തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വപ്ന പദ്ധതികളെന്ന് സ്വയം വിശേഷിപ്പിച്ച പദ്ധതികളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി)തിരെ ധനമന്ത്രി തോമസ് ഐസക്ക്. സ്വപ്ന പദ്ധതികള്‍ തകര്‍ക്കാന്‍ ഇഡിയുടെ ശ്രമമുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണം. ലൈഫ്, കെ ഫോണ്‍, ടോറസ് ഐടി പാര്‍ക്ക്, ഇ മൊബിലിറ്റി എന്നീ പദ്ധതികളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഇടപെട്ടതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം കേന്ദ്ര ഏജന്‍സികള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.
കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്നാണ് തോമസ് ഐസക്കിന്റെ മറ്റൊരു ആരോപണം. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോര്‍ട്ട് പരാമര്‍ശം അട്ടിമറിയാണെന്നാണ് തോമസ് ഐസക് പറയുന്നത്. കിഫ്ബി വായ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമുള്ള കണ്ടെത്തലുകള്‍ ഓഡിറ്റ് വേളയില്‍ ഒരിക്കല്‍പ്പോലും ഉന്നയിക്കപ്പെടാത്തതാണ്. റിപ്പോര്‍ട്ടില്‍ ഇവ ഇടംപിടിച്ചതില്‍ ഗൂഢാലോചനയുണ്ട്. സി ആന്‍ഡ് എജിയെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാന്‍ ഉപയോഗിക്കുകയാണ്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണയുണ്ട്. സിആന്‍ഡ് എജിയുടെ ഓഫീസും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ളവരും തമ്മില്‍ അടുത്ത ബന്ധമുണ്ട്. തൃശൂര്‍ രാമനിലയത്തില്‍ ഗൂഢാലോചന നടന്നത് തനിക്കറിയാമെന്നും ഐസക്ക് ആരോപിച്ചു.
ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. നിയസഭയുടെ മേശപ്പുറത്തു പോലും വെക്കാത്ത ഒരു റിപ്പോര്‍ട്ട് എവിടെ നിന്നാണ് ധനമന്ത്രിക്ക് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇത് ഗുരുതരമായ ചട്ടലംഘനവും നിയവിരുദ്ധവുമാണെന്നും ചെന്നിത്തല പറഞ്ഞു. സിഎജിയുടെ ഓഡിറ്റ് കരട് റിപ്പോര്‍ട്ട് നിയമസഭയ്ക്കും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കും മുന്നില്‍ എത്തുന്നതിനും മുന്നേ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: