കൊച്ചി : കള്ളക്കടത്തിലൂടെ ലഭിച്ച പണം അറിഞ്ഞുകൊണ്ട് മനപ്പൂര്‍വ്വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. ശിവശങ്കറിനെതിരായ ആരോപങ്ങള്‍ അവഗണിക്കാന്‍ സാധിക്കുമോയെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സ്വ്പനയും ശിവശങ്കറും തമ്മില്‍ നടത്തിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്മെന്റ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ സ്വപ്ന നല്കിയ മൊഴികള്‍ തള്ളിക്കളയാന്‍ ആകുമോയെന്ന് ചോദിച്ച കോടതി, കള്ളക്കടത്തിന്റെ വരുമാനമെന്ന അറിവോടെയാണ് സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത് അങ്ങനെയാണെന്നും പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് സ്വപ്നയുടെ മൊഴിയെടുത്തത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കേസിലെ പ്രധാന പ്രതിയാണ് കേസെടുത്തിരിക്കുന്നത്. ഇത് തള്ളിക്കളയാന്‍ ആകുമോയെന്നും ചോദിച്ചു.
അതേസമയം നാലുമാസമായി കസ്റ്റഡിയിലായതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമാണ് സ്വപ്ന ഇത്തരത്തില്‍ മൊഴി നല്‍കിയത് എന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ മറുപടി. കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. മൂന്ന് അന്വേഷണ ഏജന്‍സികളും മൂന്ന് രീതിയിലാണ് കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. എന്‍ഐയുടെ അന്വേഷണവും എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ശിവശങ്കറിനെതിരായ തെളിവുകള്‍ പ്രതികളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ്.
സ്വര്‍ണക്കടത്തിന്റെ ആശയം നല്‍കിയത് സന്ദീപും സരിത്തുമാണ് അല്ലാതെ ശിവശങ്കറല്ല. സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം ശിവശങ്കര്‍ എവിടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടത് എന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. ശിവശങ്കര്‍ വിളിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരെയല്ല, പകരം ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. കൊച്ചി വിമാനത്താവളത്തില്‍ ഫുഡ് പാക്കേജുകള്‍ തടഞ്ഞുവെച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു നടപടിയുണ്ടായത്. 2019 ജൂണിലാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നത്. എന്നാല്‍ 2018 ഓഗസ്റ്റിലാണ് ലോക്കര്‍ എടുത്തിട്ടുള്ളത്. ഇതിനെ എങ്ങനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാനാവുമെന്നും ശിവശങ്കറിന്റെ അഭിഭാഷകന് കോടതിയില്‍ ചോദിച്ചു.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ബി രാമന്‍പിള്ളയാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്. ശിവശങ്കറിന്റെ 13 ദിവസത്തെ കസ്റ്റഡി കാലാവധി ബുധാഴ്ച കഴിഞ്ഞിരുന്നു. തുടര്‍ന്ന് സ്വപ്നയില് നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എന്ഫോഴ്സ്മെന്റിന്രെ ആവശ്യം പരിഗണിച്ച് ഇന്നലെ ഒരു ദിവസത്തേയ്ക്കു കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: