കോഴിക്കോട്: കേന്ദ്ര പദ്ധതികള്‍ സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് കൈയടി നേടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കേന്ദ്ര പദ്ധതികളാണെന്ന വിവരം തന്നെ മറച്ച് വെക്കാനാണ് കോര്‍പ്പറേഷനിലെ ഇടത് ഭരണം കഴിഞ്ഞ 5 വര്‍ഷമായി ശ്രമിച്ചത്. കേന്ദ്ര വിഹിതം ചെലവഴിക്കാതെ മറ്റൊരു അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് കോര്പ്പറേഷന് ചരിത്രം സൃഷ്ടിച്ചത്!
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ അമൃത് പദ്ധതി പോലും കോര്‍പ്പറേഷന്റെ നേട്ടമായി അവതരിപ്പിക്കാന്‍ ഭരണ സമിതിക്ക് മടിയുണ്ടായില്ല. എന്നാല്‍ അമൃത് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഏറ്റവും പിന്നിലാകാന്‍ മത്സരിക്കുകയായിരുന്നു കോര്പ്പറേഷന്. മാലിന്യ സംസ്കരണത്തിന്റെ വന്‍ പദ്ധതികളായ രണ്ട് എസ്ടിപി പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ല.
ആറു മാസം മുതല്‍ ആറു വയസ് വരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കുള്ള അനുപൂരക പോഷകാഹാര പദ്ധതിയ്ക്കുള്ള 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന കോര്പ്പറേഷന് കൈമാറിയിരുന്നു. മൂന്ന് ഗഡുക്കളായി 34,14,444 രൂപയാണ് 2017-18 വര്‍ഷം ലഭിച്ചത്. ഇത് ചെലവഴിക്കാതെ ട്രഷറിയില്‍ നിന്ന് പിന്‍വലിച്ച് പ്രസ്തുത ആവശ്യത്തിന് വിനിയോഗിക്കാതെ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. കേന്ദ്ര വിഹിതം അതത് വര്‍ഷം വിനിയോഗിക്കാത്തത് കാരണം തുടര്‍ വര്‍ഷങ്ങളില്‍ കേന്ദ്ര വിഹിതം കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു.
മുന്‍സിപ്പല്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ബാധം നടക്കുന്ന നഗരത്തില്‍ എല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു കോര്പ്പറേഷന്. കേരള പബ്ളിക് പ്ലേസ് റിസോര്‍ട്ട്സ് നിയമപ്രകാരം 2017 ഡിസംബര്‍ 20 മുതല്‍ 2018 മാര്‍ച്ച് 19 വരെ താത്കാലിക പ്രദര്ശനത്തിന്നും അനുമതി വാങ്ങിയ സ്ഥാപനം പിന്നീട് സ്ഥിരം വസ്ത്ര വില്‍പ്പനശാലയായി മാറിയത് ക്രമപ്രകാരമല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സി എസ് ഐ കോമ്പൗണ്ടിലെ താത്കാലിക നിര്‍മ്മിതി പിന്നീട് വസ്ത്ര വില്പ്പനശാലയാക്കി മാറ്റിയതിലാണ് കോര്പ്പറേഷന് ലക്ഷങ്ങള്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടിലൂടെ വെളിച്ചത്ത് വന്നത്.
ചട്ടലംഘനം ചൂണ്ടിക്കാണിച്ചതിന് നല്കിയ മറുപടി അംഗീകരിക്കുന്നില്ലെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കിയിരുന്നു. വിവിധ നികുതികള്‍ കണക്കാക്കി ഒരു അര്‍ദ്ധവര്‍ഷം 2,21,020 രൂപ അടക്കേണ്ടതായിരുന്നു. എന്നാല്‍ 68,216 രൂപ മാത്രം ഈടാക്കുകയാണ് കോര്പ്പറേഷന് ചെയ്തത്. അനധികൃത നിര്‍മ്മാണങ്ങള്‍ പിന്നീട് ക്രമവല്‍ക്കരിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്പ്പറേഷന് ഭരണാധികാരികള്‍ കൂട്ടുനിന്ന നിരവധി ഉദാഹരണങ്ങള്‍ നഗരത്തിലുണ്ട്.
പതിനാലാം ധനകാര്യ കമ്മീഷന് ഗ്രാന്റ് വിനിയോഗിച്ച് നടപ്പാക്കേണ്ട പദ്ധതികളും കോര്പ്പറേഷന് അട്ടിമറിച്ചു. ശ്മശാനങ്ങള്‍, കുടിവെള്ള വിതരണം, മാലിന്യ നിര്‍മ്മാര്‍ജനം, എന്നിവയ്ക്ക് വിനിയോഗിക്കേണ്ട ഫണ്ടാണ് കോര്പ്പറേഷന് ഓഫീസില്‍ കമ്പ്യൂട്ടര്‍ വാങ്ങാനും മറ്റുമായി വിനിയോഗിച്ചതെന്ന് കണ്ടെത്തിയത്. 47,41,231 രൂപയാണ് ഇങ്ങിനെ വകമാറ്റി ചെലവഴിച്ചത്. കുടുംബശ്രീ നടത്തിപ്പിലും നിരവധി ചട്ടലംഘനങ്ങളും ക്രമക്കേടുമാണ് നടന്നത്. രൂപീകരിക്കാത്ത കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരില്‍ സബ്സിഡി മാര്‍ഗ്ഗരേഖകള്‍ ലംഘിച്ച് വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ പിന്‍വലിച്ചത് തിരിച്ചടക്കണമെന്ന് ഓഡിറ്റ് വിഭാഗം നിര്‍ദ്ദേശിക്കുകയായിരുന്നു.
മാലിന്യശേഖരണത്തിനായി 29 ലോറികള്‍, 16 ട്രാക്ടര്‍, 16 ഓട്ടോ, എട്ട് ആപേ ട്രക്കുകള്‍ എന്നിവയാണ് 2017ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഉപയോഗത്തിന് 10 ലോറികളും എട്ട് ട്രാക്ടറുകളും നാല് ഓട്ടോയും മൂന്ന് ആപേ ട്രക്കുകളും മാത്രമാണ് ഉപയോഗയോഗ്യമായി ഉണ്ടായിരുന്നുള്ളൂ. യഥാസമയം റിപ്പയര്‍ ചെയ്യാത്തത് കാരണം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു. 2016-17ല്‍ 7,47,200 രൂപ, 2017-18 ല്‍ 47,33,400 രൂപയും വാടകയിനത്തില്‍ കോര്പ്പറേഷന് നല്‍കേണ്ടി വന്നു. 65 വാഹനങ്ങള്‍ ഉണ്ടായിട്ടും 25 വാഹനങ്ങള്‍ മാത്രമാണ് ഉപയോഗയോഗ്യമായിട്ടുണ്ടായിരുന്നത്.
മരിച്ചയാളുടെ പേരില്‍ രണ്ട് വര്‍ഷം പെന്ഷന് അയച്ചും പുനര്വിവാഹിതയ്ക്ക് കുടുംബപെന്ഷന് നല്‍കിയുമാണ് കോര്പ്പറേഷന് സാമ്പത്തിക അച്ചടക്കം നടപ്പാക്കിയത്!.
(അടുത്ത ഭാഗം: അമൃത് പദ്ധതി എവിടെയും എത്തിയില്ല…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: