ഭാരതത്തിന്റെ സ്വാതന്ത്ര സമര ചരിത്രത്തില്‍ ചിലര്‍ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ചരിത്ര രചനകളില്‍ ഇടം പിടിക്കാത്തവര്‍. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ ഇവരെ ചരിത്രത്തില്‍ നിന്ന് തമസ്കരിച്ചത് എന്തിനായിരുന്നുവെന്ന് ചോദ്യം ഉയരേണ്ടതുണ്ട്. ബിര്‍സമുണ്ട വനവാസി സ്വാതന്ത്ര്യസമര സേനാനിയും ഇത്തരത്തില്‍ തിരസ്ക്കരിക്കപ്പെട്ട വീരനായകനാണ്.
1900 ജൂണ്‍ 9ന് ബിര്‍സമുണ്ട തന്റെ ഇരുപത്തി അഞ്ചാം വയസില്‍ റാഞ്ചി ജയിലില്‍വച്ച് മരിക്കുമ്പോള്‍ ഭാരതത്തിന് നഷ്ടപ്പെട്ടത് സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് നല്‍കേണ്ടി വന്ന ഒരു വനവാസി യോദ്ധാവിനെ ആയിരുന്നു. ഒരു പാഠപുസ്തകത്തിലും പരാമര്‍ശിച്ചിട്ടില്ലാത്ത ചരിത്രം രേഖപ്പെടുത്താന്‍ മറന്നുപോയ ബിര്‍സമുണ്ട ആരായിരുന്നു?
ഇന്നത്തെ ഝാര്‍ഖണ്ഡില്‍ 1875 നവംബര്‍ 15 നാണ് ബിര്‍സ മുണ്ട ജനിക്കുന്നത്. ബ്രിട്ടീഷ്കാര്‍ക്ക് ഭാരതത്തിന്റെ വനപ്രദേശങ്ങളിലെ നിറഞ്ഞ വനസമ്പത്ത് കൈക്കലാക്കുകയാണ് ലക്ഷ്യമെന്ന് ബിര്‍സമുണ്ട വളരെ ചെറുപ്പത്തില്‍ തന്നെ മനസിലാക്കി. വനവാസികളുടെ ഇടയില്‍ സാംസ്കാരിക മാറ്റങ്ങളും പുതിയ വിശ്വാസപ്രമാണങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടം മിഷനറിമാരെ നിയോഗിച്ചു.
ഗൂഢലക്ഷ്യത്തോടെ 1894 ഒക്ടോബര്‍ 19 ന് നിലവില്‍ വന്ന ആദ്യത്തെ നാഷണല്‍ ഫോറസ്റ്റ് പോളിസി അനുസരിച്ച് വനസമ്പത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൈകളിലായി. ഇത് വനവാസികളുടെ ജീവിതം ദുസ്സഹമാക്കി. ബിര്‍സ മുണ്ട ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു.
ഭാരതത്തിന്റെ പൈതൃകം എത്ര സമ്പന്നമാണെന്ന് മനസിലാക്കിയ മുണ്ട ഗോക്കളെ ആരാധിക്കാനും പ്രകൃതിയെ പൂജിക്കാനും വ്യക്ഷങ്ങളെ പരിരക്ഷിക്കാനും വനവാസികളോട് ആഹ്വാനം ചെയ്തു. ബ്രിട്ടീഷ്കാരന്റെ ചൂഷണത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി.
ഉല്‍ഖുലാന്‍ എന്ന പേരില്‍ ബിര്‍സമുണ്ട ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. വനവാസി ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗവണ്മെന്റിനെ നിര്‍ബ്ബന്ധിച്ചു. മുണ്ടയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തെ രോഷാകുലരാക്കി. 1900 മാര്‍ച്ചില്‍ ചക്രധാരാപൂര്‍ ജംങ്കോപായ് വനത്തില്‍ വച്ച് മുണ്ട അറസ്റ്റ് ചെയ്യപ്പെട്ടു. റാഞ്ചി ജയിലില്‍ വച്ച് ജൂണ്‍ 9ന് മുണ്ട മരിച്ചു. കോളറ മൂലം മരണം സംഭവിച്ചു എന്ന് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചുവെങ്കിലും മുണ്ട യഥാര്‍ത്ഥത്തില്‍ വധിക്കപ്പെടുകയായിരുന്നു.
ഇരുപത്തി അഞ്ചു വര്‍ഷത്തെ ഹ്രസ്വ ജീവിതം കൊണ്ട് വനവാസി സമൂഹത്തില്‍ ബിര്‍സമുണ്ട കൊളുത്തിയത് വലിയ തിരിച്ചറിവിന്റെ അഗ്നിയാണ്. വൈദേശിക ശക്തികളാണ് എല്ലാ വിപത്തുകളുടേയും കാരണം എന്ന് വിശ്വസിച്ച ബിര്‍സ ഭാരതത്തിന്റെ അഖണ്ഡതയും അന്തസും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്ന് വനവാസി യുവാക്കളെ പഠിപ്പിച്ചു. മുണ്ടയുടെ ഓരോ വാക്കിലും ദേശസ്നേഹം നിറഞ്ഞുനിന്നിരുന്നു. ഈശ്വരസമര്‍പ്പണത്തിന് മനസും ശരീരവും ഒരുപോലെ പരിശുദ്ധമാകണമെന്നും ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കൂം കോട്ടംതട്ടുന്നതൊന്നും ചെയ്യാന്‍ പാടില്ലെന്നും ബിര്‍സ വനവാസി യുവാക്കളെ ഉദ്ബോധിപ്പിച്ചു.
വനവാസികള്‍ നടത്തിയ സ്വാതന്ത്ര്യസമരം ചരിത്രരേഖകള്‍ ആയോ എന്നറിയില്ല. 1784 – 85 കളില്‍ മഹാരാഷ്ട്രയിലെ മഹാദേയ് കോളി ഗോത്രക്കാരും സന്താള്‍ ഗോത്രക്കാരുമാണ് ആദ്യമായി വൈദേശിക ശക്തികള്‍ക്കെതിരെ വനവാസികളുടെ ഇടയില്‍ നിന്നും പടവാള് ഉയര്‍ത്തിയത്.
ഇങ്ങ് കേരളത്തില്‍ തലക്കര ചന്തുവിന്റെ നേത്യത്വത്തില്‍ കുറിച്യര്‍ 1802 ല്‍ വയനാട്ടില്‍ ബ്രിട്ടീഷുകാരെ ആക്രമിക്കുകയും അതിനെ തുടര്‍ന്ന് ആസൂത്രിതമായി വൈദേശിക ഭരണത്തിനെതിരെ അണിനിരക്കുകയും ചെയ്തു. 1832 ഓടു കൂടി ഛോട്ടനാഗ്പൂരില്‍ കോളി ഗോത്ര വംശജര്‍ ആയുധമെടുത്ത് ബ്രിട്ടീഷിനെതിരെ പോരാടി. 1850ല്‍ ഒറീസയിലും 1855 ല്‍ സന്താള്‍ ഭാഗത്തും വലിയ തോതില്‍ വനവാസികള്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. 1860ല്‍ മിസോറം വനവാസികള്‍ ബ്രിട്ടീഷ് സേനയെ ആക്രമിച്ചു. 1880 അംഗാമി നാഗഗോത്രവംശജരും 1890 ല്‍ താന്തിയഭിലും ഉയര്‍ത്തിയ കലാപങ്ങള്‍ ബ്രിട്ടീഷ്ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. ഇതില്‍ നിന്നും ഊര്‍ജ്ജം കൈകൊണ്ടാണ് ബിര്‍സ മുണ്ട 1895 ല്‍ ആയുധം എടുത്ത് ആക്രമണത്തിന് നേതൃത്വം കൊടുത്തത്.
1913 നവംബര്‍ 17ന് രണ്ടായിരത്തിലധികം വനവാസികളാണ് രാജസ്ഥാന് പര്‍വ്വതനിരകളില്‍ ബ്രിട്ടീഷ്കാരാല്‍ കൊല്ലപ്പെട്ടത്. 1922 ല്‍ അല്ലൂരി സീതാരാമ രാജുവിന്റെ നേതൃത്വത്തിലുള്ള ഖോയവംശജര്‍ വീണ്ടും ബ്രിട്ടീഷ് സേനക്ക് എതിരെ ആയുധം എടുത്ത് പോരാടി.
1931 കളിലും 41-42 കാലഘട്ടങ്ങളിലും തെലുങ്കാനയിലും ഒറീസയിലും വനവാസികള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ സ്വായുധസമരം നടത്തി. രോഷാകുലരായ ബ്രിട്ടീഷ് ഭരണകൂടം ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് സമാനമായി ഡോംബാരി കുന്നില്‍ ബിര്‍സയുടെ നേത്യത്വത്തില്‍ അണിനിരന്ന വനവാസി യുവാക്കള്‍ക്കുനേരെ വെടിവെപ്പ് നടത്തി.
മുണ്ട ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. 1988 ല്‍ ഇന്ത്യ ഗവണ്മെന്റ് അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കി.
ബിര്‍സമുണ്ട എയര്‍പോര്‍ട്ട് റാഞ്ചി, ബിര്സഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, സിന്ദ്രി, സിദ്ധോ കാന്‍ഹോ ബിര്‍സ യൂണിവേഴ്സിറ്റി, ബിര്‍സ അഗ്രികള്ച്ചര്യൂണിവേഴ്സിറ്റി ഇവയൊക്കെ ബിര്‍സമുണ്ടെയുടെ ഓര്‍മ്മ പുതുക്കുന്ന സ്ഥാപനങ്ങളാണ്.
അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്ത്യന്‍ പാര്‍ലമെന്റ് ഹാളില്‍ മുണ്ടയുടെ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇത്തരം ഒരു വലിയ ആദരവ് ലഭിക്കുന്ന ഒരേയൊരു വനവാസി നേതാവ് ബിര്‍സമുണ്ടയാണ്, നവംബര്‍ 15 മുണ്ടയുടെ ജന്മദിനം വനവാസി സ്വാഭിമാന ദിനമായി കൊണ്ടാടുന്നു. 2000 നവംബര്‍ 15ന് ഝാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത് മുണ്ടയുടെ ജന്മദിനത്തിലാണ്.
ബിര്‍സമുണ്ടയുടെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. വനവാസി സമൂഹം അര്‍ഹിക്കുന്നത് അവരുടെ ജീവിതമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന അവര്‍ക്കു വേണ്ടത് തനതായസംസ്കാരവും അതിലൂന്നിയ പുരോഗതിയുമാണ്. മുണ്ടയുടെ ജീവത്യാഗത്തിന് കൊടുക്കേണ്ട ആദരവ് വനവാസികളുടെ ഉന്നതി തന്നെയാണ്! കാലത്തിന്റെ മാറ്റത്തിലും സാങ്കേതിക വിദ്യയുടെ സാധ്യതകളിലും അവര്‍ തേടുന്നത് അതു തന്നെയാണ്!
അഖില ഭാരതീയ വനവാസി കല്യാണാശ്രമം നവംബര്‍ 15 വനവാസി ഗൗരവ ദിവസമായി രാജ്യം മുഴുവന്‍ ആഘോഷിക്കുന്നു. പഴശ്ശിരാജയുടെവലംകൈയായ കുറിച്യ വീരന് തലക്കല്‍ ചന്തുവിന്റെ വീരാഹുതി ദിനവും നവംബര്‍ 15 ആണ്. കേരള വനവാസി വികാസ കേന്ദ്രം വയനാട് പനമരം കോളി മരം പ്രദേശത്ത് ഞായറാഴ്ച നവംബര്‍ 15ന് ബിര്‍സമുണ്ട യുടെയും തലക്കല്‍ ചന്തുവിനെയും അനുസ്മരണം നടത്തുന്നു.
കേന്ദ്ര മന്ത്രി വി.മുരളിധരന് ഓണ്‍ലൈനില്‍ പരിപാടി രാവിലെ 11ന് ഉല്‍ഘാടനം ചെയ്യും. വനവാസി വികാസ കേന്ദ്രം രക്ഷാധികാരി പള്ളിയറ രാമന്, സിനിമ സംവിധായകനും നടനും ആയ സന്തോഷ് പണ്ഡിറ്റിന് വനവാസിമിത്രസേവ പുരസ്ക്കാരം സമ്മാനിക്കും.
പ്രൊഫ. ലത നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: