വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ തന്റെ വോട്ടുകള്‍ ഇല്ലാതാക്കി അത് ജോ ബൈഡന്റേതാക്കി മാറ്റിയെന്ന് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ട്രംപ് നിരവധി തവണ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒരു തെരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ മാറ്റിമറിച്ചെന്നതാണ് ട്രംപിന്റെ പുതിയ ആരോപണം.
തനിക്കായുള്ള വോട്ടുകള്‍ ഇല്ലാതാക്കി അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്തിട്ടുണ്ടെന്നാണ് ട്രംപ് ആരോപിക്കുന്നത്. യുഎസില്‍ വ്യാപകമായി ഉപയോഗിക്കുന്ന സാങ്കേതിക കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സംവിധാനത്തെയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നത്.
ഒരു ട്രംപ് അനുകൂല ബ്ലോഗില്‍ വന്ന പ്രതികരണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് ട്രംപ് വോട്ടെണ്ണലില്‍ തിരിമറി നടന്നതായി ആരോപിക്കുന്നത്. ട്രംപിന്റെ 2.7 ദശലക്ഷം വോട്ടുകള്‍ ഡോമിനിയന്‍ വോട്ടിങ് സംവിധാനം നീക്കം ചെയ്തെന്നും പെന്‍സില്‍വേനിയയിലെ 2,21,000 വോട്ടുകള്‍ ബൈഡന്റെതാക്കി മാറ്റിയെന്നും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ 2020 അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളാണ് ട്രംപും അനുയായികളും ഉന്നയിക്കുന്നതെന്നാണ് ബൈഡന്റെ സംഘം പറയുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വളരെ നല്ല രീതിയിലാണ് പൂര്‍ത്തിയാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. അന്താരാഷ്ട്ര നിരീക്ഷകരും ഗൗരവമേറിയ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
2021 ജനുവരി 20 വരെയാണ് പ്രസിഡന്റ് പദവിയില്‍ ട്രംപിന്റെ കാലാവധി. പ്രസിഡന്റ് എന്ന നിലയിലുള്ള എല്ലാ പൂര്‍ണാധികാരങ്ങളും അന്നുവരെ അദ്ദേഹത്തിനുണ്ട്. ബൈഡന് മുന്നില്‍ ഭരണ, രാഷ്ട്രീയ തലങ്ങളില്‍ മാര്‍ഗ തടസം സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിക്കും. പെന്റഗണില്‍ വിശ്വസ്തരെ ട്രംപ് നിയോഗിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ ആരോപണം അന്വേഷിക്കാന്‍ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: