മലപ്പുറം: തുടര്‍ച്ചയായുള്ള എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കാന്‍ കെ.എം. ഷാജിയെ മുസ്ലിം ലീഗ് വിളിച്ചു വരുത്തി. പാണക്കാട്ട് ചേരുന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്കാണ് കെ.എം. ഷാജി എംഎല്‍എയെ വിളിച്ചു വരുത്തിയിരിക്കുന്നത്.
അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കെ.എം. ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയത്. ഷാജിയുടെ വരുമാന ഉറവിടങ്ങളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യങ്ങളില്‍ കൂടുതലും. ഇത് കൂടാതെ എംഎല്‍എയുടെ ഭാര്യയേയും ചോദ്യം ചെയ്തിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് കെ.എം. ഷാജിയുടെ വീട് നിര്‍മിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതുപ്രകാരം കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 3000ല്‍ താഴെ ചതുരശ്ര അടിയുള്ള വീടിനാണ് പെര്‍മിറ്റ് എടുത്തത്. എന്നാല്‍ വീട് 5000 ചതുരശ്ര അടിക്കു മുകളിലാണ്. പെര്‍മിറ്റിന്റെ കാലാവധി 2016ല്‍ കഴിഞ്ഞെങ്കിലും വീടു പണിതീര്‍ത്തശേഷം കെട്ടിട നമ്പര്‍ വാങ്ങുകയോ പെര്‍മിറ്റ് പുതുക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് എംഎല്‍എ വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: