കടലുണ്ടി: ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കറിക്കുന്ന കടലുണ്ടി വാവുത്സവം നാളെ. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ജാതവന്‍ പുറപ്പാട് മണ്ണൂരിലെ ജാതവന്‍ കോട്ടയില്‍ നിന്നും ആരംഭിച്ചു. ഭക്തജനങ്ങളുടെ ആരവങ്ങളില്ലാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ജാതവന്റെ ഊരുചുറ്റല്‍ ചടങ്ങ് ആരംഭിച്ചത്.
കുന്നത്ത് തറവാട്ടുകാരണവരുടെ അനുവാദത്തോടെ അമ്പാളി കാരണവരുടെ അകമ്പടിയില്‍ മാരത്തയില്‍ തറവാട്ടു കാരണവരുടെ സാന്നിദ്ധ്യത്തില്‍ മൂത്ത പെരുവണ്ണാന്‍ കുടിപുരയ്‌ക്കല്‍ വാസുദേവനും ചോപ്പനും സംഘവും ചേര്‍ന്നാണ് പാല്‍വര്‍ണ്ണകുതിര പുറത്തേറിയ ജാതവനെ എഴുന്നെള്ളിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ വാദ്യമേളങ്ങളും പരിമിതപ്പെടുത്തിയിരുന്നു. ജാതവന്റെ ഗൃഹസന്ദര്‍ശനം പരിമിതമായ വീടുകളില്‍ ആചാരങ്ങളിലൊതുക്കിയാണ് നടക്കുന്നത്.
നാളെ പുലര്‍ച്ചെ നീരാട്ടിനെത്തുന്ന പേടിയാട്ടമ്മയ്‌ക്കൊപ്പം ഉച്ചയ്‌ക്ക് 12.30തോടെ വാക്കടവില്‍ നിന്നും ജാതവന്റെ എഴുന്നെള്ളത്ത് ആരംഭിയ്‌ക്കും. കുന്നത്ത് തറവാട്, കറുത്തങ്ങാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പേടിയാട്ട് ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചു മണിയോടെ എത്തി സന്ധ്യാനേരം ദേവിയുടെ കൂടികൂട്ടല്‍ ചടങ്ങ് നടക്കുന്നതോടെ ഉത്സവ ആചാരചടങ്ങുകള്‍ സമാപിയ്‌ക്കും. വാക്കടവ്, കുന്നത്ത് തറവാട്, കറുത്തങ്ങാട്, പേടിയാട്ട്കാവ് എന്നിവിടങ്ങളിലൊന്നും കോവിഡ് പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: