ന്യൂദല്‍ഹി: ബിഹാറിലെ എന്‍ഡിഎയുടെ വിജയത്തിനു പിന്നാലെ നടന്ന വിജയാഘോഷ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ബുധനാഴ്ച ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയോ, പാര്‍ട്ടിയുടെ പേരോ പരാമര്‍ശിക്കാതെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മോദി ആഞ്ഞടിച്ചത്. ബിജെപിയെ നേരിടാന്‍ കഴിയാത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മളോട് ജനാധിപത്യപരമായി എതിരിടാന്‍ കഴിയാത്തവര്‍, ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനായി ബിജെപി കാര്യകര്‍ത്താക്കളെ കൊലപ്പെടുത്താനുള്ള വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യും, പക്ഷേ കൊലപാതക നടനം ജനാധിപത്യത്തില്‍ തുടരാനാകില്ലെന്ന് വിനീതമായി അവരോട് പറയാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും ഇതുപോലെ തെരഞ്ഞെടുപ്പുകള്‍ വിജയിക്കാനാകില്ല. തങ്ങള്‍ ജനാധിപത്യത്തോട് പ്രതിബന്ധതയുള്ളവരാണെന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ബംഗാൡലുണ്ടായ നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരുടെ കൊലപാതങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേരത്തേ പലവട്ടം പറഞ്ഞിരുന്നു. അടുത്തിടെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം എടുത്തുകാട്ടുകയും മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: