കൊല്ലം: പാചകം വളരെയേറെ ഇഷ്ടമാണ് പ്രദീപിന്. ഒറ്റയാനായി ജീവിക്കുന്ന ഈ കോര്പ്പറേഷന് ജീവനക്കാരന് കൊറോണക്കാലത്ത് ഏഴുമാസത്തിനിടയില്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നും പണം ചെലവാക്കി നാട്ടിലെ ആലംബരഹിതര്ക്ക് എത്തിച്ചുനല്‍കിയത് പതിനായിരം പൊതിച്ചോറാണ്.
തേവള്ളി പാലസ് നഗര്‍ ശിവപ്രസാദത്തില്‍ പ്രദീപ് നിരാലംബരായവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചും രോഗപീഡ കൊണ്ട് വിഷമം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം കൈമാറിയും മാതൃകയാകുകയാണ്. അര്‍ബുദ, വൃക്ക രോഗികളായ നിരവധിപേര്‍ക്ക് തന്നാല്‍ കഴിയുന്ന വിധത്തില്‍ സാമ്പത്തികസഹായം നല്‍കിയിട്ടുണ്ട് ഇദ്ദേഹം. നഗരത്തിലെ എല്ലാ കവലകളും സുപരിചിതനായ പ്രദീപ് അവിടങ്ങളിലെല്ലാം സ്വന്തം മൊബൈല്‍ ഫോണ്‍നമ്പര്‍ നല്‍കിയാണ് ചോറുപൊതിക്ക് അര്‍ഹരെ കണ്ടെത്തിയത്. നാടിനെ കൊറോണ വിഴുങ്ങിത്തുടങ്ങിയ ഏപ്രില്‍ മുതല്‍ അനേകംപേര്‍ ഇദ്ദേഹത്തെ വിളിച്ചു. എന്നാല്‍ തികച്ചും അര്‍ഹരായ അറുപതോളം പേര്‍ക്കാണ് അദ്ദേഹം ദിവസവും ഭക്ഷണം നല്‍കിയത്. ഇത് മൂന്നുമാസത്തോളം തുടര്‍ന്നു. അപ്പോഴാണ് സമൂഹ അടുക്കളയുടെ പേരില്‍ ഭക്ഷണവിതരണം പാടില്ലെന്ന കളക്ടറുടെ ഉത്തരവെത്തിയത്.
സ്വന്തം വീട്ടില്‍ സ്വയം പാചകംചെയ്താണ് പ്രദീപ് ഭക്ഷണം തയ്യാറാക്കുന്നത്. പൊതിയുന്നതും ഒറ്റയ്ക്കുതന്നെ. തെരുവിലലയുന്ന അമ്പതോളം പേര് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദ്യസമയത്ത് പ്രദീപിന്റെ പൊതിക്കായി കാത്തിരിക്കും. അച്ചാര്‍, തോരന്‍, അവിയല്‍, സാമ്പാര്‍, പുളിശേരി എന്നിവയാണ് ചോറിനോടൊപ്പം നല്‍കിയിരുന്നത്. രണ്ടുദിവസം കൂടുമ്പോള്‍ മീന്കറിയോ ഇറച്ചിക്കറിയോ ഉള്‍പ്പെടുത്തും. കളക്ടറുടെ ഉത്തരവ് വന്നശേഷം ചോറുപൊതികള്‍ കോവിഡ് കാലത്ത് വിവിധ പോയിന്റുകളിലായി റോഡില്‍ ഡ്യൂട്ടിക്ക് നില്ക്കുന്ന പോലീസുകാര്‍ക്ക് പ്രദീപ് എത്തിച്ചുനല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ ക്വാറന്റൈനില്‍ കഴിഞ്ഞ വേളയില്‍ തേവള്ളി ബോയ്സ് സ്കൂളിലെ ക്യാമ്പില്‍ രാവിലെ ചായയും ലഘുഭക്ഷണവും എത്തിച്ചിരുന്നു. ഒറ്റപ്പെട്ട ദിക്കുകളില്‍ നിന്നും ആഹാരം തേടിയുള്ള വിളിയും കാത്ത് പ്രദീപ് ഇന്നും തന്റെ കാരുണ്യയാത്ര തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: