ന്യൂദല്‍ഹി: ചൈനയ്ക്കും പാകിസ്ഥാനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് (എസ്സിഒ) ഉച്ചകോടിയില്‍ പ്രസംഗിക്കവെയാണ് മോദി ഇരുരാജ്യങ്ങള്‍ക്കെതിരെയും രംഗത്തുവന്നത്. എല്ലാ അംഗരാജ്യങ്ങളും പരസ്പരം പ്രദേശിക സമഗ്രതയെ മാനിക്കണമെന്ന് അദേഹം പറഞ്ഞു. കശ്മീര്‍ വിഷയം വീണ്ടും ഉച്ചകോടിയില്‍ ഉന്നയിക്കാന്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നതിന് പിന്നാലെയാണ് മോദി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് മോദി വിമര്‍ശമുന്നയിച്ചത്.
ഷാങ്ഹായ് സഹകരണ സംഘടനാ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ശക്തമായ സാംസ്കാരികവും ചരിത്രപരവുമായ ബന്ധമുണ്ട്. പരസ്പരം ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് പരസ്പരം പരമാധികാരത്തെയും അതിര്‍ത്തിയുടെ സമഗ്രതയെയും ബഹുമാനിച്ച് നാം മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്ന് മോദി പറഞ്ഞു.
സംഘടനയുടെ ആദര്‍ശത്തെ ലംഘിക്കുന്ന തരത്തില്‍ എസ്സിഒയുടെ അജണ്ടയില്‍ ഉഭയകക്ഷി പ്രശ്നങ്ങള്‍ കൊണ്ടുവരാനുള്ള അനാവശ്യ ശ്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങളും സുരക്ഷാ ആശങ്കകളും കാരണം ഈ വര്‍ഷം എസ്സിഒ ഉച്ചകോടി വെര്‍ച്വല്‍ ആയാണ് നടക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പ്രതികൂല സാമ്പത്തിക ആഘാതവും വര്‍ദ്ധിച്ചു വരുന്ന ഭീകരവാദ ഭീഷണിയും ഉച്ചകോടിയിലെ വിഷയങ്ങളില്‍ ആധിപത്യം പുലര്‍ത്താന്‍ സാധ്യതയുണ്ട്.
സമാധാനത്തിലും സുരക്ഷയിലും വികസനത്തിലുമാണ് ഇന്ത്യ അടിയുറച്ച് വിശ്വസിക്കുന്നത്. ഭീകരവാദം, ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്കെതിരെ ഇന്ത്യ എക്കാലത്തും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എസ്സിഒ ചാര്‍ട്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ എക്കാലത്തും പ്രതിജ്ഞാബദ്ധമാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: