ന്യൂദല്‍ഹി: എക്സിറ്റ് പോളുകളെയും രാഷ്ട്രീയ പണ്ഡിതരുടെ കണക്കുകൂട്ടലുകളെയും പാടെ പൊളിച്ച് ബീഹാറില്‍ ഒരിക്കല്‍ കൂടി എന്‍ഡിഎ അധികാരത്തിലെത്തിയതിന്റെ ക്രെഡിറ്റ് സ്ത്രീകള്‍ക്ക്. മോദി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കടന്നെത്തിയ വീടുകളുടെ അകത്തളങ്ങളിലാണ് അക്ഷരാര്‍ഥത്തില്‍ വിപ്ലവം നടന്നത്.
മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളായ, പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും മുന്നേറാനും അവസരമൊരുക്കുന്ന ബേട്ടി പഠാവോ ബേട്ടി ബച്ചാവോ, സൗജന്യമായി ഗ്യാസ് കണക്ഷന് നല്കുന്ന ഉജ്വല പദ്ധതി, ഭവന നിര്‍മാണ പദ്ധതി, ജന്‍ധന്‍ യോജന, ഗര്‍ഭിണികള്‍ക്ക് വേണ്ടിയുള്ള സുരക്ഷിത് മാതൃത്വ അഭിയാന്, അഞ്ചു ലക്ഷം വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കുന്ന പ്രധാനമന്ത്രി ജനആരോഗ്യ യോജന തുടങ്ങിയവ ഗ്രാമങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരും സാധാരണക്കാരുമാണ് ഇവയുടെ പ്രധാന ഗുണഭോക്താക്കള്‍. ഇത്തരം അനവധി ക്ഷേമപദ്ധതികള്‍ കൊണ്ടുള്ള പ്രയോജനം ഏറെ ലഭിക്കുന്നതും കുടുംബങ്ങള്‍ക്ക് അവയുടെ പ്രയോജനം ലഭിക്കുന്നത് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതും വീടുകളിലെ സ്ത്രീകളാണ്. രാഷ്ട്രീയ എതിരാളികള്‍ എന്തൊക്കെ പ്രചാരണം അഴിച്ചുവിട്ടാലും അവയുടെ ഫലങ്ങള്‍ നേരിട്ട് ലഭിച്ചവര്‍ക്ക് അറിയാം. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ കടലാസിലല്ല വീടുകളിലേക്ക് കടന്നു ചെന്നുവെന്ന്.
സബ്സിഡിയും മറ്റാനുകൂല്യങ്ങളും അവരുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തി.അക്കൗണ്ടുകളില്ലാത്ത ജനകോടികളുടെ അക്കൗണ്ടുകളില്‍ അത്യാവശ്യങ്ങള്‍ക്ക് പണമായി. ഇത് അവരെ സാമ്പത്തികമായി ഭദ്രമാക്കി. എതിരാളികള്‍ എന്തു പറഞ്ഞാലും കാര്യമായ രാഷ്ട്രീയമില്ലാത്ത വീട്ടമ്മമാര്‍ മോദിയുടെ ബിജെപിക്കും എന്‍ഡിഎയ്ക്കും വോട്ടു കുത്തി.
കര്‍ഷകര്‍ക്ക് മൂന്നു ഗഡുക്കളായി ആറായിരം രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കിയത് കോടിക്കണക്കണിന് കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്. കൃഷിക്ക് പണമില്ലാതെ വിഷമിച്ചവര്‍ക്ക് ഇത് വലിയ ആശ്വാസമായിരുന്നു. കൊറോണക്കാലത്ത് വീട്ടമ്മമാരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് രണ്ടായിരം രൂപ വീതം മൂന്നു തവണ കേന്ദ്ര സര്‍ക്കാര്‍ ഇട്ടിരുന്നു. ഇതും അവര്‍ക്ക് താങ്ങായി. ഇങ്ങനെ മോദി സര്‍ക്കാരിന്റെ സകല ക്ഷേമപദ്ധതികളും അവര്‍ക്ക് ഗുണകരമായി. അങ്ങനെ സ്ത്രീകളുടെ വോട്ട് എന്‍ഡിഎയ്ക്ക് വലിയ തോതിലാണ് ലഭിച്ചത്.
മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ കൈക്കൊണ്ട ശക്തമായ നടപടി മുസ്ലിം സ്ത്രീകള്‍ക്ക് നല്കിയ ആത്മവിശ്വാസവും പിന്തുണയും ചെറുതല്ല. ഒരു കാര്യവുമില്ലാതെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലാനാവില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ ജയിലില്‍ പോകേണ്ടിവരുമെന്നും വന്നതോടെ മുസ്ലിം സ്ത്രീകളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമായി. അവരും എന്‍ഡിഎയ്ക്കാണ് വോട്ട് ചെയ്തതെന്ന് കരുതാം.
‘രാഷ്ട്രീയ ചാണക്യന്മാരെന്ന് സ്വയം അഭിമാനിച്ചു നടക്കുന്ന വിശകലന വിദഗ്ധര്‍ കാണാതെ പോയതും ഇതാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നപ്പോഴും ഈ ഘടകം ശക്തമായിരുന്നു.
മഹാസഖ്യം വന്നാല്‍ പണ്ടത്തെപ്പോലെ സംസ്ഥാനത്തെ ക്രമസമാധാനം ആകെ തകരുമെന്നും അവര്‍ ഭയപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ കാലത്ത് കാട്ടുഭരണമായിരുന്നു. അഴിമതിയും അക്രമവും ഏറ്റവും അധികം നടന്നിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ബീഹാര്‍. ഇത് ഓര്‍മ്മയിലുള്ള സ്ത്രീകള്‍ വീണ്ടും അത്തരമൊരു സാഹചര്യം തീരെ ആഗ്രഹിക്കുന്നില്ല. അതും എന്‍ഡിഎയ്ക്ക് തുണയായി.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ എത്തിയത് കോടികള്‍
ഏപ്രില്‍ മാസത്തില്‍ മോദി സര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി സ്ത്രീകള്‍ക്ക് നേരിട്ട് എത്തിച്ചത് 30,000 കോടി രൂപയാണ്. ഇതിനു പുറമേ കൊറോണക്കാലത്തെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ ഗ്യാസ് സൗജന്യമായി നല്കാന് 5000 കോടിയും മാറ്റിവച്ചു. ഇതു കൂടാതെ മാസം 500 രൂപ വച്ച് മൂന്നു മാസം അക്കൗണ്ടിലേക്ക് നി
ക്ഷേപിച്ചു. തൊഴിലുറപ്പ് കൂലി 182 രൂപയില്‍ നിന്ന് കേന്ദ്രം 202 രൂപയായി വര്‍ധിപ്പിച്ചു. 14 കോടിപ്പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മൂന്നു കോടി വിധവകള്‍ക്കും പാവപ്പെട്ട വൃദ്ധര്‍ക്കുമായി മാസം ആയിരം രൂപ വച്ച് വിതരണം ചെയ്തു. 8.7 കോടി കര്‍ഷകര്‍ക്കായി ഏപ്രിലില്‍ രണ്ടായിരം രൂപ വച്ച് അക്കൗണ്ടുകളില്‍ ഇട്ടു.
ബിജെപിക്ക് തുണയായി
ഇത്തരം കാര്യങ്ങള്‍ എന്‍ഡിഎയില്‍ തന്നെ ബിജെപിക്ക് വലിയ പിന്തുണയായി. 2015ലെ തെരഞ്ഞെടുപ്പില്‍ 53 സീറ്റുകള്‍ ലഭിച്ച ബിജെപിക്ക് ഇക്കുറി ലഭിച്ചത് 74 സീറ്റുകളാണ്. 21 സീറ്റുകളുടെ വര്‍ധന. സംസ്ഥാനത്തെ ഏറ്റവും
വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 75 സീറ്റുകള്‍ മാത്രമാണുള്ളത്. ഒരൊറ്റ സീറ്റിന്റെ വ്യത്യാസത്തിലാണ് ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം പോയത്. 110 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. ബിജെപിക്ക് 67 ശതമാനം സ്ട്രൈക്ക് റേറ്റ് അഥവാ പ്രഹരശേഷിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: