മുംബൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്കോര്‍പ്പീന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചാമത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് വാഗിര്‍ നീരണിഞ്ഞു. മുംബൈയിലെ മസഗോണ്‍ ഷിപ്പ്യാര്ഡില് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്റെ ഭാര്യ വിജയ നീറ്റിലിറക്കല്‍ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മന്ത്രി ശ്രീപദ് നായിക്കും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുത്തു. അത്യാധുനിക സവിശേഷതകളുള്ള വാഗിര്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ കാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാവിക സേനയുടെ പ്രോജക്ട്-75ന്റെ ഭാഗമായാണ് വാഗിറിന്റെ നിര്‍മാണം. ഫ്രഞ്ച് നാവിക, പ്രതിരോധ, ഊര്‍ജ്ജ കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പ്പന ചെയ്യുന്ന ആറ് കാല്‍വേരി അന്തര്‍വാഹിനികളുടെ ഭാഗമാണ് വാഗിര്‍. സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ ഒരുപോലെ നേരിടാനും വിവരശേഖരണം, നിരീക്ഷണം എന്നീ ദൗത്യങ്ങള്‍ നിര്‍വഹിക്കാനും വാഗിറിനാകും. ജലത്തില്‍ അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നീ സവിശേഷതകള്‍ പുതിയ വാഗിറിനുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാരകമായ സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗിര്‍. റഷ്യയില്‍ നിന്നെത്തിയ ആദ്യ വാഗിര്‍ 1973 ഡിസംബര്‍ മൂന്നിന് നാവികസേനയുടെ ഭാഗമായിരുന്നു. 28 വര്‍ഷത്തെ സേവനത്തിന് ശേഷം 2001 ജൂണ്‍ ഏഴിന് സേനയുടെ ഭാഗമല്ലാതായി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പുതിയ വിജയമാണ് വാഗിറെന്നും നാവിക വിഭാഗത്തില്‍ രാജ്യം സുശക്തമാകുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആറ് സ്കോര്‍പീന്‍ അന്തര്‍വാഹിനികളില്‍ ആദ്യത്തേതായ കാല്‍വേരി 2015ല്‍ നീറ്റിലിറക്കിയിരുന്നു. പിന്നീട് ഖന്ഡേരി, കറഞ്ച്, വേല എന്നീ അന്തര്‍വാഹിനികളും നിര്‍മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: