നവംബര്‍ 14 ലോക പ്രമേഹ ദിനമായി ആചരിക്കുകയാണ്. ‘ദ നഴ്സ് ആന്‍ഡ് ഡയബെറ്റിക്സ്’ (നഴ്സും പ്രമേഹവും) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പ്രമേഹമുള്ളവരെ ചികിത്സിക്കുന്നതില്‍ നഴ്സുമാരുടെ പങ്കിനെക്കുറിച്ചുള്ള അവബോധമുയര്‍ത്തുന്നതിനാണ് ഈ വര്‍ഷത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുന്നത്.
ഒരുവര്‍ഷത്തോളമായി ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുളളവരെപ്പോലെ പ്രമേഹ രോഗികളും കോവിഡിനെപ്പറ്റി ആശങ്കയിലാണ്. എന്നാല്‍ പേടികൂടാതെ ഈ ശത്രുവിനെ മുന്‍കരുതലോടെ അതിജീവിക്കാനാകും എന്ന തിരിച്ചറിവാണ് പ്രമേഹരോഗികള്‍ക്ക് വേണ്ടത്.
പ്രമേഹമുള്ളവരിലെ കൊവിഡ് സാധ്യത
പ്രമേഹമുള്ളതുകൊണ്ട് കോവിഡ് വരാനുള്ള സാധ്യത ഇല്ല. എന്നാല്‍ പ്രമേഹമുള്ളവര്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരായാല്‍ രോഗ തീവ്രത വര്‍ദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുട്ടികളില്‍ കണ്ടുവരുന്ന ടൈപ്പ് 1, മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ടൈപ്പ് 2 എന്നിങ്ങനെ രണ്ടു തരത്തിലാണ് പ്രമേഹരോഗം. 25 വയസ്സിനു താഴെയുള്ള ടൈപ്പ് 1 പ്രമേഹ ബാധിതരില്‍ കോവിഡ് ബാധിച്ചാല്‍ രോഗതീവ്രത വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഇറ്റലി, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പരിശോധിക്കുമ്പോഴും ഇത് വ്യക്തമാണ്.
ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ ചിലരുടെ അവസ്ഥ കൊവിഡ്ബാധ ഉണ്ടായാല്‍ വഷളാകാറുണ്ട്. പ്രായക്കൂടുതല്‍, പ്രമേഹത്താല്‍ ശരീരത്തിലെ പ്രതിരോധ ശേഷിയിലുള്ള വ്യതിയാനങ്ങള്‍, പ്രമേഹത്തിന്റെ തോത് വര്‍ദ്ധിക്കുന്നത്, പ്രമേഹത്താലുണ്ടായ ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ സങ്കീര്‍ണതകളാണ് ഇവയ്ക്ക് കാരണം. ഭീതിയോടെ കൊവിഡിനെ സമീപിക്കേണ്ടതില്ല. എന്നാല്‍ ശാസ്ത്രീയവശം കൃത്യമായി മനസ്സിലാക്കണം. കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നത് പ്രമോഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടണ്ടതുണ്ട്
സങ്കീര്‍ണത ഒഴിവാക്കാന്‍
പ്രമേഹത്തിന്റെ തോത് നിയന്ത്രിക്കുന്നതിലൂടെ കോവിഡിന്റെ നില വഷളാകുന്നത് തടയാനാകും. പ്രമേഹം നിയന്ത്രിതമാണോ എന്ന് ലളിതമായ ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (എച്ച്ബി എ1സി)പരിശോധനയിലൂടെ മനസ്സിലാക്കാനാകും. രക്തത്തിലെ പഞ്ചസാരയുടെ മൂന്നുമാസത്തെ ശരാശരി അളവാണ് ഈ പരിശോധനയിലൂടെ ലഭിക്കുന്നത്. ഏഴ് ശതമാനമോ അതിന്റെ താഴെയുള്ള തോതുകളിലോ പ്രമേഹം നിലനിര്ത്താമെങ്കില് കൊറോണാ വൈറസ് ബാധയുടേയോ, മറ്റു അണുബാധയുടേയോ തീവ്രത ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിച്ച് നാം പ്രമേഹം പരിശോധിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആഹാരം കഴിക്കുന്നതിനു മുമ്പുള്ള പരിശോധനയിലെ അളവ് 100 എംജി/ഡിഎല്‍ (മില്ലിഗ്രാം പെര് ഡെസിലിറ്റര്‍) നും 110 നും ഇടയ്ക്കും, ആഹാരശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ 140 എംജി/ഡിഎല്‍ നും അടുത്താണെങ്കില്‍ പ്രമേഹ നിയന്ത്രണം നല്ല രീതിയിലാണെന്നത് വ്യക്തമാണ്.
വൈറസ് ബാധിക്കുമ്പോള്‍
പ്രമേഹ രോഗികളില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചോ അല്ലാതെയോ ആണ് കൊവിഡ് വന്നുപോകുന്നത്. ചെറിയ കൊവിഡ് ഇന്‍ഫെക്ഷനിലും പ്രമേഹത്തെ നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടുപോകാനാകും. കൊവിഡ് ബാധിതരായാലും പ്രമേഹ രോഗത്തിനു നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ കൃത്യമായി തുടരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ഇന്‍സുലിന്‍ എടുക്കുന്നവരാണെങ്കില്‍ ഓരോ ആറുമണിക്കൂറിലും 110-180 എംജി/ഡിഎല്‍ നും ഇടയില്‍ നിലനിര്‍ത്തുക. ഇന്‍സുലിന്‍ എടുക്കാത്തവര്‍ ഒരു ദിവസം രണ്ടു പ്രാവശ്യം പരിശോധിച്ചാല്‍ മതിയാകും.
മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പ്രമേഹവുമുള്ള ചിലരില്‍ രോഗതീവ്രത വര്‍ദ്ധിക്കും. അത്തരം സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ പോയി തന്നെ ചികിത്സ തേടേണ്ടതുണ്ട്. സാധാരണ നിലയില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍സുലിന്‍ നല്‍കിയുള്ള ചികിത്സാ രീതിയാണ് ആശുപത്രികള്‍ പിന്തുടരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല, എല്ലാ രോഗാവസ്ഥയിലും ഇപ്രകാരമാണ് ചെയ്യുന്നത്.
അപകട സാധ്യത
രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വ്യതിയാനം ഉണ്ടാകുക. 70 എംജി/എല്‍ നു താഴെയോ 250 ന് മുകളിലോ ആകുക, മൂത്രത്തിലെ ആസിഡിന്റെ അംശം (കീറ്റോണ്‍സ് പോസിറ്റീവാകുന്നത്) വര്‍ദ്ധിക്കുക, ആഹാരം കഴിക്കാനാകാത്തതിലുള്ള ക്ഷീണം, ദാഹം, ബോധം കുറയുന്ന അവസ്ഥ എന്നിവ അപകടകരമാണ്.
പരിണതഫലം
ദീര്‍ഘകാലത്തേക്ക് കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങള്‍ പൊതുവേ കണ്ടുവരുന്നുണ്ട്. വിശദ അവലോകനത്തിനുള്ള പല പഠനങ്ങളും നടന്നു വരികയാണ്. എന്നിരുന്നാലും ഓര്‍മ്മക്കുറവ്, തലച്ചോറിന്റെ പ്രവര്‍ത്തനത്തിലെ ചെറിയ അപചയം, ശ്വാസകോശത്തിലെ പലതരത്തിലുള്ള അണുബാധ തുടങ്ങിയവ പരക്കെ കണ്ടുവരുന്നുണ്ട്.
പ്രമേഹമുള്ളവര്‍ കോവിഡിനെ പേടിക്കേണ്ടതില്ല. ശത്രുവിനെ മനസ്സിലാക്കി കീഴടക്കുകയാണ് വേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കുകയാണ് സുപ്രധാനം. മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങിയ പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. ആരോഗ്യകരമായ ജീവിതശൈലി തുടരുക.
ഡോ. ജീവന് ജോസഫ്
(ഡയബെറ്റിക്സ് & എന്‍ഡോക്രൈനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്, കിംസ്ഹെല്‍ത്ത് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: