കൊല്ലം: കൊല്ലം റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും വലിയ സൈനികക്യാമ്പായ ബറ്റിന്ഡയിലേക്ക് പോകുംവഴി കാണാതായ സൈനികനെ അതിസാഹസികമായി തിരഞ്ഞു പിടിച്ച് റെയില്‍വേയിലെ കേരള പോലീസ്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ കേരള പോലീസ് എസ്എച്ച്ഒ എസ്ഐ ഉമറുല്‍ ഫറൂഖ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് കൂടിയായ സിപിഒ രാജു എന്നിവരാണ് നാലായിരത്തിനടുത്ത് കിലോമീറ്റര്‍ യാത്രചെയ്ത് ഇദ്ദേഹത്തെ പിടികൂടി ആര്‍മിക്ക് കൈമാറിയത്.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയിലെ കേരള പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാണാതായ ഉദ്യോഗസ്ഥന്റെ ആര്‍മി അക്കൗണ്ടില്‍ നിന്ന് ഹരിയാനയിലെയും പഞ്ചാബിലെയും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചത് മനസിലാക്കിയ പോലീസ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കര്‍ഷകസമരം നടക്കുന്നതിനാല്‍ ഹരിയാനയില്‍ നിന്ന് പഞ്ചാബിലെത്താന്‍ ഉദ്യോഗസ്ഥര്‍ വളരെയധികം ബുദ്ധിമുട്ടി. അഞ്ചോളം ഓര്‍ഡിനറി ബസുകളില്‍ മാറിക്കയറി മുന്നൂറ്റിയമ്പത് കിലോമീറ്ററോളം യാത്ര ചെയ്താണ് അവര്‍ പഞ്ചാബിലെത്തിയത്. നാല്പത്തിയഞ്ചോളം ലോഡ്ജുകളിലെ രജിസ്റ്റര്‍ പരിശോധിച്ചു. നിരവധി ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അതിലൂടെ ആര്‍മി ഉദ്യോഗസ്ഥന് ജ്യൂസ് കുടിക്കാന്‍ വരുന്ന കട മനസിലാക്കിയ എസ്ഐ ഉമറുല്‍ ഫാറൂഖും സിപിഒ രാജുവും ഒരു കാറിനുള്ളില്‍ ഒളിച്ചിരുന്ന് കാണാതെ പോയ ആര്‍മി ഉദ്യോഗസ്ഥനെ അതിസാഹസികമായി പിടികൂടി.
പോലീസുമായി സഹകരിക്കാതെ എതിര്‍ത്തുനിന്ന ആര്‍മി ഉദ്യോഗസ്ഥനെ പഞ്ചാബ് പോലീസിന്റെ കൂടി സഹായത്തോടെ ബലം പ്രയോഗിച്ചു വാഹനത്തില്‍ കയറ്റി ആര്‍മി ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. ലെഫ്റ്റനന്റ് കേണല്‍ ജിതേന്ദ്ര, മലയാളിയായ കരുനാഗപ്പള്ളി സ്വദേശി മേജര്‍ നിതിന്‍ എന്നിവര്‍ കേരള പോലീസിന്റെ കൃത്യ നിര്‍വഹണത്തെ പ്രശംസിക്കുകയും സൈനികനെ തിരിച്ച് ക്യാമ്പിലെത്തിച്ചതില് അഭിനന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: