പരവൂര്‍: പത്തുകൊല്ലമായി കലയ്ക്കോട് പാറവിള കോളനിയിലെ കോമണ്‍ ഫെസിലിറ്റി സെന്റര്‍-കം-വര്‍ക്ക് ഷെഡ് എംപി സോമപ്രസാദ് ഉദ്ഘാടനം ചെയ്തിട്ട്. നോക്കുകുത്തിയായി ആ ശിലാഫലകം അവിടെയുണ്ട്. തൊട്ടുചേര്‍ന്ന് കേരള സര്‍ക്കാര്‍ 2006-07 ലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ച വിജ്ഞാന്‍വാടി കെട്ടിടവുമുണ്ട്. അനാഥമാണ് രണ്ടും.
പട്ടികജാതിക്കാരുടെ ഉന്നമനത്തിനും കലാ-സാംസ്കാരിക മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍പരിശീലനത്തിനും നിര്മിച്ചതാണീ കെട്ടിടങ്ങള്‍. 2010 ആഗസ്റ്റ് 8നായിരുന്നു ഉദ്ഘാടനം.
വിജ്ഞാനവാടി കെട്ടിടത്തിന്റെ ഭിത്തിയില്‍ സേവാഗ്രാം-വാര്‍ഡ്കേന്ദ്രം/ഗ്രാമകേന്ദ്രം എന്നൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പറുടെ ഇരിപ്പുകേന്ദ്രം, പഞ്ചായത്ത് കരംപിരിവുകേന്ദ്രം, പഞ്ചായത്തിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണകേന്ദ്രം എന്നിങ്ങിനെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള ഈ കെട്ടിടത്തിലും ഒരുപ്രവര്ത്തനവും ഇല്ല. കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ നിലവിലെ പഞ്ചായത്ത് ഭരണസമിതിയും ശ്രദ്ധിക്കുന്നില്ല.
പൂതക്കുളം പഞ്ചായത്തിന്റെ 2017-18 ലെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി അഞ്ചുലക്ഷംരൂപ ചെലവില്‍ പാറവിള കോളനിയില്‍ നിര്‍മിച്ച റിക്രിയേഷന്‍ ആന്‍ഡ് റീഡിങ് റൂം ഇനിയും തുറന്നുപ്രവര്‍ത്തിപ്പിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.
മാടന്നട മൈതാനത്തിന്റെ സമീപത്തു നിര്‍മിച്ച റിക്രിയേഷന്‍ കെട്ടിടത്തിന്റെ പണി നാലുമാസംമുമ്പ് പൂര്‍ത്തീകരിച്ചതാണ്. എത്രയുംവേഗം റിക്രിയേഷന്‍ സെന്റര്‍ തുറക്കാത്തപക്ഷം പരിസരത്ത് മറ്റൊന്നിന്റെയും ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രദേശത്തെ യുവാക്കള്‍.
പാറവിളയില്‍ അനാഥമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അത് കിടപ്പാടമില്ലാത്തവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: