തിരുവല്ല: ആറായിരത്തിലേറെ കോടി രൂപയുടെ അനധികൃത വിദേശ സഹായം സംബന്ധിച്ച് വെട്ടിലായ ബിലീവേഴ്സ് ചര്‍ച്ച് മേധാവി കെ.പി. യോഹന്നാന് നടപടികളില്‍ നിന്ന് രക്ഷപെടാന്‍ കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്കി. സുവിശേഷ, സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി തങ്ങള്‍ നല്കിയ കോടികള്‍ യോഹന്നാന് ദുരുപയോഗം ചെയ്തെന്ന് കാണിച്ച് അമേരിക്കയിലെയും കാനഡയിലെയും ചിലര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ജൂണിലാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയും യോഹന്നാനും പാപ്പര്‍ ഹര്‍ജി നല്‍കിയത്.
അതിനിടെ വിദേശത്തുളള കെ.പി. യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. കാനഡയിലെ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ക്ക് ഏറ്റവും കൂടുതല്‍ പണമെത്തിയത്. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കോടതി ഉത്തരവ് പ്രകാരം ഇടപാടുകള്‍ സംബന്ധിച്ച് കനേഡിയന്‍ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പുറമേ കേന്ദ്ര ഏജന്‍സികളുടെ ശക്തമായ നടപടികള്‍ കൂടി ഭയന്നാണ് അന്ന് ഹര്‍ജി നല്‍കിയത്. അവിടെയുള്ള സ്വത്തുക്കളും ബിനാമികളുടെ പേരിലേക്ക് മാറ്റി.
ബിലീവേഴ്സ് ചര്‍ച്ച് വിദേശത്തു നിന്ന് ഇന്ത്യയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ പിരിക്കുന്ന പണം കച്ചവട താത്പര്യത്തോടെ ഉപയോഗിക്കുന്നുവെന്നാണ് ചില അക്കൗണ്ടുടമകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയത്. തങ്ങള്‍ നല്കിയ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടും ഇവര്‍ കനേഡിയന്‍ കോടതിയേയും സമീപ്പിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ബിലീവേഴ്സിനെതിരായ അന്വേഷണം ആദയനികുതി വകുപ്പ് ഉള്‍പ്പെടെ ആരംഭിച്ചത്. കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്സിന്റെ ഉത്തരവ് പ്രകാരം നാലു ദിവസമായി നടത്തിവന്ന പരിശോധന പൂര്‍ത്തിയായി. വിശ്വാസികളെന്ന പേരില്‍, ബിനാമികളുടെ അക്കൗണ്ടു വഴിയാണ് 6000 കോടി ഇന്ത്യയില്‍ എത്തിച്ചത്. പരിശോധനയില്‍ ഇതു സംബന്ധിച്ച് മുഴുവന്‍ രേഖകളും കണ്ടെടുത്തു. മൂന്ന് ദിവസമായുള്ള റെയ്ഡില്‍ പിടിച്ചെടുത്ത 13.5 കോടിയില്‍ ഏഴ് കോടി ബിലീവേഴ്സ് ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് കണ്ടെത്തിയത്. അനധികൃത ഇടപാടുകളെത്തുടര്‍ന്ന് ബിലീവേഴ്സിന്റെ എഫ്സിആര്‍ഐ രജിസ്ട്രേഷന് കേന്ദ്രം 2016ല്‍ റദ്ദാക്കിയിരുന്നു.
2012ല്‍ കെ.പി. യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പക്ഷെ എങ്ങുമെത്തിയില്ല. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപയാണ് ബിലീവേഴ്സ് ചര്‍ച്ചിന് ലഭിച്ചത്. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: