തിരുവനന്തപുരം : സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴം വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം. വിവാരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയില്‍ സാമൂഹിക ക്ഷേമ വകുപ്പ് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാര്‍ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റ് നല്കിയ ഈന്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതിനിടയിലാണ് വിവരാകാശ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
നികുതിയില്ലാതെ 17,000 കിലോ ഈന്തപ്പഴമാണ് യുഎഇ കോണ്‍സുലേറ്റ് വിതരണത്തിനായി ഇറക്കുമതി ചെയ്തത്. ഇവ സാമൂഹിക ക്ഷേമ വകുപ്പിന്റെ സ്ഥാപനങ്ങള്‍ കൂടാതെ സ്വപ്നയ്ക്ക് പരിചയമുള്ള ഉദ്യോഗസ്ഥര്‍ക്കും മറ്റും വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം കൊണ്ടാണ് 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചത്. വാണിജ്യ ആവശ്യത്തിനല്ലാതെ ഇത്രയും ഈന്തപ്പഴം പൊതുവേ ഇറക്കുമതി ചെയ്യാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: