ഇടുക്കി: പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്ന് കളിക്കൂട്ടുകാരി ധനുഷ്ക(2) യുടെ ചേതനയറ്റ ശരീരം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ മലയാളികളുടെ കണ്ണീരായി മാറിയിരുന്നു. പിന്നീട് ഈ നായയെ ജില്ലാ ഡോഗ് സ്ക്വാഡ് ദത്തെടുക്കുകയായിരുന്നു.
എന്നാല്‍ കുവിയുടെ ഉടമസ്ഥരായ കുടുംബത്തിലെ ധനുഷ്കയുടെ അമ്മയേയും ചേച്ചിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. കസ്തൂരി(26), പ്രിയദര്‍ശിനി(7) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മികച്ച ഭക്ഷണവും പരിചരണവും ലഭിച്ചതോടെ കുവിയുടെ ശരീര ഘടന തന്നെ മാറി. നായ പറഞ്ഞാല്‍ അനുസരിക്കുന്നതായും കൂടുതല്‍ ചുറുചുറക്ക് വന്നതായും കുവിയെ ഏറ്റെടുക്കാന്‍ മുന്നിട്ടിറിങ്ങിയ ഡോഗ് സ്ക്വാഡിലെ ട്രയിനര്‍ അജിത്ത് മാധവന് പറയുന്നു. നിലവില്‍ കുവിക്ക് നല്‍കുന്നത് പരിശീലനം തുടരുകയാണ്.
തൊടുപുഴ: അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണം മൂന്നാറിന് സമീപം കുറ്റിയാര്‍വാലിയില്‍ പുരോഗമിക്കുന്നു. 8 കുടുംബങ്ങളിലായുള്ള(8 വീട്) 16 പേര്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുകയെന്നും നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു.
കേരള പിറവി ദിനത്തിലാണ് ദുരന്തബാധിതര്‍ക്ക് അഞ്ച് സെന്റ് വീതം സ്ഥലത്തിന്റെ പട്ടയം കൈമാറിയതും വീട് നിര്‍മാണം ആരംഭിച്ചതും. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഈ മാസം അവസാനത്തോടെ നല്‍കും. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു മാസം കഴിയണമെന്നതിനാലാണ് ഇത് വൈകുന്നതെന്നും അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍, തമിഴ്നാട് സര്‍ക്കാര്‍, കണ്ണന് ദേവന് കമ്പനി എന്നിവര്‍ നല്കുന്ന സാമ്പത്തിക സഹായവും ഇതിന് പിന്നാലെ ലഭ്യമാക്കുമെന്നും കളക്ടര്‍. അപകടത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ കണ്ണന് ദേവന് കമ്പനി വീടു നിര്‍മിക്കാന്‍ സ്ഥലം നല്‍കില്ലെന്നു പറഞ്ഞത് വിവാദമായിരുന്നു. കമ്പനിയാണ് സഹായം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രിയടക്കം പറഞ്ഞിരുന്നു. വിഷയത്തില്‍ ചര്‍ച്ച നീണ്ടതോടെ ജന്മഭൂമി അടക്കം ഇത് വാര്‍ത്തയാക്കി.
സാധ്യതകള്‍ പരിശോധിച്ച കളക്ടറുടെയും സബ് കളക്ടറുടേയും ഇടപെടല്‍ വിഷയത്തില്‍ നിര്‍ണായകമായി. ഇതോടെയാണ് ഒരു കോടി രൂപ വീട് നിര്‍മ്മാണത്തിനായി കമ്പനി അധികൃതര്‍ അനുവദിച്ചത്. സ്ഥലത്തേക്ക് വീതിയുള്ള റോഡ് ഉള്‍പ്പടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി നിര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: