ശ്ലോകം 260
ഏകമേവ സദനേകകാരണം
കാരണാന്തര നിരാസകാരണം
കാര്യകാരണവിലക്ഷണം സ്വയം
ബ്രഹ്മ തത്ത്വമസി ഭാവയാത്മനി
സദ് വസ്തുവായ യാതൊന്ന് ഏകവും നാനാത്വത്തിന് കാരണമായും സ്വയം കാരണരഹിതമായും കാര്യകാരണങ്ങളില്‍ നിന്ന് വേറിട്ടുമിരിക്കുന്നുവോ ആ ബ്രഹ്മമാണ് നീ എന്ന് ഹൃദയത്തില്‍ ഭാവന ചെയ്യണം. ബ്രഹ്മം അതില്‍ കല്പിച്ചിരിക്കുന്ന അനേക വസ്തുക്കളുടെ അധിഷ്ഠാന രൂപത്തിലുള്ളതാണ്. അത് ഏക കാരണമായ സത്താണ്. കാരണാന്തരങ്ങളായ ആകാശം മുതലായവയുടെ നിഷേധത്തിന് കാരണമായിട്ടുള്ളതാണ്. കാര്യമായ ജഗത്തില്‍ നിന്നും കാരണമായ മായയില്‍ നിന്നും വേറിട്ടതുമാണ്. സ്വതസിദ്ധമായ ആ ബ്രഹ്മത്തെ നന്നായി ഭാവന ചെയ്യാനാണ് നിര്‍ദേശിക്കുന്നത്.
ചൈതന്യം ഏകമാണങ്കിലും പലതായി ഇരിക്കുന്ന പോലെയുള്ളതാണ് ബ്രഹ്മം. ശരീരം, മനസ്സ,് ബുദ്ധി എന്നിവയില്‍ അഭിമാനിക്കുന്ന ജീവന് കാരണമായതാണ്. വിഷയ വികാര വിചാരങ്ങളും അതില്‍ നിന്നാണ് ഉണ്ടാകുന്നത്. ജഗത്തിന്റെ ഉപാദാനകാരണവും നിമിത്ത കാരണവും അത് തന്നെയാണ്.
നമ്മുടെ ഭ്രാന്തിയില്‍ നിന്നാണ് നാമരൂപങ്ങള്‍ നിറഞ്ഞ നാനാത്വ പ്രപഞ്ചത്തിന് നിലനില്‍പ്പ് ഉണ്ടായത്. എല്ലാ ഭ്രാന്തി കല്‍പ്പനകള്‍ക്കും ആധാരം ചൈതന്യമാണ്. അങ്ങനെയൊരു അധിഷ്ഠാനമില്ലെങ്കില്‍ ഭ്രാന്തി കല്‍പ്പിതമായ ആരോപത്തിന് സ്ഥാനമില്ല. ചൈതന്യം ഉള്ളതിനാലാണ് ജഗത്ത് രൂപം കൊണ്ടത്. അതിനാല്‍ ചൈതന്യം തന്നെയാണ് ജഗത്തിന് കാരണം.
എല്ലാറ്റിനും ആധാരമായ ബ്രഹ്മത്തിന്റെ അധിഷ്ഠാനം ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തിന് അതല്ലാതെ മറ്റ് കാരണമില്ല. ജഗത്തിന്റെ നിലവാരത്തില്‍ നിന്ന് നോക്കുമ്പോഴാണ് അതിന്റെ കാരണമായി ബ്രഹ്മത്തെ പറയുന്നത്. എന്നാല്‍ ബ്രഹ്മത്തിന് വാസ്തവത്തില്‍ കാര്യകാരണത്വമൊന്നുമില്ല. അത് കാര്യകാരണങ്ങളില്‍ നിന്ന് വേറിട്ടതാണ്. കാര്യവും കാരണവുമൊക്കെ ബുദ്ധിയുടെ കണക്ക് കൂട്ടലുകളാണ്. എന്നാല്‍ ആത്മാവ് ബുദ്ധിയ്‌ക്ക് അതീതമാണ്. ആത്മതത്ത്വം അറിയാത്തതിനാലാണ് ജഗത്തിന് കാരണമായി മായയെ പറയുന്നത്. മായയ്‌ക്കും കാര്യകാരണങ്ങള്‍ക്കും അതീതമാണ് ബ്രഹ്മം. എല്ലാ ദൃശ്യങ്ങളേയും നിഷേധിച്ചാല്‍ സാക്ഷിയായി നിലകൊള്ളുന്നതാണ് ബ്രഹ്മം. മറ്റൊരു കാരണത്തിന്റെ അപേക്ഷയില്ലാത്തത് എന്ന് കാരണാനന്തര നിരാസ കാരണം എന്നതിന് അര്‍ത്ഥമാക്കാം. സ്വയം കാരണമില്ലാത്ത പരമകാരണമായ ആ ബ്രഹ്മത്തെ നീ തന്നെ എന്ന് ഭാവന ചെയ്യണം.
















