കോഴിക്കോട്: ആഗോള പ്രശ്നങ്ങളില്‍ വരെ പ്രമേയം പാസാക്കി പരിഹാസമേറ്റുവാങ്ങുന്ന കോര്പ്പറേഷന് ഭരണ സമിതി, മൂക്കിന് താഴെ നടക്കുന്ന ഭരണനിര്‍വ്വഹണത്തിലെ തട്ടിപ്പുകള്‍ മറച്ചുവെച്ചു. ക്രമപ്രകാരം ലഭിക്കേണ്ട നികുതി പിരിച്ചെടുത്തില്ലെന്ന് മാത്രമല്ല സ്വന്തക്കാര്‍ക്ക് ഇളവും നല്കി. മരുന്നിന് പണം നല്‍കിയിട്ടും മരുന്ന് എത്തിക്കാത്ത കമ്പനികള്‍ക്ക് വീണ്ടും അഡ്വാന്‍സ് നല്കി. ഭൂമി ഏറ്റെടുത്തതിലെ കാലതാമസം കാരണം 17 കോടി രൂപയുടെ അധിക ബാധ്യത വരുത്തി. പുഴ പുറമ്പോക്ക് പാട്ടത്തിന് നല്കി, പരസ്യനികുതി വര്ദ്ദിപ്പിച്ചിട്ടും വരുമാനത്തില്‍ വര്ദ്ദനവുണ്ടാക്കാനായില്ല തുടങ്ങി നഷ്ടങ്ങളുടേയും തട്ടിപ്പുകളടെയും ചിത്രം ഏറെയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ വകയിരുത്തിയ 54 ശതമാനം മാത്രമാണ് ചെലവഴിച്ചത്. 13 നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ 8 പേരും 50 ശതമാനത്തില്‍ താഴെ മാത്രമാണ് പദ്ധതി തുക ചെലവഴിച്ചത്. ഭരണ മേധാവികള്‍ ഭരിക്കാന്‍ സമയമില്ലാതെ രാഷ്ട്രീയം കളിക്കുകയായിരുന്നു.
പരസ്യനികുതിയില് നൂറ് ശതമാനം വര്‍ധനവ് വരുത്തിയിട്ടും 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 42,20,000 രൂപ ലഭിച്ച സ്ഥാനത്ത് തൊട്ടടുത്ത വര്‍ഷം 57,10,000 രൂപയ്ക്കാണ് ലേലം പോയത്. ആറു പേര് ലേലത്തിന് പങ്കെടുത്തെങ്കിലും രണ്ടു പേര് മാത്രമാണ് ലേലം വിളിച്ചത്. നെഗോസിയേഷനെ തുടര്‍ന്ന് തുക 62,10,000 രൂപയാക്കി ഉയര്‍ത്തി. ആവശ്യമായ പരസ്യം നല്‍കാതെ ലേലം നടത്തിയത് കൊണ്ടാണ് നഷ്ടമായതെന്നും പുനര്‍ലേലം നടത്തണമെന്ന് കേരള അഡ്വര്‍ടൈസ്മെന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടും കോര്പ്പറേഷന് പുനര്‍ലേലം നടത്തിയില്ല. മാതൃഭൂമി, ദേശാഭിമാനി എന്നീ പത്രങ്ങളില്‍ മാത്രമാണ് ലേല പരസ്യം നല്‍കിയത്!
നഗരത്തിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിനും അതുവഴി വിളക്ക് കാലുകളില്‍ പരസ്യം നല്കുന്നതിനുമുള്ള പദ്ധതിയിലും കോര്പ്പറേഷന് വഴിവിട്ട നടപടിയാണ് എടുത്തതെന്ന് പരാതി ഉയര്‍ന്നു. ഒരു പോസ്റ്റിന് പ്രതിവര്‍ഷം 3400 രൂപ നിരക്കില്‍ സോളസ് ആഡ് സൊലൂഷനാണ് ഇത് ഏറ്റെടുത്തത്. എന്നാല്‍ നടപടി ക്രമപ്രകാരമല്ലെന്നും ടെണ്ടര്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്കാന് തയാറാണെന്ന് കാണിച്ച് മറ്റൊരു കമ്പനി പരാതി നല്‍കിയെങ്കിലും കോര്പ്പറേഷന് അത് പരിഗണിച്ചില്ല.
റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് റോഡില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് തറവാടക കൂടാതെ റോഡ് റിഫര്‍മേഷന്‍ ചാര്‍ജ് ഈടാക്കേണ്ടതാണ്. എന്നാല്‍ ഇത് സംബന്ധമായി നഗരസഭയ്ക്ക് വന്‍ നഷ്ടമാണുണ്ടായതെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. അംഗനവാടികളില്‍ പോഷകാഹാര വിതരണത്തിനായി 2016-17 വര്‍ഷത്തില്‍ 25,00,000 രൂപയാണ് ലഭിച്ചത്. ഇത് കൂടാതെ കോര്‍പ്പറേഷന്റെ വികസന ഫണ്ട് കൂടി ചേര്‍ത്താണ് പോഷകാഹാര വിതരണം നടപ്പാക്കുന്നത്.
എന്നാല്‍ കോര്പ്പറേഷന് തയാറാക്കുന്ന കണക്കില്‍ കേന്ദ്ര വിഹിതം എത്രയെന്ന് പ്രത്യേകിച്ച് വ്യക്തമാക്കുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്ക് സബ്സിഡിയോടെ ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള വനിതാ ഘടകപദ്ധതിയില്‍ പുരുഷന് സഹായം നല്കിയ കോര്പ്പറേഷന് എന്ന ബഹുമതിയും കോഴിക്കോടിനുള്ളതാണ്. വാര്‍ഡ് കമ്മിറ്റി അംഗീകരിക്കാത്ത ഗുണഭോക്തക്കള്‍ക്ക് ആനുകൂല്യം നല്കിയതും വിവാദമായിരുന്നു.
നഗരത്തില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത 50 പട്ടികജാതി കുടുംബങ്ങള്‍ക്കായി ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിന് 5,29,68,332 രൂപ 2015-16ല്‍ സിഡിഎ ക്ക് കൈമാറി. എന്നാല്‍ രണ്ടു വര്‍ഷക്കാലം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. നിരവധി പട്ടികജാതി കുടുംബങ്ങള്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത നഗരത്തിലാണ് ഈ അനാസ്ഥയെന്നോര്‍ക്കണം.
2016-17 വര്‍ഷം പദ്ധതി നിര്‍വഹണം 54 ശതമാനമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം കോടികളാണ് കോര്പ്പറേഷന് നഷ്ടമായത്. വന്‍ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, അനര്‍ഹരായവര്‍ക്ക് സാമൂഹ്യ പെന്ഷന് അനുവദിക്കുക, അനധികൃത കെട്ടിടങ്ങള്‍ നിയമപരമാക്കുക, വന്‍കിട സ്ഥാപനങ്ങളെ തൊഴില്‍ നികുതിയില്‍ നിന്നൊഴിവാക്കുക, ലക്ഷ്യം കാണാത്ത പകല്‍ വീടിന് പണം ചെലവഴിക്കുക തുടങ്ങി 2017-18 സാമ്പത്തിക വര്‍ഷവും ക്രമക്കേടിന്റ വര്‍ഷമായിരുന്നു.
(അടുത്ത ദിവസം – കേന്ദ്രസഹായം ചെലവഴിക്കാതെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: