ഭുവനേശ്വര്‍: പ്രതിരോധ മേഖലയില്‍ വീണ്ടും ശക്തികാട്ടി ഇന്ത്യ. ഡിആര്‍ഡിഒ വികസിപ്പിച്ച ദ്രുത പ്രതികരണ ഉപരിതല-വായു മിസൈല്‍ സംവിധാനം വിജയകരമായി ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയിലെ ഐടിആര്‍ ചാന്ദിപ്പൂരില്‍ വെള്ളിയാഴ്ച വൈകിട്ട് 3.50നായിരുന്നു പരീക്ഷണ വിക്ഷേപണം. മിസൈല്‍ നേരിട്ട് ലക്ഷ്യത്തില്‍ പതിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.
ബാറ്ററി മള്‍ട്ടിഫങ്ഷന്‍ റഡാര്‍, ബാറ്ററി സര്‍വൈലന്‍സ് റഡാര്‍, ബാറ്ററി കമാന്‍ഡ് പോസ്റ്റ് വെഹിക്കിള്‍, മൊബൈല്‍ ലോഞ്ചര്‍ എന്നിവയടങ്ങുന്ന മിസൈല്‍ സംവിധാനം പൂര്‍ണമായും ആഭ്യന്തരമായി നിര്‍മിച്ചതാണ്. സിംഗിള്‍ സ്‌റ്റേജ് സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുപയോഗിച്ചായിരുന്നു വിക്ഷേപണം. മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് ആറ് മിസൈലുകള്‍ തുടര്‍ച്ചയായി വിക്ഷേപിക്കാന്‍ ഈ സംവിധാനത്തിനാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചലിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യങ്ങള്‍ കണ്ടെത്തി ഭേദിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനം പ്രധാനമായും വ്യോമ പ്രതിരോധത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. എട്ട് സെക്കന്‍ഡിനുള്ളില്‍ 30 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കും. ഡിആര്‍ഡിഒയുടെ നിരവധി ലാബുകള്‍ സംയുക്തമായാണ് പരീക്ഷണ വിക്ഷേപത്തിന് ചുക്കാന്‍ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: