കൊല്ലം: ”…..പൂഴിമണ്ണ് വാരിയിടാന്‍ പോലും തേവള്ളി ബോയ്സ് ഹൈസ്കൂളില്‍ സ്ഥലമില്ലായിരുന്നു. കൂടിനിന്നവര്‍ക്കെല്ലാം അവസാനമായി ഒരു നോക്കുകണ്ടേ തീരൂ. മണിക്കൂറുകള്‍ പോകുന്തോറും ആളുകളുടെ എണ്ണവും വര്‍ധിച്ചുവന്നു. നിശ്ചയിച്ചതിലും മൂന്നുമണിക്കൂറും വൈകിയാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാനായത്…” പ്രിയനടന് ജയന്റെ മൃതദേഹം കാണാനായി തേവള്ളി മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ മൈതാനിയിലേക്ക് കഷ്ടിച്ചുകടന്നുകൂടിയ അന്നത്തെ കോളജ് വിദ്യാര്‍ഥിയും ടിഡി നഗര്‍ സ്വദേശിയുമായ ചന്ദ്രകുമാറിന്റെ വാക്കുകള്‍.
1980 നവംബര്‍ 16നാണ് മലയാളസിനിമയിലെ ആ അതുല്യനടന് ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഏഴുകൊല്ലത്തെ ചുരുങ്ങിയ ജീവിതകാലം, 116 സിനിമകള്‍. ഇത് ജയന്റെ മാത്രം റെക്കോഡായി സിനിമാലോകം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഓലയില്‍ നാണി മെമ്മോറിയല്‍ ആശുപത്രി ഇരിക്കുന്ന സ്ഥലത്തായിരുന്നു ജയന്റെ കുടുംബവീട്. സത്രം മാധവന്‍പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1939ല്‍ ജനനം. കൃഷ്ണന് നായര്‍ എന്ന് യഥാര്‍ഥപേര്. സിനിമയ്ക്കായി ജയനെന്ന് പേരുമാറ്റിയത് നടന് ജോസ് പ്രകാശാണ്. 15 വര്‍ഷം നേവിയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് സിനിമാരംഗത്തേക്ക് കടക്കുന്നത്.
1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തില്‍ അരങ്ങേറ്റം. ഒരുവര്‍ഷം ഇരുപത് ചിത്രങ്ങള്‍ വരെ അഭിനയിച്ചു. അന്നുവരെ കേട്ടതില്‍ നിന്നും ഭിന്നമായ ശബ്ദഗാംഭീര്യവും അഭിനയത്തിലെ വ്യത്യസ്തതയുമാണ് ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകര്‍ഷിച്ചത്. നായകനടന്മാര് പലരും അതിസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുമ്പോള്‍ അത്തരം സീനുകള്‍ ഭയരഹിതമായി ചെയ്യുന്നതായിരുന്നു ജയന്റെ പ്രത്യേകത.
തമിഴ്നാട് ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സില്‍ ഹെലികോപ്റ്ററിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ജയന് മരിച്ചത്.
ജന്മസ്ഥലമായ ഓലയില്‍ ഭാഗത്ത് ജയന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ജന്മദിനത്തിലും ചരമദിനത്തിലും ആരാധകര്‍ അവിടെയെത്തി പുഷ്പാര്‍പ്പണം നടത്തുകയാണ് പതിവ്. ഈ വര്‍ഷം നവീകരിച്ച ജില്ലാ പഞ്ചായത്ത് ഐടി ഹാളിനും ജയന്റെ പേരു നല്കി. നാളെ തട്ടാമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയന് സ്മാരക സാംസ്കാരികവേദി ഓണ്‍ലൈനായി അനുസ്മരണവും നടന് നെടുമുടി വേണുവിന് ജയന് സ്മാരക അവാര്‍ഡുവിതരണവും സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: