പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങളോടെയാണ് ജനുവരി 20 വരെ നീളുന്ന തീര്‍ത്ഥാടനക്കാലത്ത് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം അനുവദിക്കുക. ഇന്ന് വൈകിട്ട് 5ന് നട തുറക്കുമെങ്കിലും നാളെ രാവിലെ മുതല്‍ മാത്രമെ ഭക്തരെ മലകയറാന്‍ അനുവദിക്കൂ.
തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി മഹാആഴിയിലേക്ക് അഗ്നിപകരും. 5.30ന് പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകള്‍ നടക്കും. വി.കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തിയായും ജനാര്ദ്ദനന് നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായും ചുമതലയേല്‍ക്കും. അടുത്ത ഒരു വര്‍ഷത്തെ ഭഗവത് പൂജയുടെ നിയോഗം ഇവര്‍ക്കാണ്. ആദ്യം സന്നിധാനത്തും തുടര്‍ന്ന് മാളികപ്പുറത്തും തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തി അവരോധ ചടങ്ങുകള്‍ നടക്കുന്നത്. നാളെ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് ക്ഷേത്ര നടകള്‍ തുറക്കുക. നിലവിലെ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ഒരു വര്‍ഷത്തെ അയ്യപ്പ പൂജയുടെ പുണ്യവുമായി ഇന്ന് രാത്രിയോടെ മലയിറങ്ങും.
തീര്‍ത്ഥാടനക്കാലത്ത് ഒരുദിവസം ആയിരം ഭക്തര്ക്കുമാത്രമാണ് ദര്‍ശനം അനുവദിക്കുക. വെര്‍ച്വല്‍ക്യു ബുക്ക് ചെയ്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന വരെ മാത്രമേ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് കടത്തി വിടു. പമ്പയിലെ പുണ്യ സ്നാനത്തിന് അനുവാദമില്ല.സന്നിധാനത്ത് തീര്‍ത്ഥാടകരെ തങ്ങാനും അനുവദിക്കില്ല. പഴയപോലെ അടിസ്ഥാന ഇടത്താവളം നിലയ്ക്കലാണ്. ഇവിടെ വാഹനങ്ങളുടെ പാര്‍ക്കിങ്, അയ്യപ്പന്മാര്ക്കുള്ള വിശ്രമ സൗകര്യം തുടങ്ങി എല്ലാം ക്രമീകരിക്കുമെന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും അറിയിച്ചിട്ടുള്ളത്. ശുദ്ധജല വിതരണത്തിനുള്ള കിയോസ്കുകള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സജ്ജമാക്കി. പരിമിതമായി ശുചിമുറികളും തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കായുള്ള താല്‍ക്കാലിക കേന്ദ്രം പോലീസ് കണ്ട്രോള് റൂമിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: