ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിക്ക് കൂടുതല്‍ സ്വത്തുക്കളുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ സമര്‍പ്പിച്ചത്.
മയക്കുമരുന്ന് ഇടപാട് വഴി ലഭിച്ച പണം ഉപയോഗിച്ച് ബിനീഷ് ബിനാമി പേരില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ലംഘിക്കുന്നവരുടെ സ്വത്തുക്കളുടെ രേഖകള്‍ വീണ്ടെടുക്കുകയും കണ്ടുകെട്ടുകയും വേണം. അതിന് രേഖകള്‍ വീണ്ടെടുത്ത് അത് വിശകലനം നടത്തണം. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളയാളാണ് പ്രതി, ജാമ്യം നല്കിയാല് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഇന്‍ഡസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്, അനൂപ് മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചപ്പോള്‍, ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്, അരുണ്‍. എസ് എന്നിവര്‍ വന്‍തുക നിക്ഷേപിച്ചതായി കണ്ടെത്തി. അനിക്കുട്ടന് നിക്ഷേപിച്ചതില്‍ ഏഴു ലക്ഷം രൂപ നല്‍കിയത് താനാണെന്ന് ബിനീഷ് സമ്മതിച്ചു. എന്നാല്‍, ഈ പണത്തിന്റെയും ബാക്കിയുള്ള പണത്തിന്റെയും സ്രോതസ് വെളിപ്പെടുത്താന്‍ ബിനീഷ് തയാറായിട്ടില്ല.
സാമ്പത്തിക ഇടപാടുകളുടെ സത്യാവസ്ഥ അറിയാന്‍ അനിക്കുട്ടനെയും അരുണിനെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ബിനീഷ് കോടിയേരിയുടെ നിര്‍ദേശ പ്രകാരം പണം നിക്ഷേപിക്കാനാണ് സാധ്യത. ജാമ്യം നല്കിയാല് ഇരുവരെയും സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ബിനീഷ് ശ്രമിക്കും. ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്കി. ചോദ്യം ചെയ്യലില്‍ ബിനീഷ് തൃപ്തികരമായ മറുപടി നല്‍കുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് പലപ്പോഴും സഹകരിക്കുന്നില്ല.
മുഹമ്മദ് അനൂപിന്റെയും മറ്റു ബിനാമികളുടെയും അക്കൗണ്ടിലേക്ക് കൂടുതല്‍ കള്ളപ്പണം എത്തിയിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ബിനീഷിനെ ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റണമെന്നും ഇഡി കോടതിയോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: