മഹാാരാഷ്ട്രയുടെ ആത്മീയജ്ഞാന മാര്‍ഗത്തിലും നവോത്ഥാന സംരംഭങ്ങളിലും സംത് ജ്ഞാനേശ്വര്‍ വിസ്മയ പ്രതിഭയായി അടയാളപ്പെടുന്നു. അറിവിന്റെ അമരപ്രഭ വിടര്‍ത്തിയ ജ്ഞാനേശ്വരിയെന്ന ഗീതാഭാഷ്യം ഇന്നും അന്വേഷകന്റെ ആദിസ്രോതസ്സാണ്. 1290 ല്‍ തന്റെ പതിനാറാം വയസ്സിലാണ് മറാത്തിയില്‍ പ്രകൃഷ്ട ഗ്രന്ഥത്തിന്റെ രചന യോഗിവര്യന് നിര്‍വഹിക്കുന്നത്.
ഗീതാഹൃദയം കണ്ടെത്തിയ ജ്ഞാനേശ്വറിന്റെ അനശ്വരനായ പിന്‍ഗാമിയാണ് ഏക്നാഥ്. പതിനാലും പതിനഞ്ചും ശതകങ്ങളില്‍ മഹാരാഷ്ട്ര നേടിയ ഭക്തി ധാവള്യത്തിന്റെയും സംസ്കൃതി പ്രബുദ്ധതയുടെയും പ്രണേതാക്കളില്‍ പ്രമുഖ നാമധേയമാണത്.
ഉപനിഷത്തിന്റെ ദര്ശനവൈഭവവും ഇതിഹാസ സംഭൂതവുമായ ജ്ഞാനപ്രമാണവുമാണ് ഏക്നാഥിന്റെ ഗുരുസ്വരൂപം വരച്ചെടുക്കുക. വിജ്ഞാനമാര്ഗത്തിലെ ഗഹനമായ ആശയങ്ങളെ ലളിതമായി വ്യാഖ്യാനിക്കുകയും സാധാരണ മനുഷ്യന്റെ ആത്മീയ സന്ദേഹങ്ങള്‍ക്ക് പരിഹാരമേകുകയുമായിരുന്നു ആ ഗുരു പാഠങ്ങള്‍. വ്യാഖ്യാനങ്ങളായി പുറപ്പെട്ട കൃതികളാകട്ടെ മൂലരൂപങ്ങളെ സ്വയം നിര്‍ണയിച്ചും അപഗ്രഥിച്ചുമുള്ളതാണ്. ആത്മീയയുക്തിയുടെയും ഉള്‍ക്കാഴ്ചയുടെയും സൗമ്യപ്രകാശനങ്ങളായി അവ പ്രചാരം നേടി. യോഗാത്മകമായ ഗീതങ്ങളും അഭംഗുകളും ബോധസംഹിതയുടെ അവ്യാഖ്യേയമായ ആകാശങ്ങളാണ് തേടിയത്. ‘ഗൗലന്‍’ എന്ന പേരില്‍ പ്രചാരം നേടിയ നാടോടിഗാനങ്ങള് സാധാരണ മനുഷ്യന്റെ കാതും കരളും തുറപ്പിക്കുന്നതായിരുന്നു. അര്ധഗദ്യരൂപത്തില് ആ കാവ്യ ഹൃദയത്തില്‍ നിന്ന് പ്രവഹിച്ച ‘ ഭരുദു’കള്‍ ധര്മമാര്ഗത്തിന്റെ മഹാശയങ്ങളാണ്. ഏകനാഥിന്റെ ‘ആഖ്യാനു’കള്‍ ശ്രേഷ്ഠ േ്രശണിയില്‍ വിളികൊള്ളുകയായിരുന്നു.
ഭാഗവതത്തിന് മറാഠിയില്‍ ആദ്യമായി വ്യാഖ്യാനമേകുന്നത് ഏക്നാഥാണ്. കാശിവാസത്തിനിടയിലാണ് ഈ പ്രകൃഷ്ട ഗ്രന്ഥത്തിന്റെ പുറപ്പാട്. സംസ്കൃത കാവ്യങ്ങള്‍ക്ക് ഏറെ പ്രചാരമുണ്ടായിരുന്ന ആ കാലത്ത് മറാത്തി പരിഭാഷ ചിലരുടെ വിമര്‍ശനത്തിന് പാത്രമായെങ്കിലും സമൂഹം അത് നെഞ്ചേറ്റുകയായിരുന്നു. ഇതിഹാസ പുരാണങ്ങളിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ തെരഞ്ഞെടുത്ത് ആത്മാപഗ്രഥനത്തിന്റെയും ആത്മദര്‍ശനത്തിന്റെയും ചാരുതയും അഗാധതയും സമന്വയിപ്പിച്ച് പൊലിപ്പിക്കുന്ന ഉദാത്ത ശൈലീഗുണമുള്ള ഏറെ കൃതികള്‍ ഏക്നാഥിന്റേതായുണ്ട്. ‘രുക്മിണീ സ്വയംവര’വും ‘ഭാവാര്‍ഥ രാമായണ’വും വിശദമായി ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. ഉറന്നൊഴുകിയ ഭരുദുകളില് മുന്നൂറോളം ശേഖരിക്കാനായിട്ടുണ്ട്. ഗ്രാമീണ ഗാനരചനയിലൂടെ അദ്ദേഹം നാട്ടറിവിന്റെ അനുഭൂതി ലാവണ്യത്തെ തിരിച്ചറിയുകയായിരുന്നു. ജ്ഞാനേശ്വറിന്റെ ആത്മീയപ്രഭ കവനകാന്തി വളര്‍ത്തുന്ന ‘ജ്ഞാനേശ്വരി ‘ വീണ്ടെടുത്തതും സംവിധാന ശൈലിയില്‍ ഒരുക്കിയെടുത്തതും ഏക്നാഥാണ്. ജ്ഞാനേശ്വറിന്റെ അതീത ദര്‍ശന മാനങ്ങളിലൂടെയാണ് ഗുരു ഏക്നാഥിന്റെ കര്‍മസരണിയും വിവിധ സാമൂഹ്യ പരിഷ്ക്കരണവും ലക്ഷ്യം നേടിയത്.
ജാതി ചിന്തകള്‍ക്കപ്പുറം അടിയാള വര്‍ഗത്തിന്റെ വിമോചന സാഫല്യത്തിലായിരുന്നു മഹാഗുരുവിന്റെ ശ്രദ്ധ. ഏക്നാഥ്, ദാസോപന്ത്, രാം ജനാര്ദനന്, വിഠ രാജേന്ദ്രന് എന്നീ അഞ്ച് യോഗാത്മക പ്രതിഭകള്‍ ചേര്‍ന്ന കവികുലമാണ് ‘നാഥ് പഞ്ചായതന്‍’. ആത്മീയ പ്രകാശനത്തിലൂടെ ജനസംസ്കൃതിയുടെ ഉന്നമനം ലക്ഷ്യം വച്ച ഈ ആചാര്യന് ലൗകികാത്മീയതയുടെ സ്വരലയത്തിലൂടെയാണ് കര്‍മകാണ്ഡം രചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: