കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് നല്കുന്ന കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മൂന്നാം പ്രതിയാകുമെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് മുമ്പാകെ സ്വപ്ന കഴിഞ്ഞ ദിവസം നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സ്വപ്ന നടത്തിയ ഇടപാടുകളില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് മൊഴിയില്‍ പറയുന്നുണ്ട്. സ്വപ്നയ്ക്ക് പലപ്പോഴും പണം നല്കി സഹായിച്ചിട്ടുണ്ട് എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇയാള്‍ തന്നെ സ്വപ്നയുടെ പൊന്നും പണവും സൂക്ഷിക്കാന്‍ ബാങ്ക് ലോക്കര്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചതാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. തിരുവനന്തപുരത്ത് രണ്ടു ബാങ്കുകളില്‍ ലോക്കറുള്ള സ്വപ്നയെ വിശ്വസ്തനായ സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഉടമസ്ഥതയില്‍ പുതിയ ലോക്കറെടുപ്പിച്ചത് ശിവശങ്കറാണ്.
ലോക്കറില്‍ വച്ചിരിക്കുന്ന പണത്തെ കുറിച്ചും അതില്‍ നിന്നും പണം പിന്‍വലിക്കുമ്പോഴും അപ്പോള്‍ തന്നെ അറിയിക്കാന്‍ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ശിവശങ്കറിനുള്ള പണമാണെന്ന സ്വപ്നയുടെ മൊഴി സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും ശിവശങ്കര്‍ ഒഴിഞ്ഞു മാറുകയും ചെയ്തു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇടി നല്കുന്ന അനുബന്ധ കുറ്റപത്രത്തില്‍ ശിവശങ്കര്‍ മൂന്നാം പ്രതിയാകും. സ്വപ്നയുടെ മൊഴി യുഎപിഎ കേസിലും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വഴിയൊരുക്കുമെന്നാണ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് കൂടാതെ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ ശിവശങ്കറിനുള്ള കൈക്കൂലിയായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. സ്വപ്നയെ ജയിലില്‍ രണ്ടാമതും ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകളില്‍ ശിവശങ്കറിന്റെ നേതൃപരമായ പങ്കാളിത്തം പുറത്തുവന്നത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകള്‍ അറിയാമെന്നതില്‍ കവിഞ്ഞ് കള്ളപ്പണം സ്വരൂപിക്കാനും അതു വെളുപ്പിക്കാനും ശിവശങ്കര്‍ കൂട്ടുനിന്നതായി ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചു.
യുണിടാക് ബില്‍ഡേഴ്സിന്റെ സന്തോഷ് ഈപ്പനുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളായ ലൈഫ് മിഷന്, കെ. ഫോണ്‍ എന്നിവയില്‍ യുണിടാക്കിനെ പങ്കാളിയാക്കാന്‍ ശിവശങ്കര്‍ താല്പ്പര്യപ്പെട്ടിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ സ്വപ്നക്ക് ശിവശങ്കര്‍ കൈമാറിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. കൈക്കൂലി ലക്ഷ്യംവെച്ചാണ് ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ടതടക്കമുള്ള നിര്‍ണായക രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത്. ലൈഫ് മിഷനിലെ 36 പ്രോജക്ടുകളില്‍ 26 എണ്ണവും നല്‍കിയത് രണ്ട് കമ്പനിക്കാണെന്നും ടെന്‍ഡര്‍ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിച്ചതിനെത്തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ആരോപിച്ചു.
സ്വപ്നക്കും ഖാലിദിനും പണം നല്‍കിയതായി ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറുമായി ഏറെ അടുപ്പമുള്ള ഏതാനും പേരുടെ വിവരങ്ങള്‍ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഡൗണ്‍ ടൗണ്‍ പ്രോജക്ടുമായി ബന്ധപ്പെട്ട ആളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് എന്ന നിലയില്‍ ശിവശങ്കറുടെ ഇടപെടലില്ലാതെ യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി 20 തവണയോളം സ്വര്‍ണം കടത്തിക്കൊണ്ടുവരാന്‍ പ്രതികള്‍ക്ക് കഴിയില്ലെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: