന്‍ഡ് ആയിരുന്ന അസാധാരണ സേവന ചരിത്രം ഉള്ളയാളാണ്. 1982 ജനുവരി ഒന്നിന് നാവിക സേനയില്‍ ചേര്‍ന്നു. 2018 ജൂലൈ 31 നാണ് കൊച്ചി ആസ്ഥാനത്ത് ചുമതലയേറ്റത്. നാവികസേനയുടെ ഒട്ടെല്ലാ പ്രവര്‍ത്തന രംഗത്തും അദ്ദേഹം ചുമതലയിലെത്തി. അസിസ്റ്റന്റ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫായി (വിദേശ സഹകരണവും ഇന്റലിജന്‍സും, നയവും പദ്ധതിയും). വെസ്റ്റേണ്‍ ഫ്ളീറ്റിന്റെ കമാന്‍ഡായി, ഡയറക്ടര്‍ ജനറല്‍ നേവല്‍ ഓപ്പറേഷന്‍സ് ചുമതലകള്‍ പ്രധാനം. ഭാര്യ സ്വപ്ന ചാവ്ള. |
പ്രതികരിക്കാൻ ഇവിടെ എഴുതുക: