പാറ്റ്ന: വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പുറത്തു നിന്നുള്ള പാര്‍ട്ടികളുടെ പിന്തുണ ഇല്ലാതെ എന്‍ഡിഎ അധികാരത്തില്‍ എത്തുമെന്ന സൂചനയാണ് ബിഹാറില്‍ നിന്നു ലഭിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മുന്നേറുമെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും ആരാകും മുഖ്യമന്ത്രി എന്നതാണ് ഇപ്പോഴത്തെ സജീവ ചര്‍ച്ച. നീതീഷ് കുമാറിനെ മുഖ്യമന്ത്രിയായി കാട്ടിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ സമയത്ത് തന്നെ വ്യക്തമാക്കിയ കാര്യമാണ്, ബിജെപിക്കാണ് സീറ്റ് കൂടുതല്‍ എങ്കിലും നിതീഷ് ആകും എന്‍ഡിഎയുടെ മുഖ്യമന്ത്രി എന്നത്. വലിയ അട്ടിമറികള്‍ നടന്നില്ലെങ്കില്‍ അവസാനഫലത്തിനു ശേഷം സഖ്യമര്യാദയും വാക്കും പാലിച്ച് നിതീഷിനെ തന്നെ മുഖ്യമന്ത്രി ആക്കുമെന്ന് ബിജെപി വാഗ്ദാനം തന്നെ ബിഹാറില്‍ യാഥാര്‍ഥ്യമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും ബിജെപി തീരുമാനിക്കുമെങ്കിലും മുഖ്യമന്ത്രിയായി നിതീഷ് തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, എക്സിറ്റ് പോളുകളെ തള്ളി ബിഹാറില്‍ ബിജെപിയുടെ തേരോട്ടം തുടരുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 76 സീറ്റില്‍ മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബിജെപി തയാറെടുക്കുകയാണ്. സഖ്യകക്ഷിയായ ജെഡിയുവിന് 50 സീറ്റില്‍ ലീഡുണ്ട്. 133 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ മഹാസഖ്യം 99 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍.
കഴിഞ്ഞ നിയമസഭയില്‍ 54 സീറ്റുകളാണ് ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. എല്‍ജെപി 7 സീറ്റുകളിലും മുന്നിട്ട് നില്ക്കുന്നു.മറ്റുള്ളവര്‍ 14 സീറ്റുകളില്‍ മുന്നിലാണ്. തുടക്കത്തില്‍ മഹാസഖ്യം ലീഡ് നിലയില്‍ ശക്തമായി മുന്നേറിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നേറുകയായിരുന്നു.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ലീഡ് നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. നരേന്ദ്രമോദിയുടെ ഹനുമാന് എന്ന് സ്വയം വിശേഷിപ്പിച്ച എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും സംഘവും നാല് സീറ്റുകളില്‍ മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: