അഞ്ചല്‍: കിഴക്കന്‍മേഖലയിലെ പ്രമുഖ സിപിഎം നേതാവും ഏരൂര്‍ പഞ്ചായത്ത് അംഗവുമായിരുന്ന പി.എസ്. സുമന് ബിജെപിയുടെ താര സാന്നിധ്യമാകുന്നു. ദീര്‍ഘകാലം ശ്വാസംപോലെ കരുതിയിരുന്ന പാര്‍ട്ടിയുടെ ചതിയില്‍ മനംനൊന്തായിരുന്നു സുമന്റെ പടിയിറക്കം.
കേരള രാഷ്ട്രീയത്തിലെ പ്രമുഖനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്ന മുന്‍ എംഎല്‍എ പി.കെ. ശ്രീനിവാസന്റെ മകനും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്നു പി.എസ്. സുമന്. രണ്ടുവട്ടം അച്ഛന് സിപിഐയുടെ നേതാവായി ജയിച്ച് എംഎല്‍എ ആയപ്പോഴും സുമന് ഏരൂരില്‍ സിപിഎമ്മിനെ വളര്‍ത്താന്‍ പ്രയത്നിച്ചു. മൂന്നാംതവണയും മത്സരിച്ചു വിജയിച്ച പി.കെ. ശ്രീനിവാസന് പക്ഷേ ഫലമറിയുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു. ആ സമയം ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു സുമന്.
ഡിവൈഎഫ്ഐയിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച് ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അഞ്ചല്‍ ഏരിയാ സെക്രട്ടറിയുമായ സുമന്റെ വളര്‍ച്ചയില്‍ പകതോന്നിയ പാര്‍ട്ടി നേതൃത്വം പിന്നില്‍ നിന്ന് കുത്തുകയും ചതിച്ച് കേസില്‍ പെടുത്തുകയുമായിരുന്നു. കമ്മ്യൂണിസ്റ്റ് നരഭോജികള്‍ ക്രൂരമായി കൊലപ്പെടുത്തിയ നെട്ടയം രാമഭദ്രന് കൊലക്കേസില്‍ ചതിപ്രയോഗത്തിലൂടെ പ്രതിചേര്‍ക്കപ്പെടുകയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ പ്രതിയായപ്പോള്‍ കിഴക്കന്‍ മേഖലയില്‍ സുമനെ കണ്ണിലെ കരടായി കണ്ടിരുന്ന ഉന്നത സിപിഎം നേതാവ് വീട്ടിലെ ട്യൂഷന് അധ്യാപകനായിരുന്ന പ്രതിയെ ഉപയോഗിച്ച് കള്ളമൊഴി കൊടുക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിക്കുമ്പോള്‍ ഏരൂര്‍ ഡിവിഷനില്‍ 3400ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നേതാവിനോടായിരുന്നു അസൂയ മൂത്ത് ഈ ആനപ്പക. സ്കൂള്‍ പിറ്റിഎ മുതല്‍ ബ്ലോക്ക് പഞ്ചായത്തില്‍ വരെ സ്ഥാനമാനങ്ങള്‍ വഹിച്ചിട്ടും അഴിമതിക്കറ പുരളാത്ത സഖാവിനെ അസൂയമൂത്ത് ചതിക്കാന്‍ കൂട്ടുനിന്ന കമ്മ്യൂണിസത്തോട് ഇന്ന് സുമന് സഹതാപം മാത്രം.
പാര്‍ട്ടി തന്നെ സ്വര്‍ണക്കടത്തുകാര്‍ക്കും നേതാക്കള്‍ മക്കളുടെ മയക്കുമരുന്ന് വ്യാപാരത്തിനും കൂട്ടുനണ്ടില്ക്കുമ്പോള് നേരത്തേതന്നെ പടിയിറങ്ങിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സുമന്. ഇങ്ക്വിലാബ് വിളിച്ചുതന്ന ഏരൂര്‍ പണയില്‍ വീട്ടില്‍ പി.കെ. ശ്രീനിവാസനെന്ന കമ്മ്യൂണിസ്റ്റ് നേതാവായ അച്ഛന്റെ ആത്മാവ് ഏറെ സന്തോഷിക്കുന്നുണ്ടാവും അഴിമതിക്കും അനീതിക്കും കൂട്ടുനില്‍ക്കാതെ ഇന്നിന്റെ ശരിക്കൊപ്പം ചേര്‍ന്നതിന്.
ചതിയുടെ മാര്‍ക്സിസ്റ്റ് അരക്കില്ലത്തില്‍ നിന്ന് സ്നേഹത്തിന്റെ താമരക്കൂടാരത്തിലേക്കുള്ള കടന്നു വരവ് ഏറെ ചലനങ്ങളുണ്ടാക്കും ഏരൂര്‍ പഞ്ചായത്തില്‍ എന്നു കരുതപ്പെടുന്നു. കമ്മ്യൂണിസ്റ്റ് കുടിപ്പക മറ്റൊരു രൂപത്തില്‍ ശ്രീനിസാറിന്റെ മക്കളെ വീണ്ടും പിന്തുടരുമ്പോള്. സിപിഐ നേതാവും മുന്‍എംഎല്‍എ കൂടിയായ പി.എസ്. സുപാലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണിപ്പോള്‍. പാര്‍ട്ടിയുടെ ചെയ്തികളില്‍ മനംനൊന്ത് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച സുമന് ഏറെ നാളായി സംഘപരിവാര്‍ സംഘടനകളുടെ ആശയങ്ങളെ പഠിക്കുകയും മനസുകൊണ്ട് പിന്തുടരുകയും ചെയ്തുവന്നിരുന്നു.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ തന്റെ വീടുള്‍പ്പെടുന്ന ഏരൂര്‍ പതിനാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാണ് സുമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: